മുടിക്ക് വ്യത്യസ്ത നിറങ്ങൾ നൽകുന്നത് ട്രെൻഡായി മാറിയിരിക്കുന്ന കാലമാണിത്. ഫാഷൻ ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ ഈ രീതി പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ചൈനയിൽ നിന്നുള്ള 20 വയസുകാരിയായ ഹുവ എന്ന യുവതിയുടെ അനുഭവം ഇത് എത്രത്തോളം ഗൗരവകരമാണെന്ന് ഓർമ്മിപ്പിക്കുന്നു.
തനിക്ക് ഇഷ്ടപ്പെട്ട പോപ്പ് താരത്തിന്റെ ഹെയർസ്റ്റൈലും നിറവും അനുകരിച്ചുകൊണ്ട് ഹുവ എല്ലാ മാസവും മുടി വെട്ടുകയും കളർ ചെയ്യുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങൾക്കുള്ളിൽ ഹുവയ്ക്ക് കാലുകളിൽ ചുവന്ന പാടുകൾ, സന്ധിവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് നടത്തിയ പരിശോധനയിൽ വൃക്ക തകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഹെനാൻ ടിവിയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
ഹുവയെ ചികിത്സിച്ച ഡോക്ടറായ താവോ ചെന്യാങ് പറയുന്നതനുസരിച്ച്, ഹുവ പതിവായി സലൂണുകളിൽ പോയി മുടിയുടെ നിറം മാറ്റാറുണ്ടായിരുന്നു. ഹെയർഡൈയിൽ വൃക്ക സംബന്ധമായ തകരാറുകൾ ഉണ്ടാക്കുന്ന വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് കാൻസർ സാധ്യതയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. പല ഡൈകളിലും ലെഡ്, മെർക്കുറി പോലുള്ള വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിന് ദോഷകരമാണെന്നും ഡോ. താവോ വ്യക്തമാക്കി.




