കോവിഡ് എന്ന മഹാമാരി പലതരത്തിലാണ് ജീവിതങ്ങളെ ബാധിച്ചത്. സാമൂഹിക ഇടപെടലുകള്‍ പാടേ ഇല്ലാതാക്കിയ ലോക്ക്ഡൗണ്‍ കാലം പുതിയൊരു ജീവിതരീതി കൂടിയാണ് പഠിപ്പിച്ചത്. മൂന്നുവര്‍ഷത്തോളമായി പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡിനു പിന്നാലെ നിരവധി അനുബന്ധരോഗങ്ങളും പിടിമുറുക്കുകയുണ്ടായി. വീട്ടകങ്ങളില്‍ അടച്ചിരുന്ന കുട്ടികളില്‍ പലരുടെയും രോഗപ്രതിരോധശേഷിയും കുറഞ്ഞുവന്നു. ഇപ്പോഴിതാ കുട്ടികളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെയും കോവിഡ് വിപരീതമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നൊരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
ഒമ്പതിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. കൊറോണയ്ക്കു മുമ്പും ശേഷവും ഈ കുട്ടികളുടെ കായിക പ്രവര്‍ത്തനങ്ങളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. കുട്ടികളുടെ മസിലുകളുടെ പ്രവര്‍ത്തനവും ശരീരം ബാലന്‍സ് ചെയ്യാനുള്ള ശേഷിയും നടത്തത്തിന്റെ വേഗതയുമെല്ലാം താളംതെറ്റിയെന്ന് പഠനത്തില്‍ വ്യക്തമായി.




