മദ്യപിക്കുന്നത് ആരോഗ്യത്തിന് ഒരുതരത്തിലും ഗുണപരമായ ശീലമല്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ അമിത മദ്യപാനശീലമാണെങ്കില്, അത് കുറെക്കൂടി ഗൗരവമായ പ്രശ്നങ്ങളിലേക്കാണ് വ്യക്തിയേയും കുടുംബത്തേയുമെല്ലാം എത്തിക്കുക. മദ്യത്തെ അനിയന്ത്രിതമായി ആശ്രയിക്കുന്നതിനെ ഒരു രോഗാവസ്ഥയായിട്ടാണ് ഡോക്ടര്‍മാര്‍ കണക്കാക്കുന്നത്. സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ അടിമുടി ജീവിതത്തെ തകര്‍ത്തുകളയാന്‍ ഇത് ധാരാളമാണ്.
മദ്യപിക്കുന്നവരുടെ കാര്യത്തില്‍, അവരുടെ മാത്രം ശാരീരിക- മാനസിക പ്രശ്നങ്ങള്‍ മാത്രമല്ല പ്രത്യാഘാതമായി ഉണ്ടാകുന്നത്. അവരുടെ കുടുംബാവസ്ഥ, അതുപോലെ മക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിങ്ങനെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരുപിടി ഘടകങ്ങള്‍ ഇതിലുള്‍പ്പെടുന്നു.
കടുത്ത മദ്യപാനിയായ ഒരാള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് ഇതിന്റെ ഭാഗമായി പല പ്രശ്നങ്ങളും ഉണ്ടായേക്കാമെന്ന് സമര്‍ത്ഥിക്കുന്ന എത്രയോ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കുറെക്കൂടി വ്യക്തമായി ഇതിനെ അഭിസംബോധന ചെയ്യുന്ന പുതിയൊരു പഠനത്തെക്കുറിച്ചാണ് ഇനി പറയുന്നത്.
‘പ്യുര്ഡേ യൂണിവേഴ്സിറ്റി’, ‘ഇന്ത്യാന യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്’ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. അതായത്, അമിത മദ്യപാനശീലമുള്ളവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് ഇവരുടെ പഠനം വിലയിരുത്തുന്നത്.
ബുദ്ധിയെത്തന്നെ ആശ്രയിച്ച് ചെയ്യേണ്ടിവരുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തില്‍ ചെയ്യാന്‍ ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് കഴിയില്ലത്രേ. വെറുതെയിരിക്കുന്ന അവസ്ഥയില്‍ നിന്ന് തലച്ചോര്‍ പ്രവര്‍ത്തിപ്പിച്ച് ചെയ്യേണ്ട ഒരു ജോലിയിലേക്ക് കടക്കാനും ഇവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് നേരിട്ടേക്കാമത്രേ. എന്നാല്‍ അമിത മദ്യപാനശീലമുള്ള എല്ലാവരുടേയും മക്കളുടെ സ്ഥിതി ഇങ്ങനെയാകണമെന്നില്ല. സാധ്യതകള്‍ വളരെ കൂടുതലാണെന്ന് മാത്രം.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പിറകിലാകുമെന്ന് മാത്രമല്ല, പെരുമാറ്റ വൈകല്യം, വിഷാദരോഗം എന്നിങ്ങനെ പല പ്രശ്നങ്ങളും അമിത മദ്യപാനശീലമുള്ളവരുടെ മക്കളില്‍ കണ്ടേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.