ഗര്‍ഭപാത്രത്തില്‍ മുഴകള്‍ ഉണ്ടാകാറുണ്ടെങ്കിലും എല്ലാ മുഴകളും അപകടകാരികളല്ല. അതുകൊണ്ട് തന്നെ എല്ലാത്തരം മുഴയ്ക്കും ഗര്‍ഭ പാത്രം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യമില്ല. ചിലപ്പോള്‍ സ്ത്രീകളില്‍ മുന്തിരിക്കുല ഗര്‍ഭം ഉണ്ടാകാറുണ്ട്. ചെറിയ കുരുക്കള്‍ ഒരു കുലപോലെ ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്നു. ഇതിനെയാണ് മുന്തിരിക്കുല ഗര്‍ഭം എന്നു പറയുന്നത്. ഇതുമൂലം അപകടം ഒന്നും സംഭവിക്കാറില്ല.”
അമ്മയാകുമ്പോഴാണ് ഒരുസ്ത്രീ അവളുടെ പൂര്‍ണതയിലെത്തുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് ഗര്‍ഭപാത്രം. ഗര്‍ഭപാത്രത്തിനു ഉണ്ടാകുന്ന അസുഖങ്ങള്‍, മുഴകള്‍, മറ്റ് അസുഖങ്ങള്‍, വാഹനാപകടങ്ങള്‍ പോലെയുള്ള വലിയ അപകടംമൂലം വയറിനോ മറ്റും ഉണ്ടാകാവുന്ന ശക്തമായ ക്ഷതങ്ങള്‍മൂലവും പ്രസവ സമയത്തെ നിലയ്ക്കാത്ത രക്തസ്രാവം ആ വ്യക്തിയുടെ ജീവന് അപകടമാകും എന്നുതോന്നുന്ന ഘട്ടത്തിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരും. ഈ സര്‍ജറി മൂന്നു രീതിയില്‍ ചെയ്യാം. വയറ് തുറന്നു കൊണ്ടുള്ള ശസ്ത്രക്രിയ, യോനിവഴിചെയ്യുന്നത്, മറ്റൊന്ന് മുറിവുകളൊന്നുമില്ലാതെയുള്ള കീഹോള്‍ ശസ്ത്രക്രിയ. സര്‍ജറി കഴിഞ്ഞ് കുറഞ്ഞത് അഞ്ച് ദിവസം ആശുപത്രിയില്‍ കിടക്കേണ്ടതായി വരും. എന്നാല്‍ കീഹോള്‍ സര്‍ജറി ചെയ്യുകയാണെങ്കില്‍ രണ്ട് ദിവസം കിടന്നാല്‍ മതിയാകും.
രക്തസ്രവവും മുഴകളും
പ്രസവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം, ഗര്‍ഭപാത്രത്തിനിടിവ്, കാന്‍സര്‍, ചിലയിനം മുഴകള്‍ എന്നീ കാരണങ്ങള്‍കൊണ്ട് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരും. 50 വയസ് കഴിഞ്ഞവര്‍ക്കും മാസമുറ നിന്നവര്‍ക്കും പ്രസവസാധ്യത ഇല്ലാത്തവര്‍ക്കും ഗര്‍ഭപാത്രത്തിനിടിവോ രക്തസ്രാവമോ ഉണ്ടായാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതാണ് നല്ലത്.
25 വയസ് മുതല്‍ 35 വയസ് വരെയുള്ളവര്‍ക്ക് ഗര്‍ഭധാരണം നടക്കേണ്ടതുള്ളതുകൊണ്ട് ഈ പ്രായത്തില്‍ കഴിവതും ഗര്‍ഭപാത്രം നീക്കം ചെയ്യാതെ തന്നെ മുഴകള്‍ നീക്കം ചെയ്യാം. എന്നാല്‍ കാന്‍സര്‍ പോലെയുള്ള അസുഖമാണെങ്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരും.
ഗര്‍ഭപാത്രത്തിന് തകരാര്‍
തൊണ്ട് തല്ലുക, തലയില്‍ ഭാരമുള്ള വസ്തുക്കള്‍ ചുമക്കുക, ഭാരമുള്ളസാധനങ്ങള്‍ എടുത്തുപൊക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഗര്‍ഭ പാത്രം ഇടിയുന്നതായി കാണപ്പെടുന്നത്. പ്രത്യേകിച്ചും കെട്ടിടം പണിപോലുള്ള കഠിനമായ ജോലികളിലേര്‍പ്പെടുന്ന സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്. മാത്രമല്ല പ്രസവ സമയത്തുണ്ടാകുന്ന ചില ബുദ്ധിമുട്ടുകളും ഇതിനൊരു കാരണമാകാറുണ്ട്. കൂടാതെ രണ്ട് മൂന്നു തവണയില്‍ കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.
ആശങ്കകള്‍ വേണ്ട
ഗര്‍ഭപാത്രത്തില്‍ മുഴകള്‍ ഉണ്ടാകാറുണ്ടെങ്കിലും എല്ലാ മുഴകളും അപകടകാരികളല്ല. അതുകൊണ്ട് തന്നെ എല്ലാത്തരം മുഴയ്ക്കും ഗര്‍ഭ പാത്രം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യമില്ല. ചിലപ്പോള്‍ സ്ത്രീകളില്‍ മുന്തിരിക്കുല ഗര്‍ഭം ഉണ്ടാകാറുണ്ട്. ചെറിയ കുരുക്കള്‍ ഒരു കുലപോലെ ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്നു. ഇതിനെയാണ് മുന്തിരിക്കുല ഗര്‍ഭം എന്നു പറയുന്നത്. ഇതുമൂലം അപകടം ഒന്നും സംഭവിക്കാറില്ല. ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാവുന്നതാണ്. ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ചില മുഴകള്‍ മൂലം അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്.
ഈ സാഹചര്യങ്ങളില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതു തന്നെയാണ് ഉത്തമം. ഗര്‍ഭിണിയായ സ്ത്രീകളില്‍ മുഴകള്‍ കണ്ടാല്‍ ഇത് കുഞ്ഞിനെ ബാധിക്കാറുണ്ട്. കൂടാതെ ചിലപ്പോള്‍ ശര്‍ഭിണിയാകാനുള്ള സാധ്യതയും കുറയും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ മാസംതികഞ്ഞ ഗര്‍ഭിണിയാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് അപകടം പറ്റാത്ത രീതിയില്‍ പുറത്തെടുക്കുകയും ഒപ്പം തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയുമാകാം. എന്നാല്‍ ഇത് എല്ലാസാഹചര്യത്തിലും സാധിക്കണമെന്നില്ല.
അണ്ഡാശയ കാന്‍സര്‍
ഗര്‍ഭപാത്രത്തിന് പുറത്തും ഉള്‍ഭിത്തിയിലും അണ്ഡാശയത്തിലുമാണ് കാന്‍സര്‍ ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അമിത രക്ത സ്രാവം ശ്രദ്ധിക്കാതെ പോകരുത്. കാരണം അത് ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം. എത്രയും വേഗം ഗര്‍ഭപാത്രം നീക്കം ചെയ്ത് അതിനുവേണ്ട ചികിത്സ ചെയ്താല്‍ അത് മാറാവുന്നതേയുള്ളൂ. ഗര്‍ഭപാത്രത്തിലെ കാന്‍സര്‍ തുടക്കത്തിലെ തന്നെ കണ്ടു പിടിച്ചാല്‍ അതു കൂടുതല്‍ ശരീരത്തില്‍ വ്യാപിക്കുന്നതിനു മുമ്പ് തന്നെ നീക്കം ചെയ്ത് അപകട സാധ്യത കുറയ്ക്കാവുന്നതാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം
ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകള്‍ക്ക് വിശ്രമം ആവശ്യമാണ്. കുറഞ്ഞത് മൂന്ന് മാസമെങ്കിലും വിശ്രമിക്കേണ്ടതാണ്്. സര്‍ക്കാര്‍ ഈ സര്‍ജറിക്ക് നാല്‍പ്പത്തിയഞ്ച് ദിവസമാണ് അവധി അനുവധിച്ചിട്ടുള്ളത്. എങ്കിലും മൂന്നു മാസം വിശ്രമിക്കുന്നതാണ് ഉത്തമം. വിശ്രമ സമയത്ത് ശക്തിയായ ജോലി ചെയ്യുകയോ യാത്രചെയ്യുകയോ പാടില്ല. കാരണം സര്‍ജറി ചെയ്ത ഭാഗത്തുള്ള തുന്നല്‍ പഴുക്കുകയോ, മൂത്രസഞ്ചി താഴേക്കുറങ്ങിവരികയോ ചെയ്യും. ഇത് കൂടുതല്‍ അപകടത്തിനു കാരണമാകും.
ഈ സര്‍ജറിക്കു ശേഷം നടുവേദനയുണ്ടാകാറുണ്ടെന്നും, അമിതമായി വണ്ണം വയ്ക്കുമെന്നും പൊതുവേ ആളുകളില്‍ തെറ്റായ ധാരണയുണ്ട്. ഈ സര്‍ജറിമൂലം വണ്ണം വെയ്ക്കുകയോ നടുവേദന ഉണ്ടാകുകയോ ചെയ്യാറില്ല. നടുവേദനയുള്ള സ്ത്രീകള്‍ അത് ഗര്‍ഭപാത്രത്തിന്റെ തകരാറുകൊണ്ടാണെന്നു തെറ്റിധരിക്കാറുണ്ട്.
ഗര്‍ഭപാത്രം നീക്കം ചെയ്താല്‍ നടുവേദന മാറും എന്നുകരുതി ചിലര്‍ ഡോക്ടറെ സമീപിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതുകൊണ്ട് നടുവേദന മാറണമെന്നില്ല. ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകള്‍ക്ക് അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കാന്‍ സാധ്യതയുണ്ട്. അസ്ഥികള്‍ക്ക് തേയ്മാനം ഉണ്ടായാല്‍ ചെറിയ വീഴ്ചകള്‍ കൊണ്ടുപോലും അസ്ഥി ഒടിയാം. ശരീരത്തില്‍ നിന്നും ഈസ്െട്രാജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതാണിതിനു കാരണം. അതിനാല്‍ ഈസട്രൊജന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.
ഭക്ഷണരീതി
സോയാസോസ്, സോയാബീന്‍, ചേന, ചേമ്പ്, തക്കാളി, പപ്പായ തുടങ്ങിയവയില്‍ ധാരാളം ഈസ്ട്രൊജന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ആഹാരത്തിലുള്‍പ്പെടുത്തുന്നതു മൂലം ഈസ്െട്രാജന്റെ അളവ് ഒരു പരിധിവരെ പരിഹരിക്കാനാകും. കൊഴുപ്പുള്ള ആഹാരം കഴിവതും ഒഴിവാക്കണം. കാല്‍സ്യത്തിന്റെ ഗുളിക മുടങ്ങാതെ കഴിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗര്‍ഭപാത്രം നീക്കം ചെയ്താല്‍ തുടര്‍ന്ന് ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍ ആ ഭാഗം ശൂന്യമായിക്കിടക്കും. തന്‍മൂലം മൂത്രസഞ്ചി, കുടല്‍ എന്നിവ മൂത്രനാളിയിലുടെ താഴേക്കിടിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭാരമുള്ള വസ്തുക്കള്‍ എടുത്തു ഉയര്‍ത്താതിരിക്കുക. ചുമട് എടുക്കാതിക്കുക, ഭാരപ്പെട്ട ജോലികള്‍ കഴിവതും ഒഴിവാക്കുക. ജോലിചെയ്തു കൊണ്ടിരുന്നവര്‍ സര്‍ജറിക്കുശേഷം ശരീരം ഒട്ടും അനങ്ങാതെ മാസങ്ങളോളം ഇരിക്കുമ്പോള്‍ ശരീരം തടിക്കാറുണ്ട്.
ഗര്‍ഭപാത്രം നീക്കം ചെയ്തതുകൊണ്ടാണ് ശരീരം വണ്ണം വെച്ചതെന്ന് ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്. മൂന്നു മാസത്തെ വിശ്രമത്തിനുശേഷം ജോലികള്‍ ചെയ്തുതുടങ്ങാം. പഴയജീവിതത്തിലേക്ക് മടങ്ങിവരാം. അപ്പോള്‍ വണ്ണം കുറയും. കഴിവതും ഭാരപ്പെട്ട ജോലികള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.