നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നത് മാനസികാരോഗ്യത്തെ ബാധിക്കാം. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. മാനസികാരോഗ്യത്തിനായി ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
.
ഒരു നേരത്തെ ഭക്ഷണം പോലും മുടക്കരുത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക. ഇവയൊക്കെ മനസ്സിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ദിവസവും രണ്ട് ലിറ്റര്‍ വെള്ളം എങ്കിലും കുടിക്കാന്‍ ശ്രമിക്കുക.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മനസ്സിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ പാല്‍, മുട്ട തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് വയറിലും കുടലിലുമാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. വയറിന്റെ ആരോഗ്യം നല്ല രീതിയില്‍ ആയാല്‍ ആകെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പറയാറ്. അതിനാല്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും മറക്കരുത്. പഴങ്ങള്‍, പച്ചക്കറികള്‍, തൈര്, പനീര്‍, നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയൊക്കെ കഴിക്കാവുന്നതാണ്.
കഫൈന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരാമവധി ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്. പ്രത്യേകിച്ച് രാത്രികളില്‍ ഇവ കുടിക്കുന്നത് ഉറക്കം കുറയാന്‍ കാരണമാകാം. അതിനാല്‍ ചായ, കോഫി തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് മോശമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അത് മനസ്സിന്റെ ആരോഗ്യത്തെയും ബാധിക്കാം. അമിതമായ തോതിലുള്ള കൊഴുപ്പ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. അതിനാല്‍ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലീവ് ഓയില്‍, ബദാം, അവക്കാഡോ, പാല്‍, മുട്ട എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.