- Advertisement -Newspaper WordPress Theme
FEATURESപണത്തിനും ലഹരിക്കുമായി കുട്ടികള്‍ മോഷണത്തിനു തയ്യാറാവുന്നതായി റിപ്പോര്‍ട്ട്

പണത്തിനും ലഹരിക്കുമായി കുട്ടികള്‍ മോഷണത്തിനു തയ്യാറാവുന്നതായി റിപ്പോര്‍ട്ട്

പണത്തിനും ലഹരിക്കും ആഡംബരത്തിനുമായി കുട്ടികള്‍ മോഷണത്തിന് പ്രേരിപരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കുറച്ചു ദിവസങ്ങളായി മോഷണ, ലഹരിമരുന്നു കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ പ്രായം നോക്കുമ്പോള്‍ ഇതിലേക്കാണ് വിരള്‍ ചൂണ്ടുന്നത്.
അര്‍ധരാത്രി നഗരപാതകളിലൂടെ ഇരുചക്ര വാഹനങ്ങളില്‍ ചീറിപ്പായുന്ന കുട്ടികളില്‍ പലരും കുറ്റകൃത്യങ്ങളുടെ ലഹരിക്കുകൂടി അടിപ്പെട്ടവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
രാവിലെ ഫോണ്‍വിളി വരുമ്പോഴാണ് തലേദിവസം ഉറങ്ങാന്‍ മുറിയില്‍ കയറിയ മകന്‍ പൊലീസിന്റെ പിടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം രക്ഷിതാക്കള്‍ പോലും അറിയുക. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതികളുടെ പേരോ ഫോട്ടോയോ പുറം ലോകം അറിയുകയുമില്ല. കുറ്റകൃത്യങ്ങള്‍ക്കു കുട്ടികളെ ഉപയോഗിക്കുകയും അവര്‍ പിടിയിലാകുമ്പോള്‍ സമര്‍ഥമായി തലയൂരുകയും ചെയ്യുന്ന മാഫിയകള്‍ പല നഗരങ്ങളിലും വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്.
10 കഞ്ചാവ് പൊതി വിറ്റാല്‍ പ്രതിഫലം പണവും ഒരുപൊതി, മദ്യത്തിന്റെ മണം അറിയാതിരിക്കാന്‍ ലഹരി ഗുളിക, കൈനിറയെ പണം… പ്രലോഭനങ്ങളില്‍ വീണുപോകുന്ന പാവം കുട്ടികള്‍ അറിയുന്നില്ല തങ്ങളെ മാഫിയകള്‍ ചേര്‍ന്ന് വലിയ കുറ്റവാളികളാക്കി മാറ്റുകയാണെന്ന്.
കുട്ടികള്‍ രാത്രിയായാല്‍ കൂട്ടുകാരോടൊപ്പം വാഹനങ്ങളില്‍ നഗരത്തില്‍ കറങ്ങാന്‍ ഇറങ്ങുന്നത് കുറ്റകൃത്യങ്ങളിലേക്കുള്ള ആദ്യപടിയാണ്. രാത്രിയില്‍ ഫുട്‌ബോള്‍ കളിക്കെന്ന പേരിലും കൂട്ടുകാരോടൊപ്പം ഓടാനെന്നു പറഞ്ഞും വീട്ടില്‍ നിന്നിറങ്ങുന്ന ചിലരും വഴിതെറ്റി മാഫിയ കൂട്ടത്തിലെത്തുന്നുണ്ടെന്നാണ് വിവരം. കോവിഡിന്റെ നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്നതുകൊണ്ടാകും വീട്ടുകാരെ പറ്റിച്ചുള്ള കുട്ടികളുടെ രാത്രിസഞ്ചാരം അടുത്തിടെയായി ഏറിവരുന്നതായി പൊലീസ് പറയുന്നു. ഇത്തരക്കാര്‍ ലഹരിമരുന്നു മാഫിയകളുടെയും മറ്റ് അനാശാസ്യ സംഘങ്ങളുടെയും വലയില്‍ അകപ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. രാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങിക്കഴിഞ്ഞാല്‍ ശബ്ദമുണ്ടാക്കാതെ പുറത്തുപോകുന്നതിന് ഇരുചക്ര വാഹനങ്ങള്‍ വീടിനു പുറത്തു നിര്‍ത്തിയിടുന്നവരും കുറവല്ല.

കേരളത്തിലെ ഒരു കുറിയര്‍ സ്ഥാപനത്തില്‍നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ പിടിയിലായ കുട്ടികള്‍ അടങ്ങുന്ന സംഘം പൊലീസിനു നല്‍കിയ മൊഴി മോഷണം നടത്തിയത് ആഡംബര ജീവിതത്തിനുള്ള പണം സമ്പാദിക്കാനാണെന്നാണ്. ഗോവയിലേക്ക് വിനോദയാത്ര പോയ സംഘം ലഹരി ഉപയോഗിച്ചും നിശ ക്ലബ്ബുകളില്‍ പങ്കെടുത്തും ആഡംബര വസ്തുക്കള്‍ വാങ്ങിയും 2 ദിവസം കൊണ്ട് ചെലവഴിച്ചത് 2 ലക്ഷം രൂപയാണ്. നാട്ടില്‍ എത്തിയശേഷം സുഹൃത്തുക്കള്‍ക്ക് വന്‍കിട ഹോട്ടലില്‍ സല്‍ക്കാരവും സമ്മാനവും ഒരുക്കി ബാക്കി പണവും ചെലവഴിച്ചുവെന്നാണ് പോലീസിനോട് പറഞ്ഞത്. നമ്മുടെ കുട്ടികളെ ലഹരിമാഫിയകളുടേയും ഗൂണ്ടാസംഘങ്ങളുടേയും ഇടയില്‍ പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പോലീസ് പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme