പ്രതിരോധ സംവിധാനം ശരിയായ രീതിയില്‍ വികാസം പ്രാപിക്കാത്തതു കാരണം കൊച്ചു കുട്ടികള്‍ക്ക് അസുഖം ബാധിക്കാന്‍ സാധ്യതയേറെയാണ്. ശരിയായ രീതിയില്‍ പാകം ചെയ്യാത്ത ആഹാരം കഴിക്കുകയാണെങ്കില്‍ അവര്‍ക്ക് ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടാവുക സാധാരണമാണ്. മലിനമായ ആഹാരവും വെള്ളവുമാണ് കുടലിനെയും ആമാശയത്തെയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്.
എന്താണ് ഭക്ഷ്യവിഷബാധ?
വൃത്തിഹീനമായ വെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുകയും വയറ്റില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. ആമാശയത്തിലും കുടലിലും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഛര്‍ദ്ദിക്കും വയറിളക്കത്തിനും കാരണമാവുന്നു. ഇതിനെയാണ് സാധാരണയായി ഭക്ഷ്യവിഷബാധ എന്ന് വിളിക്കുന്നത്.
ഭക്ഷ്യവിഷബാധയുടെ കാരണങ്ങള്‍
പാല്‍ ഉത്പന്നങ്ങള്‍, സംസ്കരിക്കാത്ത സീഫുഡ്, പാകം ചെയ്യാത്ത മുട്ട, ശരിയായി പാകം ചെയ്യാത്ത ഇറച്ചിയും മറ്റും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാവുന്ന ഭക്ഷണങ്ങളില്‍ ചിലതാണ്. കുട്ടികളിലെ ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ അവര്‍ക്ക് നന്നായി പാകം ചെയ്തതും പഴക്കമില്ലാത്തതുമായ ഭക്ഷണം നല്‍കുക. വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ നിര്‍മ്മിക്കുന്നതും സൂക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതുമായ ഭക്ഷണത്തിലും വെള്ളത്തിലും ഉപദ്രവകാരികളായ ബാക്ടീരികള്‍ പ്രവേശിക്കാന്‍ ഇടവരികയും ഇത് ഭക്ഷ്യവിഷബാധയ്ക്ക് പ്രധാന കാരണമാവുകയും ചെയ്യുന്നു.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍
ഛര്‍ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികളില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നത്. ചില കേസുകളില്‍ പനിയും ഉണ്ടാകാം. പനിയുടെയും വയറുവേദനയുടെയും രൂക്ഷത എല്ലാവരിലും ഒരേപോലെയാവണമെന്നില്ല. ഭക്ഷ്യവിഷബാധ മൂലമുള്ള ഏറ്റവും പ്രധാനപ്പെട്ട സങ്കീര്‍ണത നിര്‍ജലീകരണമാണ്.
ചെറിയ കുട്ടികളിലെ ഭക്ഷ്യവിഷബാധ
ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാവാന്‍ എളുപ്പമാണ്. ജലാംശം നഷ്ടപ്പെടുന്നത് ശക്തികുറയുന്നതിലേക്കും കുറച്ചു മാത്രം ഭക്ഷണം കഴിക്കുന്നതിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് സ്ഥിരമായി ഓറല്‍ ഹൈഡ്രേഷന്‍ നല്‍കികൊണ്ടിരിക്കണം. പ്രായത്തിന് അനുസരിച്ചുള്ള ഭാരം ഇല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കണം, കൂടുതല്‍ ദ്രാവകങ്ങള്‍ നല്‍കുന്നതിലൂടെ നിര്‍ജലീകരണം തടയാന്‍ സാധിക്കും. ദ്രാവകരൂപത്തിലുള്ള ഭക്ഷണവും പഴച്ചാറുകളും കുട്ടികള്‍ക്ക് ധാരാളമായി നല്‍കണം. മലം അയഞ്ഞ് പോകുന്നത് നിലയ്ക്കുന്നത് വരെ പാലും പാല്‍ ഉത്പന്നങ്ങളും ഒഴിവാക്കണം. പാലും പാല്‍ ഉത്പന്നങ്ങളും വയറിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം. എന്നാല്‍, മുലപ്പാല്‍ ഇതിന് അപവാദമാണ്. സ്വാഭാവികമായ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുലപ്പാല്‍ നല്‍കുന്നത് തുടരുക, ഇത് കുഞ്ഞിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
കുട്ടികള്‍ക്കുണ്ടാവുന്ന ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സ
വൃത്തിഹീനമായ ഭക്ഷണം കഴിച്ചാലുടന്‍ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടാകും. ഈ ലക്ഷണങ്ങള്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങള്‍ മൂലവും ഉണ്ടായേക്കാം. തുടര്‍ച്ചയായ ഛര്‍ദിയും വയറിളക്കവും മൂലം കുട്ടിക്ക് നിര്‍ജലീകരണം സംഭവിക്കാം. എന്നാല്‍, അണുബാധയുള്ള ഭക്ഷണം ശരീരത്തില്‍ നിന്നു പുറത്തു പോകുന്നതോടെ ഭക്ഷ്യവിഷബാധ മൂലമുള്ള ലക്ഷണങ്ങള്‍ ഇല്ലാതാകും.
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടില്‍ നല്‍കുന്ന പരിചരണത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളവും മറ്റു ദ്രാവകങ്ങളും നല്‍കണം. ശരീരലവണങ്ങള്‍ നഷ്ടപ്പെടുന്നത് പരിഹരിക്കാന്‍ ഒആര്‍എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട് സൊലൂഷന്‍) നല്‍കണം.
ഭക്ഷ്യവിഷബാധ ദീര്‍ഘനേരം നീണ്ടുനില്‍ക്കുകയില്ല. 36 – 48 മണിക്കൂറിനുള്ളില്‍ കുട്ടി സുഖം പ്രാപിക്കുകയും 72 മണിക്കൂറിനുള്ളില്‍ സ്വാഭാവികമായി പ്രതികരിച്ചു തുടങ്ങുകയും ചെയ്യും. ലക്ഷണങ്ങള്‍ രൂക്ഷവും നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുകയും ചെയ്താല്‍ ഡോക്ടറെ സന്ദര്‍ശിക്കേണ്ടി വരും. പുനര്‍ജലീകരണമാണ് പ്രധാന ചികിത്സ.