സംസ്ഥാനത്ത് സിസേറിയന്‍ പ്രസവങ്ങളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷം നടന്ന സിസേറിയന്‍ പ്രസവങ്ങള്‍ -7,97,718. സ്വാഭാവിക പ്രസവങ്ങളാകട്ടെ 11.43 ലക്ഷം. സര്‍ക്കാര്‍ ആശുപത്രികളടക്കം വന്‍ കുതിപ്പ് ഉണ്ടായെന്ന് ഔദ്യോഗിക രേഖകള്‍.പല സ്ത്രീകളുടെയും ആദ്യ പ്രസവംപോലും സിസേറിയനാക്കാന്‍ ചില ആശുപത്രികള്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കിയ വിവരാവകാശ ചോദ്യങ്ങള്‍ക്ക് വിവരം ലഭ്യമല്ലെന്നായിരുന്നു ഡയറക്ടറുടെ ഓഫിസില്‍നിന്നുള്ള മറുപടി. സിസേറിയന്‍ പ്രസവങ്ങളില്‍ ആദ്യപ്രസവങ്ങള്‍ എത്ര ഉണ്ടായിരുന്നു എന്നത് സംബന്ധിച്ചും വിവരം ലഭ്യമല്ല എന്നായിരുന്നു മറുപടി. അനാവശ്യമായി സിസേറിയന്‍ പ്രസവങ്ങള്‍ നടത്തുന്നു എന്ന പരാതി ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 2022ല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ നടന്ന 42.41 ശതമാനം പ്രസവങ്ങളും സിസേറിയനാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈ അടുത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.സംസ്ഥാനത്ത് പ്രസവത്തെത്തുടര്‍ന്നുള്ള മാതൃമരണങ്ങളും കുറഞ്ഞിട്ടില്ല. 2010-21 വരെയുള്ള അഞ്ചുവര്‍ഷങ്ങളില്‍ 741 അമ്മമാരാണ് പ്രസവത്തെത്തുടര്‍ന്ന് ജീവന്‍ വെടിഞ്ഞതെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. 2017-18 വര്‍ഷമാണ് ഏറ്റവും കൂടുതല്‍ മാതാക്കള്‍ മരിച്ചത്-181. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്ര അമ്മമാര്‍ മരിച്ചു എന്നത് സംബന്ധിച്ച വേര്‍തിരിച്ച കണക്കുകള്‍ തയാറാക്കിയിട്ടില്ലെന്ന് അധികൃതര്‍ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കി.സിസേറിയന്‍ പ്രസവങ്ങളും മാതാപിതാക്കളുടെ ആരോഗ്യവും സംബന്ധിച്ച് മന്ത്രാലയം സംസ്ഥാനങ്ങളോട് വിവരം തേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രസവത്തെത്തുടര്‍ന്നുള്ള മാതൃമരണങ്ങളും ചര്‍ച്ചക്കിടയാക്കിയേക്കും.
in HAIR & STYLE, HEALTH, LIFE, LIFE - Light, LifeStyle, news, SIDHA