ഇന്ന് അന്താരാഷ്ട്ര ചൈൽഡ്ഹുഡ് ക്യാൻസർ ദിനം (ICCD). ബാല്യകാല അർബുദത്തെക്കുറിച്ചും അതിന്‍റെ വെല്ലുവിളികളെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 15 ന് അന്താരാഷ്ട്ര ചൈൽഡ്ഹുഡ് ക്യാൻസർ ദിനമായി ആചരിക്കുന്നത്.
ചൈൽഡ്ഹുഡ് ക്യാൻസർ എന്നത് 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉണ്ടാകുന്ന അർബുദമാണ്. മുതിർന്നവരിൽ സാധാരണയായി കാണുന്ന ക്യാൻസറുകളിൽ നിന്ന് ഇത് വ്യത്യസ്തമാണ്. മുതിർന്നവരുടെ ക്യാൻസറുകളെ അപേക്ഷിച്ച് കുട്ടിക്കാലത്തെ ക്യാൻസർ അപൂർവ്വമായി തുടരുമ്പോൾ, എണ്ണം ക്രമാനുഗതമായി വളരുകയാണ്.
കുട്ടികളില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാൻസറുകളാമ് രക്താർബുദം, മസ്തിഷ്ക അർബുദം, ലിംഫോമകൾ, ന്യൂറോബ്ലാസ്റ്റോമ, വില്‍ംസ് ട്യൂമർ, ബോണ്‍ ട്യൂമര്‍ തുടങ്ങിയവ. കുട്ടികളിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ശരീരഭാരം കുറയുക
കുട്ടിയുടെ ശരീരഭാരം പെട്ടെന്ന് കുറയുക. അകാരണമായി വണ്ണം കുറയുന്നത് ക്യാൻസറിന്‍റെ ലക്ഷണമാകാം. ശരീരഭാരം കുറയുന്നത് തുടർച്ചയായി സംഭവിക്കുകയാണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം.
2. സന്ധിവേദന, എല്ലുകള്‍ക്ക് വേദന
കുട്ടിക്ക് സന്ധികളിലും കാലുകളിലും വീക്കമോ കഠിനമായ വേദനയോ, എല്ലുകള്‍ക്ക് വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക.
3. അമിത ക്ഷീണവും തളര്‍ച്ചയും
കുട്ടികളില്‍ എപ്പോഴും അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതും നിസാരമായി കാണേണ്ട.
4. തലവേദന
കുട്ടിയ്ക്ക് എപ്പോഴും തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണം. ബ്രെയിൻ ട്യൂമർ ഉള്ള പല കുട്ടികളും രോഗനിർണയത്തിന് മുമ്പ് തലവേദന അനുഭവപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
5. വയറിലെ വീക്കം
വയറിലെ വീക്കം, കഴുത്തിലെ വീക്കം, നീര്, തടിപ്പ് തുടങ്ങിയവയെ ഒന്നും നിസാരമായി കാണേണ്ട.
6. പനിയും മറ്റ് അണുബാധകളും
കുട്ടിക്ക് തുടർച്ചയായി പനി പിടിക്കുകയോ ഒരാഴ്ചയിൽ കൂടുതൽ ഇത് തുടരുകയോ എപ്പോഴും അണുബാധകളും ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക.