തലച്ചോറിന്റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയോ അല്ലെങ്കില്‍ രക്തക്കുഴലുകള്‍ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയിലാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ചിലരില്‍ ഇത് ജീവന് വെല്ലുവിളിയാകാതെ നേരിയ രീതിയില്‍ കടന്നുപോകുമെങ്കില്‍ മറ്റ് ചിലരില്‍ ഏറെ പ്രയാസമുണ്ടാക്കുന്ന വിധമാകാം ഇതുണ്ടാകുന്നത്
നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. സീസണലായി വരുന്ന പനി, തുമ്മല്‍ പോലുള്ള രോഗങ്ങള്‍, അലര്‍ജി, ശരീരവേദന, വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ വരാറുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്. എന്നാല്‍ ഇങ്ങനെ വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും ഗുരുതരമായ ചില അസുഖങ്ങളിലേക്കുള്ള സൂചനകളുണ്ടാകാം. പലപ്പോഴും ഇവ നാം സമയത്തിന് തിരിച്ചറിയുകയോ ചികിത്സ തേടുകയോ ചെയ്‌തേക്കില്ല.
ഇത്തരത്തില്‍ നിസാരവത്കരിക്കാന്‍ സാധ്യതയുള്ളതും എന്നാല്‍ ഗൗരവതരമായ അസുഖത്തിന്റെ സൂചനയായി വരുന്നതുമായ ഒരു പ്രശ്‌നമാണ് തലകറക്കവും ഇതിനെ തുടര്‍ന്നുള്ള വീഴ്ചയും. ‘വെര്‍ട്ടിഗോ’ എന്ന് വിളിക്കപ്പെടുന്ന തരത്തിലുള്ള തലകറക്കമാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്.
ഭാവിയില്‍ പക്ഷാഘാതം അഥവാ സ്‌ട്രോക്ക് വരുന്നതിലേക്കുള്ള സൂചനയായി ഇങ്ങനെ സംഭവിക്കാം.സ്‌ട്രോക്കിനെ കുറിച്ച് മിക്കവര്‍ക്കും അറിവുണ്ടായിരിക്കും. വളരെ ഗൗരവമുള്ള- മരണത്തിലേക്ക് വരെ നമ്മെയെത്തിക്കാന്‍ കഴിയുന്ന പ്രശ്‌നമാണ് സ്‌ട്രോക്ക്.
തലച്ചോറിന്റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയോ അല്ലെങ്കില്‍ രക്തക്കുഴലുകള്‍ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയിലാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ചിലരില്‍ ഇത് ജീവന് വെല്ലുവിളിയാകാതെ നേരിയ രീതിയില്‍ കടന്നുപോകുമെങ്കില്‍ മറ്റ് ചിലരില്‍ ഏറെ പ്രയാസമുണ്ടാക്കുന്ന വിധമാകാം ഇതുണ്ടാകുന്നത്. ഒരുപക്ഷെ ജീവന്‍ തന്നെ നഷ്ടമാവുകയും ചെയ്യാം. ദിനംപ്രതി എത്രയോ പേരാണ് ഇത്തരത്തില്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് മരിക്കുന്നതും.
സ്‌ട്രോക്കിലേക്ക് പോകുന്നൊരു വ്യക്തിയില്‍ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. അല്ലെങ്കില്‍ ശ്രദ്ധയില്‍ വരുംവിധത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ തലകറക്കം (വെര്‍ട്ടിഗോ), ഇതിനെ തുടര്‍ന്നുള്ള വീഴ്ച, തളര്‍ച്ച എന്നിവയെല്ലാം സ്‌ട്രോക്കിന് മുന്നോടിയായി വരാം. ഇവ തന്നെ സ്‌ട്രോക്കിന് ശേഷവും രോഗിയില്‍ കാണാം.
സ്‌ട്രോക്ക് സംഭവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പോ, ആഴ്ചകള്‍ക്ക് മുമ്പോ എല്ലാം ഈ സൂചനകള്‍ വരാം. ഈ ഘട്ടത്തില്‍ തന്നെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ ബ്ലോക്ക് കണ്ടെത്താന്‍ സാധിച്ചാല്‍ ഗുരുതരമായ സാഹചര്യങ്ങളൊഴിവാക്കാന്‍ കഴിഞ്ഞേക്കാം.
ഇരുകൈകളിലും തളര്‍ച്ച, ശരീരത്തിന്റെ താഴെ ഒരു ഭാഗത്ത് (കാലുകളും പാദങ്ങളും അടക്കം) തളര്‍ച്ച, സംസാരിക്കുമ്പോള്‍ വാക്കുകള്‍ വ്യക്തമാകാത്ത അവസ്ഥ, മറന്നുപോകുന്ന സാഹചര്യം, പെട്ടെന്നുണ്ടാകുന്ന തീവ്രതയേറിയ തലവേദന, കാഴ്ച മങ്ങല്‍, ഓര്‍മ്മശക്തി കുറയല്‍ എന്നിവയെല്ലാം സ്‌ട്രോക്കിന്റെ ലക്ഷണങ്ങളായി വരാറുണ്ട്.