in ,

ഹൃദയത്തെ സംരക്ഷിക്കാന്‍ 7 വഴികള്‍

Share this story

രക്തസമ്മര്‍ദ്ദത്തിലോ കൊളസ്ട്രോളിലോ ഉള്ള ആധിക്യം നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നതാണ്. ഹൃദയാഘാതം അതിജീവിക്കുന്നവരോട് പലപ്പോഴും ജീവിതകാലത്തെ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് മാറ്റം ഒരു പ്രധാന ഭാഗമാകുന്നു. ഹൃദ്രോഗത്തോടെ ജീവിക്കുന്നവര്‍ക്കും വരാതെ തടയാന്‍ സൂക്ഷിക്കാനും ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ഉത്തമ ലക്ഷ്യബോധത്തോടെ ചില കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്കും ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കാം.

ചില്ലറക്കാരനല്ല മെഡിറ്ററേനിയന്‍ ഡയറ്റ് !

ഹൃദയത്തെ സൂക്ഷിക്കാന്‍ ആളുകള്‍ വ്യായാമ രീതി, ഭക്ഷണക്രമം, അനാരോഗ്യകരമായ ശീലങ്ങള്‍ എന്നിവയില്‍ ശ്രദ്ധ നല്‍കിയാല്‍ മതി.

ഒരു വലിയ മാറ്റം ഏറ്റെടുക്കുന്നതിനുപകരം, ചെറിയ മാറ്റങ്ങളിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. ഈ സമീപനത്തിന് കൂടുതല്‍ സമയമെടുക്കുമെങ്കിലും ചില വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ വഴികള്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ഹൃദയം സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സ്വന്തമായി ചെയ്യാവുന്ന ചില വഴികള്‍ വായിച്ചറിയാം.

പുകവലി, മദ്യപാനം വേണ്ട

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് പുകവലി ഉപേക്ഷിക്കുന്നത്. കാന്‍സറിനടക്കം പല രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയില നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ കെടുത്തുന്നതാണ്. പുകവലി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. നിങ്ങളുടെ മദ്യപാനം പരിമിതപ്പെടുത്തുന്നതും പ്രധാനമാണ്, കാരണം മദ്യം ചില ഹൃദയ മരുന്നുകളെ പ്രതികൂലമായി ബാധിക്കുകയും അമിതമായ ഉപയോഗം സ്ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

കൊളസ്ട്രോള്‍ നിയന്ത്രിക്കുക

നിങ്ങളുടെ രക്തത്തില്‍ അടിയുന്ന കൊഴുപ്പ് പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ആരോഗ്യകരമായിരിക്കാന്‍ നിങ്ങളുടെ ശരീരത്തിന് കൊളസ്ട്രോള്‍ ആവശ്യമാണ്, എന്നാല്‍ നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അസന്തുലിതാവസ്ഥ ഹൃദയാഘാതത്തിന് കാരണമാകുന്നു. ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെയും വ്യായാമങ്ങളിലൂടെയും നിങ്ങള്‍ക്ക് കൊളസ്ട്രോള്‍ നിയന്ത്രിക്കാവുന്നതാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക

രക്തസമ്മര്‍ദ്ദം സാധാരണയായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ഒന്നല്ല. എന്നാല്‍ അത് വളരെ ഉയര്‍ന്നതാണെങ്കിലെ താഴ്ന്നതാണെങ്കിലോ അത് ചികിത്സിക്കേണ്ടതുണ്ട്. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവ കാരണമായും രക്തസമ്മര്‍ദ്ധം വരാം. ശരിയായ ഭക്ഷണക്രമം ചിട്ടപ്പെടുത്തിയാല്‍ ഇതില്‍ നിന്ന് മോചിതനാകാവുന്നതാണ്.

പ്രമേഹം നിയന്ത്രിക്കുക

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മധുരം ഉപേക്ഷിക്കുന്നതിലൂടെ മാത്രം പ്രമേഹത്തില്‍ നിന്നു മുക്തരാവണമെന്നില്ല. ഭക്ഷണ നിയന്ത്രണം, വ്യായാമം, എന്നിവയ്ക്കൊക്കെ പ്രമേഹവുമായി ബന്ധമുണ്ട്. ഇവയൊക്കെ കൃത്യമായി പാലിക്കുന്നതിലൂടെ പ്രമേഹം വരുതിയിലാക്കാനും ഹൃദയത്തെ സംരക്ഷിക്കാനും സാധിക്കുന്നു.

വ്യായാമം

പതിവായുള്ള മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. നിങ്ങളുടെ ദിവസത്തില്‍ കുറച്ച് സമയം ലഘു വ്യായാമങ്ങള്‍ക്കായി മാറ്റിവയ്ക്കുക. ജീവിതശൈലീ മാറ്റം തന്നെയാണ് ആളുകളില്‍ വ്യായാമക്കുറവിനു കാരണം. പുതിയ പുതിയ അസുഖങ്ങളും ഇതുവഴി ആളുകളിലെത്താന്‍ തുടങ്ങി. നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ സമയം കുറവാണെങ്കില്‍ 10 മിനിറ്റ് നടത്തം തന്നെ നിങ്ങളുടെ ശരീരത്തെ ക്രമപ്പെടുത്തുന്നതാണ്.

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നത് ഹൃദ്രോഗത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യത കുറയ്ക്കും. പ്രധാനമായും ഹൃദ്രോഗങ്ങള്‍ അമിത വണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രമരഹിതമായ ഭക്ഷണവും ജീവിതശൈലീ മാറ്റവും ജങ്ക് ഫുഡുകളുടെ ഉപയോഗവും ഇന്നത്തെ കാലത്ത് മിക്കവരെയും അമിതവണ്ണത്തിന്റെ പിടിയിലാക്കി. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ അമിതവണ്ണത്തെ ചെറുക്കേണ്ടത് ഏറെ പ്രധാനമാണ്. ഡയറ്റ്, വ്യയാമങ്ങള്‍ എന്നിവ ചിട്ടയോടെ ചെയ്താല്‍ ശരീരഭാരം ക്രമപ്പെടുത്തി ഹൃദയത്തെ സംരക്ഷിക്കാവുന്നതാണ്.

ആരോഗ്യകരമായ ഉറക്കം

ഉറക്കം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെയും ബാധിക്കുന്നു. ശരിയായ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഉറക്കശീലം മെച്ചപ്പെടുത്താവുന്ന പല വഴികളുമുണ്ട്. ശുചിത്വം, മനസ്സമാധാനം, നല്ല ഭക്ഷണം, അന്തരീക്ഷം എന്നിവയൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസത്തില്‍ കുറച്ച് മിനിറ്റ് സാവധാനത്തിലും ആഴത്തിലും ശ്വസിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളെ വിശ്രമിക്കാനും സഹായിക്കും. മന്ദഗതിയിലുള്ളതും ആഴത്തിലുള്ള ശ്വസനവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നതുമാകും..

രാജ്യത്ത് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം; പ്രായപരിധി 21 ആക്കി ഉയര്‍ത്തും

കൊവിഡ് വാക്‌സിന്‍: സംസ്ഥാനത്ത് നാളെ 46 കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടക്കും