ന്യൂഡല്‍ഹി: ആയുര്‍വേദ ആഹാരം രോഗങ്ങള്‍ക്കു പ്രതിവിധിയാണെന്ന തരത്തില്‍ പരസ്യം ചെയ്യുന്നതും അവതരിപ്പിക്കുന്നതും കര്‍ശനമായി വിലക്കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിജാഞാപനമിറക്കും. ഇതിനായി ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയന്ത്രണ ചട്ടത്തിലാണ് ഭേദഗതി വരുത്തിയത്. ആയൂര്‍വേദത്തിലെ ആധികാരികമായ 71 ഗ്രന്ഥത്തിലെ കുറിപ്പുകളും ചേരുവകളും അനുസരിച്ച് തയ്യാറാക്കുന്ന ഭക്ഷണത്തെയാണ് ആയൂര്‍വേദ ആഹാരമായി കണക്കാക്കുന്നത്. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പാക്കിങ്ങില്‍ ഡയറ്റ് അതിഷ്ഠിതമായ ഉപയോഗത്തിന് മാത്രം എന്ന് വ്യക്തമാക്കിയിരിക്കണം.
രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് വേണ്ട.
രണ്ടാം വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ആയുര്‍വേദ ആഹാരം തയ്യാറാക്കി വില്‍ക്കുന്നതും ഭേദഗതിയിലൂടെ വിലക്കി. ആയൂര്‍വേദ ആഹാരത്തില്‍ വൈറ്റമിനോ ധാതുപദാര്ഥങ്ങളോ അമിനോ ആസിഡോ ചേര്‍ക്കുന്നത് അനുവദിക്കില്ല. സ്വാഭാവികമായ വൈറ്റമിനും ധാതുപദാര്‍ഥങ്ങളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അക്കാര്യവും കവറില്‍ വ്യക്ത്മാക്കണം.
മറ്റു നിര്‍ദേശങ്ങള്‍
71 ആധികാരിക ആയുര്‍വേദ ഗ്രനഥങ്ങളിലെ നിര്‍ദേശപ്രകാരമാണ് ഭക്ഷണമുണ്ടാക്കി വില്ക്കുന്നതെങ്കില് മുന്‍കൂര്‍ അനുമതി വേണ്ട. എന്നാല്‍ ഇവയില്‍ നിര്‍ദേശിച്ചിരിക്കുന്ന ചേരുവകള്‍ ഉള്‍പ്പെടുത്തി പുതിയ പാചകക്കുറിപ്പ് തയാറാക്കിയാല്‍ അനുമതിവേണം. സുരക്ഷയുമായി ബന്ധപ്പെട്ടഡേറ്റയും നല്‍കണം.
മുന്‍കൂര്‍ അനുമതി ആവശ്യമായ സാഹചര്യങ്ങളില്‍ ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കും.
ആയുര്‍വേദ ആഹാരമാണെന്നു കാണിക്കുന്ന പ്രത്യേക ലോഗോ പാക്കറ്റിന്റെ മുന്‍വശത്തു തന്നെ നല്‍കണം.
ഭക്ഷണം കഴിക്കുമ്പോഴുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളും മറ്റും പാക്കറ്റില്‍ രേഖപ്പെടുത്തണം.
ആയുര്‍വേദ ആഹാരം കുട്ടികളുടെ സമീപം വയ്ക്കരുതെന്നു പ്രത്യേകം രേഖപ്പെടുത്തണം. നിശ്ചിത ഭക്ഷണക്രമത്തിനു പകരമാണ് ആയുര്‍വേദ ആഹാരമെന്ന തരത്തില്‍ പരസ്യം ചെയ്യരുത്.