പൊതുമേഖല ഫാര്‍മ കമ്പനികള്‍ പൂട്ടാന്‍ കേന്ദ്ര തീരുമാനം
തിരുവനന്തപുരം: രണ്ടു കേന്ദ്ര പൊതുമേഖല മരുന്ന് കമ്പനികള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ ഡ്രഗ്‌സ് ഫാര്‍മസ്യൂട്ടിക്കള്‍ ലിമിറ്റഡ്(ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍) എന്നിവയാണ് പൂട്ടുന്നത്. കേന്ദ്ര ഫാര്‍മസ്യൂട്ടിക്കള്‍ വകുപ്പിലെ (ഡി.ഒ.പി) പ്രമുഖ സ്ഥാപനങ്ങളാണിവ. ആകെ അഞ്ച് പൊതിമേഖല സ്ഥാപനങ്ങളാണ് ഡി ഒ പിക്ക് കീഴിലുള്ളത്. മൂന്നെണ്ണത്തിന്റെ ഓഹരി വില്‍ക്കാനും കേന്ദ്രം തീരുമാനിച്ചു.
ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്(എച്ച്.എ.എല്‍), ബംഗാല്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്(ബി.സി.പി.എല്‍),കര്‍ണാടക ആന്റിബയോട്ടിക് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കള്‍സ് (കെപിഎല്‍) എന്നിവയുടെ ഓഹരിയാണ് വില്‍ക്കുന്നത്.
ഐ.ഡി.പി.എല്‍, ആര്‍.ഡി.പി.എല്‍ ജീവനക്കാരെ വിആര്‍എസ് നല്‍കി പിരിച്ചുവിടും. 2019-ല്‍ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയാണ് കമ്പനിയുടെ പൂട്ടല്‍, ഓഹരി-സ്വത്ത് വില്‍പ്പന, ബാധ്യത ക്ലിയറന്‍സ് എന്നിവയില്‍ തീരുമാനമെടുത്തത്.
പൊതുമേഖല കമ്പനികളുടെ പിന്‍മാറ്റം ആഭ്യന്തര മരുന്ന് വിപണിയില്‍ കുത്തകകള്‍ പിടിമുറുക്കുന്നതിലേക്ക് നയിക്കും. പൊതുമേഖല സ്ഥാപനങ്ങില്‍ ഉല്‍പാദിപ്പിച്ചിരുന്ന ജീവന്‍ രക്ഷാമരുന്നുകളാണ് ആഭ്യന്തര വിപണിയില്‍ മരുന്ന് വില പിടിച്ച് നിര്‍ത്തിയിരുന്നത്. മരുന്നുവില നിയന്ത്രണം മറികടക്കാന്‍ സ്വകാര്യകമ്പനികള്‍ പല അടവുകളും പയറ്റുന്നതിനിടെയാണ് പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കി, കുത്തകകളെ സഹായിക്കാനുള്ള കേന്ദ്ര തീരുമാനം.
കോടികള്‍ വിറ്റുവരവുള്ള ഇന്ത്യന്‍ ഔഷധ വിപണി നോട്ടമിട്ട് വിദേശ കമ്പനികള്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. എച്ച്.എ.എല്‍ അടക്കം പ്രമുഖ പൊതുമേഖല മരുന്ന് ഉല്‍പാദക യൂണിറ്റുകള്‍ വൈകാതെ കുത്തകകളുടെ കൈയ്യിലെത്തും. മരുന്നുകളുടെ ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ 2020-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു.
മരുന്ന് ചേരുവകള്‍ക്ക് ചൈനയേയും മറ്റും ആശ്രയിച്ചിരുന്നത് ഒഴിവാക്കാന്‍ ഉദ്ദേശിച്ചായിരുന്നു പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) എന്ന പദ്ധതി. പി.എല്‍.ഐ നടപ്പാക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതുന്നത് പദ്ധതിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കും.
(കടപ്പാട്-മാധ്യമം)