- Advertisement -Newspaper WordPress Theme
HEALTHമനുഷ്യന്റെ ചെവിയുടെയും പല്ലുകളുടെയും പരിണാമം; പഠനത്തിൽ പുതിയ കണ്ടെത്തലുകൾ

മനുഷ്യന്റെ ചെവിയുടെയും പല്ലുകളുടെയും പരിണാമം; പഠനത്തിൽ പുതിയ കണ്ടെത്തലുകൾ

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ചെവികളുടെയും പല്ലുകളുടെയും പരിണാമത്തെക്കുറിച്ച് പുതിയ കണ്ടെത്തലുകളുമായി ശാസ്ത്രലോകം. ദിനോസറുകളുടെ കാലഘട്ടത്തിൽ നിന്നുള്ള ഫോസിലുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങൾ ലഭ്യമായത്. ഓസ്ട്രേലിയ, യുഎസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഏതാണ്ട് 164 ദശലക്ഷം വർഷത്തിലേറെ പഴക്കമുള്ള നാല് ഫോസിലുകളിൽ നടത്തിയ പഠനത്തിലൂടെ സസ്തനികളുടെ പല്ലുകൾക്കും, താടിയെല്ലിനും, മധ്യ കർണ്ണത്തിനും ഉൾപ്പെടെ ഉണ്ടായ മാറ്റത്തിന്റെ വിവരങ്ങൾ ശേഖരിക്കാനായി.

പഠനം നടത്താൻ ഉപയോഗിച്ച നാല് ഫോസിലുകളിൽ മൂന്നെണ്ണവും ദിനോസറുകൾക്കൊപ്പം ഭൂമുഖത്ത് നിന്നും ഇല്ലാതായ എലികളുടെ വലിപ്പമുള്ള ഷൂതെറിഡുകളുടേതായിരുന്നു (Shoutheriids). ദിനോസറുകളുടെ കാലം മുതൽ ആധുനിക ലോകം വരെയുള്ള മനുഷ്യന്റെ പരിണാമം ഞെട്ടിക്കുന്നതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇന്ന് നാം കാണുന്ന പരിണാമത്തിന്റെ വിവിധ ശാഖകളും ഏറെ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഗവേഷകർ പറയുന്നു.

ഷൂതെറിഡുകളെക്കുറിച്ച് 1980 മുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഇവയുടെ പല്ലുകൾക്ക് ഇന്നത്തെ സസ്തനികളുടെ പല്ലിന്റെ ആകൃതിയുമായി ബന്ധമില്ലെങ്കിലും മനുഷ്യന്റെ പൂർവികർ ഉൾപ്പെടുന്ന ഡോകോഡോണ്ടൻസുമായി (Docodontans) ഷൂതെറിഡുകൾക്ക് ബന്ധമുണ്ടെന്നും അതിനാൽ ഈ രണ്ട് വിഭാഗങ്ങളെയും അടുത്തടുത്ത് തന്നെ പരിഗണക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭൂമിയിൽ ഏറ്റവും കേൾവി ശക്തിയുള്ള വിഭാഗമായി സസ്തനികൾ പരിണമിച്ചതിനെക്കുറിച്ചുള്ള വിശദ വിവരങ്ങളും ഫോസിൽ പഠനങ്ങളിൽ കണ്ടെത്താനായതായി ഗവേഷകർ പറയുന്നു.

ഉരഗ വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവിയുടെ ഫോസിലും ഷൂതെറിഡിന്റെ ഫോസിലും തമ്മിലുള്ള താരതമ്യ പഠനം വഴി മധ്യ കർണ്ണത്തിൽ ഒരു അസ്ഥിയുള്ള ഉരഗങ്ങളിൽ നിന്നും മൂന്ന് അസ്ഥികളുള്ള സസ്തനികളിലേക്കുള്ള മാറ്റത്തിന്റെ വഴി കണ്ടെത്താനായതായി ഗവേഷകർ വ്യക്തമാക്കി. ഡാർവിന്റെ കാലം മുതൽ തന്നെ സസ്തനികളുടെ മധ്യ കർണ്ണത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള പഠനം നടക്കുന്നതായി ന്യൂയോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ പാലിയന്റോളജിസ്റ്റായ ജിൻ മെങ് പറഞ്ഞു. ഏതായാലും പുതിയ വിവരങ്ങൾ പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും ജിൻ സൂചിപ്പിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme