സംസ്ഥാനത്ത് മഴ ശക്തമായതോടെ പകര്‍ച്ചവ്യാധികളും സജീവം. മഴക്കാല പൂര്‍വ്വ ശുചീകരണത്തിലടക്കം ഉണ്ടായ വീഴ്ചയ്ക്ക് കേരളം വലിയ നല്‍കേണ്ടി വരുമെന്നാണ് ജൂണ്‍ മാസത്തിലെ ആദ്യ പത്ത് ദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വേനല്‍ മഴയ്ക്ക് പിന്നാലെ കാലവര്‍ഷം കൂടി എത്തിയതോടെ രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. വൈറല്‍ പനി, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവയെല്ലാം പടരുന്നുണ്ട്.
ഡെങ്കി കണക്കുകള്‍ ഞെട്ടിക്കുന്നത്
സംസ്ഥാനത്ത് ജൂണ്‍ 11 വരെയുള്ള കണക്കനുസരിച്ച് 572 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കാണ്. 1889 പേര്‍ ഡെങ്കി സംശയിക്കുന്നവരുടെ പട്ടികയിലുമുണ്ട്. ഒരു മരണവും ഡെങ്കി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്ക ഉയര്‍ത്തുന്നതാണ് ഈ കണക്കുകള്‍. ഇന്നലെ മാത്രം 35 പേര്‍ക്ക് ഡെങ്കി കണ്ടെത്തി. 178 പേര്‍ ഡെങ്കി സംശയിച്ച് ചികിത്സ തേടുകയും ചെയ്തു. തൃശൂര്‍, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഡെങ്കി കേസുകള്‍ കൂടുന്നത്. മെയ് മാസത്തില്‍ 1150 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇന്നലെ വരെ 6320 ഡെങ്കി കേസുകളും 19 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എലിപ്പനി അപകടകാരി
മരണ നിരക്ക് കൂടുതലാണ് എന്നതാണ് എലിപ്പനിയെ അപകടകാരിയാക്കുന്നത്. പത്ത് ദിവസത്തിനിടെ 7 മരണങ്ങള്‍ കേരളത്തില്‍ എലിപ്പനി മൂലം സംഭവിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം മാത്രം 50 മരണവും നടന്നു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത പകര്‍ച്ചവ്യാധിയും എലിപ്പനി തന്നെയാണ്. എലിപ്പനി ബാധിച്ചവരുടെ കണക്കും ആശങ്കപ്പെടുത്തുകയാണ്. ജൂണ്‍ മാസത്തില്‍ മാത്രം 78പേര്‍ക്ക് എലിപ്പനി റിപ്പോര്‍ട്ടു ചെയ്തു. 79പേര്‍ക്ക് രോഗം സംശയിക്കുന്നുമുണ്ട്. മെയ് മാസത്തില്‍ 192പേര്‍ക്ക് എലിപ്പനി ബാധിച്ചു. എന്നാല്‍ ഈ മാസത്തില്‍ ആദ്യ പത്ത് ദിവസം കൊണ്ട് തന്നെ കണക്കില്‍ ഇത്രയും വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.
എലി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പര്‍ക്കമാണ് എലിപ്പനിക്ക് കാരണമാകുന്നത്. അതിനാല്‍ മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവര്‍ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുന്‍കരുതലുകളെടുക്കണം. മലിനജലത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സിസൈക്ലിന്‍ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.
പകര്‍ച്ചപ്പനിയിലും കേരളം വിറങ്ങലിക്കുന്നു
എഴുപതിനായിരം പേര്‍ക്ക് പത്ത് ദിവസത്തിനിടെ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളുടെ കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഇരട്ടിയിലധികമാകും. പനിയില്‍ വിറങ്ങലിക്കുകയാണ് കേരളം എന്നത് തന്നെയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 8780 പേര്‍ സര്‍ക്കാര്‍ ഒപികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികളുടെ വ്യാപനം വര്‍ദ്ധിപ്പിക്കുകയാണ്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും എന്ന മുന്നറിയിപ്പ് മാത്രമാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് കാര്യമായി നടത്തുന്ന പ്രവര്‍ത്തനം. ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ഗുനിയ മുതലായ കൊതുക്ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം.