സാധാരണയായി കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്ക വീക്കം. അമ്മമാരില്‍ നടത്തുന്ന Anomaly Scanല്‍ വൃക്ക വീക്കം / Hydronephrosis എന്ന അവസ്ഥയുടെ നിര്‍ണ്ണയം സാദ്ധ്യമാണ്.
എന്താണ് Hydronephrosis?
മൂത്രനാളിയിലെ (Ureter) തടസം കാരണം വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് Hydronephrosis. മറ്റു കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകുന്നു. ഗര്‍ഭാവസ്ഥയില്‍ അഞ്ചുമാസത്തിന് ശേഷമുള്ള എല്ലാ സ്‌കാനിംഗിലും Hydronephrosis കണ്ടുപിടിക്കാന്‍ സാധിക്കുന്നു. ഈ ഒരു അവസ്ഥ ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. ജനന ശേഷം നടത്തുന്ന തുടര്‍ച്ചയായ സ്‌കാനുകളില്‍ 90% കുഞ്ഞുങ്ങളിലും വീക്കം മാറുന്നതായി കാണുന്നു. ബാക്കി 10% കുഞ്ഞുങ്ങള്‍ക്കാണ് ശസ്ത്രക്രിയ പോലുള്ള ചികിത്സാ രീതികള്‍ വേണ്ടി വരുന്നത്.
ജനിച്ച് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍, 1 മാസം കഴിഞ്ഞ്, 3 മാസം ആകുമ്പോള്‍, തുടര്‍ന്ന് 3 മാസത്തെ ഇടവേളകളില്‍, അങ്ങനെ 1 വയസ്സ് വരെ സ്‌കാനിംഗ് തുടരേണ്ടതാണ്. പിന്നീട് സ്‌കാനിംഗില്‍ കാണുന്ന വലിപ്പം അനുസരിച്ച് 6 മാസം, 1 വര്‍ഷം കാലയളവുകളില്‍ സ്‌കാന്‍ ചെയ്ത് വൃക്കകളുടെ വലിപ്പം നിരീക്ഷിക്കേണ്ടതാണ്. സാധാരണയായി കുഞ്ഞുങ്ങള്‍ വളരുന്നത് അനുസരിച്ച് ഈ അവസ്ഥ മാറുന്നു. എന്നാല്‍ 10% കുഞ്ഞുങ്ങളില്‍ ഇത് മാറാതെ നില്‍ക്കുകയും ശസ്ത്രക്രിയ ചെയ്യേണ്ടതായും വന്നേക്കാം. വൃക്കയില്‍ നിന്ന് താഴേക്ക് പോകുന്ന മൂത്രനാളില്‍ ജന്മനായുള്ള തടസ്സം / ചുരുക്കം മൂലമാണ് Hydronephrosis ഉണ്ടാകുന്നതെങ്കില്‍ (Pelviureteric Junction Obstruction – PUJO) ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.
ചികിത്സിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?
വൃക്കകളില്‍ മൂത്രം കെട്ടി നില്‍ക്കുമ്പോള്‍ ഒരു പരിധി വരെ അവിടത്തെ ടിഷ്യുകള്‍ക്ക് elasticity ഉണ്ടാകും. പിന്നീട് അളവ് കൂടുമ്പോള്‍ അവയ്ക്ക് പിടിച്ചു നിര്‍ത്താന്‍ പറ്റില്ല. അത്തരത്തില്‍ വൃക്കകളിലെ സമ്മര്‍ദ്ദം കൂടി Parenchyma കോശങ്ങളെ ബാധിക്കുകയും വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. ഇന്നത്തെ കാലത്താണ് ഈ അവസ്ഥ ഗര്‍ഭാവസ്ഥയില്‍ കണ്ടെത്താന്‍ സാധിക്കുന്നത്. എന്നാല്‍ പണ്ടുകാലത്ത് കുഞ്ഞുങ്ങളില്‍ മൂത്ര തടസ്സം ഉണ്ടായി വൃക്ക തകരാറില്‍ ആവുകയോ, മൂത്രക്കല്ല് ഉണ്ടായി അണുബാധയിലേക്ക് നയിക്കുമ്പോഴോ ഒക്കെയാണ് ഈ അവസ്ഥ തിരിച്ചറിയാന്‍ സാധിക്കുന്നത്. ആ സമയത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നു. എന്നാല്‍ ഇന്ന്, ആരോഗ്യപരിപാലന രംഗത്തെ പുരോഗതി മൂലം നേരത്തെ രോഗനിര്‍ണ്ണയം സാധിക്കുകയും അതുവഴി കൃത്യമായി ചികിത്സ കൃത്യ സമയത്ത് നല്‍കാനും പറ്റുന്നു.
ഏതെങ്കിലും ഒരു ഘട്ടത്തില്‍ വലിപ്പം പെട്ടെന്ന് കൂടുകയോ, കുഞ്ഞിന് വയറുവേദനയോ മറ്റോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ചികിത്സിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ അള്‍ട്രാസൗണ്ട് സ്‌കാനിന് ശേഷം ന്യൂക്ലിയര്‍ സ്‌കാന്‍ ചെയ്ത് തടസ്സത്തിന്റെ തോത് മനസ്സിലാക്കി അത് മൂലം വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തിയിട്ടാണ് ശസ്ത്രക്രിയയുടെ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുന്നത്. Pyeloplasty എന്ന ശസ്ത്രക്രിയയാണ് ഇതിനായി ചെയ്യുന്നത്. ഈ ശസ്ത്രക്രിയ താക്കോല്‍ ദ്വാരമായോ റോബോട്ടിക്‌സ് വഴിയോ ചെയ്യാവുന്നതാണ്.
കുഞ്ഞിന്റെ വയറിന്റെ ഒരു ഭാഗത്ത് മുറിവുണ്ടാക്കി, തുറന്നുള്ള ശസ്ത്രക്രിയയാണ് സാധാരണയായി ചെയ്യുന്നത്. കുഞ്ഞ് വളരുന്നതനുസരിച്ച് ഈ മുറിവിന്റെ പാട് കുറയുന്നു. പാട് കുറയ്ക്കുന്നതിനു വേണ്ടിയാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയാ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. കുഞ്ഞിന്റെ വലിപ്പവും വൃക്ക വീക്കത്തിന്റെ തോതും അനുസരിച്ചാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയ സാദ്ധ്യമാണോ എന്ന് വിലയിരുത്തുന്നത്. മൂത്ര തടസ്സം നേരിടുന്ന ഭാഗം നീക്കം ചെയ്ത് ബാക്കി ഭാഗം കൂട്ടിയോജിപ്പിച്ച ശേഷം ഒരു Stent ഇടുകയും, പിന്നീട് ഒരു മാസത്തിനുശേഷം ഈ Stent നീക്കം ചെയ്യുകയും തുടര്‍ന്നുള്ള ചികിത്സ നല്‍കുകയും ചെയ്യുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം 1 – 3 മാസത്തിനുശേഷം വൃക്ക വീക്കം കുറഞ്ഞോ എന്നത് സ്‌കാനിംഗിലൂടെ പരിശോധിക്കണം. അതുപോലെതന്നെ വൃക്കയുടെ പ്രവര്‍ത്തനം നടത്തുന്ന ഭാഗത്ത് മുമ്പ് കട്ടി കുറഞ്ഞിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അത് കട്ടി കൂടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വര്‍ഷം തുടര്‍ച്ചയായ ഇടവേളകളില്‍ ഡോക്ടറെ കാണേണ്ടതാണ്. പിന്നീട് ന്യൂക്ലിയര്‍ സ്‌കാന്‍ ചെയ്തതിന് ശേഷം വൃക്ക വീക്കം കുറഞ്ഞെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
ചില കുഞ്ഞുങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും വൃക്കകളുടെ വലിപ്പം കൂടിയതായി കണ്ടുവരാറുണ്ട്. ആദ്യം വീക്കം വന്നതിനാല്‍ വൃക്കകളുടെ elasticity നഷ്ടമായതു കൊണ്ടാണ് വീക്കം ഉള്ളതായി കാണുന്നത്. മൂത്ര തടസ്സത്തിന്റെ ലക്ഷണം ഒന്നും തന്നെ ഇല്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. ഈ സാഹചര്യത്തില്‍ വീണ്ടും ശസ്ത്രക്രിയയുടെ ആവശ്യമില്ല. 95% വിജയ സാദ്ധ്യതയുള്ള ഒരു ശാസ്ത്രക്രിയയാണ് Pyeloplasty.
ശസ്ത്രക്രിയ ചെയ്യേണ്ടതെപ്പോള്‍
നവജാത ശിശുക്കളില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ വൃക്കയുടെ വലിപ്പം വളരെ കൂടുതലായി കാണുകയാണെങ്കില്‍ ബാക്കി പരിശോധനകള്‍ക്ക് ശേഷം മൂത്ര തടസ്സം നേരിടുന്നു എന്ന് മനസ്സിലാക്കിയാല്‍ ഉടനെ തന്നെ ശസ്ത്രക്രിയ ചെയ്യേണ്ടതാണ്. സാധാരണയായി ടെസ്റ്റുകള്‍ എല്ലാം ചെയ്തതിനു ശേഷം ബ്ലോക്ക് ഉണ്ടെന്ന് തീര്‍ച്ചപ്പെടുത്തുന്ന സാഹചര്യത്തിലാണ് Pyeloplasty ചെയ്യേണ്ടത്. ഡോക്ടര്‍ പരിശോധിച്ച ശേഷം കുഞ്ഞിന്റെ ഈ അവസ്ഥ ഭേദമാകാന്‍ കഴിയുന്ന തരത്തില്‍ അനുയോജ്യമായ സമയമാണ് ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി അറിയുന്നതിനുള്ള സ്‌കാനുകള്‍ ചെയ്യേണ്ടത് അനിവാര്യമാണെന്ന് മനസ്സിലാക്കുക.