in

തൊണ്ടവേദന നിസാരമാക്കണ്ട

Share this story

നിസ്സാരമെങ്കിലും ഒരു വ്യക്തിയെ ഇടക്കിടെ പിടികൂടുന്ന രോഗമാണ് തൊണ്ടവേദന. മഴക്കാലത്തും വരണ്ട കാലാവസ്ഥയിലും ജലദോഷത്തോടൊപ്പമോ അല്ലാതെയോ തൊണ്ടവേദന പ്രത്യക്ഷപ്പെടാറുണ്ട്. തൊണ്ടയിലെ അണുബാധയാണ് രോഗത്തിന് പ്രധാനകാരണം. പലപ്പോഴും വൈറസും പിന്നീട് ബാക്ടീരിയകളുമാണ് രോഗകാരണമാവുന്നത്. ചിലപ്പോള്‍ ഫംഗസ് ബാധയും രോഗകാരണമാകാറുണ്ട്. ടോണ്‍സില്‍ ഗ്രന്ഥികളില്‍ അണുബാധയുണ്ടാകുമ്പോഴും  തൊണ്ടയില്‍ അള്‍സര്‍ രൂപപ്പെടുമ്പോഴും തൊണ്ടവേദനയുണ്ടാകാറുണ്ട്.

അലര്‍ജിയാണ് രോഗത്തിന് മറ്റൊരു കാരണം. ഡിഫ്ത്തീരിയ അഥവാ തൊണ്ടമുള്ള് എന്ന അസുഖത്തിനും തൊണ്ടവേദനയുണ്ടാകും. പ്രതിരോധകുത്തിവെപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഈ രോഗം വലിയ അളവില്‍തന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.തണുത്ത കാലാവസ്ഥയില്‍ രോഗാണുക്കള്‍ ക്രമാതീതമായി പെരുകുന്നതാണ് മഴക്കാലത്തും മഞ്ഞുകാലത്തും ഈ രോഗം കൂടുതല്‍ കാണപ്പെടാനുളള ഒരു കാരണം. ജലദോഷത്തോടൊപ്പം മൂക്കടപ്പുമുണ്ടാകുന്നതിനാല്‍ ഉറങ്ങുന്നസമയത്ത് വായിലൂടെ ശ്വസിക്കുകയും അതുമൂലം വായക്കകത്ത് വരള്‍ച്ചയുണ്ടാകുകയും ചെയ്യുന്നു.

ഇതും രോഗാണുബാധക്ക് ഒരു കാരണമാണ്. അലര്‍ജിയുള്ളവരില്‍ ഭക്ഷണമോ തണുത്തവെള്ളമോ അലര്‍ജിക്ക് കാരണമാവാം. ഇതുമൂലം തൊണ്ടയില്‍ കഫം ഉല്‍പാദിപ്പിക്കപ്പെടും. ഈ അവസ്ഥയിലും രോഗാണുക്കള്‍ പെരുകും. അലര്‍ജിയുള്ളവരില്‍ തൊണ്ടവേദന തുടര്‍ച്ചയായി വരാനുള്ള സാധ്യത കൂടുതലാണ്. അലര്‍ജിയുള്ള വസ്തുക്കള്‍ ഒഴിവാക്കുകയാണ് രോഗം തടയാനുള്ള എളുപ്പമാര്‍ഗം. ഐസ്ക്രീമോ തണുത്ത പാനീയങ്ങളോ ഇക്കൂട്ടരില്‍ തൊണ്ടചൊറിച്ചിലും തുടര്‍ന്ന് തൊണ്ടവേദനയും സൃഷ്ടിക്കാറുണ്ട്.തൊണ്ടവേദനയോടൊപ്പം പനി, കഴുത്തില്‍ വേദനയോടുകൂടിയ കഴല എന്നിവയും സാധാരണമാണ്.

ഉമിനീരിറക്കാനും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുമാണ് മറ്റൊരു പ്രശ്നം.അള്‍സര്‍മൂലമുണ്ടാകുന്ന തൊണ്ടവേദനയോടൊപ്പം ചെവിവേദനയും കണ്ടുവരാറുണ്ട്. തൊണ്ടവേദന ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയോ തൊണ്ടയില്‍ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്. സാധാരണ തൊണ്ടവേദന ഒന്നോ രണ്ടോ ദിവസം വേദനസംഹാരികള്‍ കഴിക്കുകയും തുടര്‍ച്ചയായി ഉപ്പുവെള്ളംകൊണ്ട് തൊണ്ടകഴുകുകയും ചെയ്യുമ്പോള്‍ കുറയാറുണ്ട്. കുറയാത്തപക്ഷം ആന്‍റി ബയോട്ടിക്കുകള്‍ ആവശ്യമായി വരും.

അതേസമയം, ടോണ്‍സിലുകളിലുണ്ടാകുന്ന അണുബാധ തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ അവ നീക്കം ചെയ്യേണ്ടതായി വരും. ടോണ്‍സില്‍ ഗ്രന്ഥികള ല്‍ ഒരിക്കല്‍ പഴുപ്പുവന്നാല്‍ അത് പൂര്‍ണമായി ചികില്‍സിച്ചു മാറ്റാത്തപക്ഷം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒരു പങ്കുവഹിക്കുന്ന ടോണ്‍സിലുകള്‍ ചില ഘട്ടങ്ങളില്‍ ശസ്ത്രക്രിയ നടത്തി എടുത്തുകളയേണ്ടി വരും. വര്‍ഷത്തില്‍ അഞ്ചുതവണയിലധികം ടോണ്‍സിലൈറ്റിസ് ഉണ്ടായാല്‍ ഇവ നീക്കംചെയ്യുകയാണ് പതിവ്.

ചിലരില്‍ ആറുമാസം തുടര്‍ച്ചയായി പെന്‍സിലില്‍ ഗുളികകള്‍ നല്‍കിയാല്‍ ടോണ്‍സിലൈറ്റിസ് നിയന്ത്രിക്കാന്‍ കഴിയും.  മുതിര്‍ന്നവരില്‍ രോഗം പൂര്‍ണമായി മറാന്‍ ടോണ്‍സിലുകള്‍  നീക്കം ചെയ്യേണ്ടിവരാറുണ്ട്. അര്‍ബുദരോഗ ബാധയുടെ ഭാഗമായി അപൂര്‍വം ചിലര്‍ക്ക് മാത്രമേ തൊണ്ടവേദന കാണാറുള്ളു. ഇത്തരം കേസുകളില്‍ ഉമിനീരിറക്കാനുള്ള പ്രയാസത്തിനു പകരം ഖരഭക്ഷണം ഇറങ്ങാനുള്ള തടസ്സമാണ് കണ്ടുവരുക. ഇത്തരം രോഗികളുടെ കഴുത്തില്‍ വേദനയില്ലാത്ത കഴലയും ശബ്ദത്തിന് സ്വരവ്യത്യാസവുമുണ്ടാകും. മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കണ്ടാലും ഉടന്‍തന്നെ ചികില്‍സ തേടേണ്ടതാണ്.

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി