in , ,

ശ്രദ്ധിച്ചില്ലെങ്കില്‍ അടുക്കള നിങ്ങളെ രോഗിയാക്കും

Share this story

ഹോട്ടലില്‍ നിന്ന് മാത്രമല്ല സ്വന്തം വീട്ടിലെ അടുക്കളയില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാവാം.ഇത്തരം സംഭവങ്ങള്‍ മരണത്തിലെത്തുമ്പോള്‍ മാത്രമാണ് പലപ്പോഴും വാര്‍ത്തയാവുന്നത്. വീട്ടിനുള്ളിലെ, പ്രത്യേകിച്ചും അടുക്കളയിലെ ശുചിത്വക്കുറവാകാം കാരണം. അടുക്കളയുടെ വൃത്തിയും വെടിപ്പും… പ്രധാനമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വീടിന്റെ ആരോഗ്യം അടുക്കളയിലാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല.
അണുബാധ പിടിപെടാന്‍ ഒരുപാട് സാധ്യതകളുള്ള സ്ഥലം കൂടിയാണ് അടുക്കള.അടുക്കളയിലുപയോഗിക്കുന്ന പല വസ്തുക്കളും രോഗകാരികളാവാറുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം

സ്‌പോഞ്ച്

പാത്രം കഴുകാനുപയോഗിക്കുന്ന സ്‌പോഞ്ചില്‍ ഒരു പൊതു കക്കൂസിനേക്കാള്‍ ബാക്ടീരിയ വളരാന്‍ ഇടയുണ്ടെന്നാണ് ആരോഗ്യരംഗത്തെ ഗവേഷകര്‍ പറയുന്നത്.ശുചിയാക്കാത്ത സ്‌പോഞ്ച് അത് വെക്കുന്നിടത്തെല്ലാം അണുബാധയുണ്ടാക്കുന്നു.
ആഴ്ചയിലൊരിക്കല്‍, രണ്ട് മിനുട്ട് നേരം സ്‌പോഞ്ച് മൈക്രോവേവില്‍ വെക്കുക. സ്‌പോഞ്ച് പഴകിയെങ്കില്‍ ഒഴിവാക്കി പുതിയത് എടുക്കുക. മൈക്രോഫൈബര്‍ തുണിയാണ് സ്‌പോഞ്ചിനേക്കാള്‍ കല്‍നിങ്ങിന് നല്ലത്.

സിങ്ക്

സിങ്ക് വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധ ഉറപ്പ്! അടുക്കളജോലികള്‍ തീരുന്ന സമയത്ത് അണുനാശിനി ഉപയോഗിച്ച് സിങ്ക് കഴുകിയിടുക. സിങ്ക് അടഞ്ഞിട്ടുണ്ടെങ്കില്‍ തുല്യ അളവില്‍ സോഡക്കാരവും ഉപ്പും ചോര്‍ത്ത ലായനി ഒഴിച്ചുവെക്കുക. കുറച്ചുകഴിഞ്ഞ് ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

കിച്ചണ്‍ ടവ്വല്‍

സ്‌പോഞ്ചുകളെപ്പോലെത്തന്നെയാണ് അടുക്കളയിലുപയോഗിക്കുന്ന ‘കൈക്കലത്തുണികളുടെ’ കാര്യവും. നനവ്, ഭക്ഷണാവശിഷ്ടങ്ങള്‍… വൃത്തിയില്ലാത്ത കിച്ചണ്‍ ടവ്വലുകളില്‍ കോളിഫോം ബാക്ടീരിയകള്‍ വളരാന്‍ എല്ലാവിധ സാധ്യതയുമുണ്ട്. അതേ ടവ്വലുകൊണ്ട് വീണ്ടും പഴങ്ങളും കഴുകിയ പ്‌ളേറ്റുകളും തുടയ്ക്കുമ്പോള്‍ അണുക്കള്‍ പകരുന്നു. പലരും ഒരേ തുണി തന്നെ പാത്രം തുടയ്ക്കാനും ചൂടുള്ള പാത്രം പിടിക്കാനും കൈ തുടയ്ക്കാനും ഉപയോഗിക്കാറുണ്ട്. ”അടുക്കളയില്‍ പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടവ്വലുകള്‍ നനയുക കൂടി ചെയ്യുമ്പോള്‍ അവയില്‍ എളുപ്പം രോഗാണുക്കള്‍ വളരുന്നു. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വീട്ടില്‍ കുഞ്ഞുങ്ങളും പ്രായമായവരും ഉണ്ടെങ്കില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം,” എന്നും ഉപയോഗിച്ച കിച്ചണ്‍ ടവ്വലുകള്‍ സോപ്പുവെള്ളത്തില്‍ കഴുകി നന്നായി ഉണക്കിയെടുക്കുക. പാത്രം തുടയ്ക്കാനും കൗണ്ടര്‍ തുടയ്ക്കാനും വെവ്വേറെ തുണികള്‍ കരുതുക.

കട്ടിങ്ങ് ബോര്‍ഡ്

കഷ്ണങ്ങള്‍ നുറുക്കുമ്പോള്‍ സ്വാഭാവികമായും കട്ടിങ്ങ് ബോര്‍ഡുകളില്‍ വിടവുകളും മുറിവുകളും വരാം.ബോര്‍ഡ് നന്നായി കഴുകിയുണക്കി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധയുണ്ടാവാന്‍ സാധ്യകതയുണ്ട്. മരപ്പലകയാണെങ്കില്‍ ഇടയ്ക്ക് എണ്ണയിട്ട് തുടയ്ക്കുന്നത് നന്ന്. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കഴുകാം. പച്ചക്കറി അരിയാനും മാംസം നുറുക്കാനും മീന്‍ വെട്ടാനും പ്രത്യകം ബോര്‍ഡുകള്‍ ഉപയോഗിക്കണം. കത്തികളും കൈയ്യുറകളും പ്രത്യേകം കരുതുകയും അവ സമയാസമയം വൃത്തിയാക്കുകയും വേണം.

ഫ്രിഡ്ജ്

മാസത്തിലൊരിക്കല്‍ സൂക്ഷ്മമായും ആഴ്ചയിലൊരിക്കല്‍ സാധാരണമട്ടിലും ഫ്രിഡ്ജ് വൃത്തിയാക്കണം. പച്ചക്കറികളും പഴങ്ങളും(സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഭദ്രമായി പാക്ക്‌ചെയ്ത് കിട്ടുന്നവ അടക്കം),മഞ്ഞളും വിനാഗിരിയും കലര്‍ത്തിയ വെള്ളത്തില്‍ 20 മിനുട്ട് ആഴ്ത്തിവെച്ച് കഴുകിയെടുക്കണം. വാഴപ്പഴം പോലും ഇങ്ങനെ ചെയ്യണം. തൊലിയോടുകൂടി കഴിക്കുന്ന പഴങ്ങള്‍ സോഫ്റ്റ് ബ്രഷുപയോഗിച്ച് ശക്തിയായ പൈപ്പു വെള്ളത്തില്‍ കഴുകണം.മാംസവും മത്സ്യവും മുട്ടയും കഴുകി തുടച്ച്, ഓരോ ദിവസത്തേക്കും വേണ്ടത് പ്രത്യേകമാക്കി, കണ്ടെയിനറുകളില്‍ അടച്ച് വെക്കണം.

വേസ്റ്റ് ബിന്‍

സമയക്കുറവ് മൂലമോ മടിച്ചിട്ടോ, അടുക്കളയിലെ വേസ്റ്റ് ബിന്‍ രണ്ട് ദിവസം കൂടുമ്പോള്‍ മാത്രം ശുചിയാക്കുന്നവരുണ്ട്. രോഗകാരികളായ ബാക്ടീരിയകള്‍ പെറ്റുപെരുകുന്നയിടമാണ് അഴുക്കുപാത്രം. എന്നും പാചകശേഷം വേസ്റ്റ് കളഞ്ഞ് പാത്രം സോപ്പിട്ട് കഴുകിവെക്കേണ്ടതാണ്

പണത്തിനും ലഹരിക്കുമായി കുട്ടികള്‍ മോഷണത്തിനു തയ്യാറാവുന്നതായി റിപ്പോര്‍ട്ട്

ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് നാട്ടുമരുന്നുകള്‍ പ്രയോചനപ്പെടുത്താം