ഇരുമ്പ് നമ്മുടെ ശരീരത്തിന് വേണ്ട വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണ്. നമ്മുടെ ശരീരത്തിലുടനീളം ഓക്സിജന്‍ എത്തിക്കാന്‍ ഇരുമ്പ് സഹായിക്കുന്നു. ഇത് ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണ്. ചുവന്ന രക്താണുക്കളിലെ പദാര്‍ത്ഥമായ ഹീമോഗ്ലോബിനാണ് നിങ്ങളുടെ ശ്വാസകോശത്തില്‍ നിന്ന് ഓക്സിജന്‍ ശരീരത്തിലുടനീളം എത്തിക്കുന്നത്. ശരീരത്തിലെ ഇരുമ്പിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഹീമോഗ്ലോബിന്‍ പ്രതിനിധീകരിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടത്ര ഇരുമ്പ് ശരീരത്തില്‍ ഇല്ലെങ്കില്‍, നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ആരോഗ്യകരമായ ഓക്സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. ചുവന്ന രക്താണുക്കളുടെ അഭാവത്തെഇരുമ്പിന്റെ കുറവ് മൂലമുള്ള അനീമിയ അഥവാ വിളര്‍ച്ച എന്ന് വിളിക്കുന്നു.
ഇന്ന്, ആഗോളതലത്തില്‍ ഏകദേശം 2.3 ബില്യണ്‍ ആളുകള്‍ വിളര്‍ച്ച മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. ഏകദേശം രണ്ടില്‍ ഒരാള്‍ക്ക് ഐഡിഎ (ഇരുമ്പിന്റെ കുറവ് മൂലമുള്ള അനീമിയ) ഉള്ളതായിട്ടും കണക്കാക്കപ്പെടുന്നു. പതിവായി ക്ഷീണം, തലകറക്കം, വിളര്‍ച്ച, പ്രതിരോധശേഷി കുറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് ഇറുമ്പിന്റെ അഭാവം മൂലം പ്രധാനമായും ആളുകള്‍ നേരിടുന്നത്. ഇത് അവരുടെ ജീവിതനിലവാരം, ചലനശേഷി, ഉല്‍പ്പാദനക്ഷമത എന്നിവയെ സാരമായി ബാധിക്കുന്നു. പല രോഗികളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ല.
ഇരുമ്പിന്റെ കുറവ് ശരീരത്തില്‍ ഉണ്ടാക്കുന്ന വ്യത്യാസങ്ങള്‍
- ക്ഷീണം അല്ലെങ്കില്‍ ബലഹീനത
- വിളറിയ അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള ചര്‍മ്മം
- ശ്വാസം മുട്ടല്‍
- തലകറക്കം
- തലവേദന
- വേഗത്തിലുള്ള അല്ലെങ്കില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ്
- നെഞ്ച് വേദന
- തണുത്ത കാലുകളും കൈകളും
- നഖങ്ങള്‍ പൊട്ടുന്നത്
- മുടി കൊഴിച്ചില്‍
- വായയുടെ വശത്ത് വിള്ളലുകള്‍
- നാവിലെ വ്രണം
ഇരുമ്പിന്റെ ആവശ്യകത എത്രമാത്രം?
ഇത് നിങ്ങളുടെ പ്രായം, ലിംഗഭേദം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ശിശുക്കള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ഇരുമ്പ് ആവശ്യമാണ്, കാരണം അവരുടെ ശരീരം വളരെ വേഗത്തില്‍ വളരുന്നു. കുട്ടിക്കാലത്ത്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ അളവില്‍ ഇരുമ്പ് ആവശ്യമാണ് – 4 മുതല്‍ 8 വയസ്സ് വരെ പ്രതിദിനം 10 മില്ലിഗ്രാം, 9 മുതല്‍ 13 വയസ്സ് വരെ പ്രതിദിനം 8 മില്ലിഗ്രാം എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് വേണ്ട ഇരുമ്പിന്റെ അളവ്.
ഓരോ മാസവും ആര്‍ത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിനാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇരുമ്പ് ആവശ്യമാണ്. അതുകൊണ്ടാണ് 19 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിദിനം 18 മില്ലിഗ്രാം ഇരുമ്പ് ലഭിക്കേണ്ടത്, അതേ പ്രായത്തിലുള്ള പുരുഷന്മാര്ക്ക് 8 മില്ലിഗ്രാം മാത്രം മതിയാകും. കൂടാതെ, ഭക്ഷണ സ്രോതസ്സുകളില്‍ നിന്നോ അയേണ്‍ സപ്ലിമെന്റില്‍ നിന്നോ നിങ്ങള്‍ക്ക് കൂടുതല്‍ ഇരുമ്പ് ആവശ്യമായി വരുന്ന അവസ്ഥകള്‍ ഉണ്ട്.
- ഗര്‍ഭിണികളോ മുലയൂട്ടുന്നവരോ ആണെങ്കില്‍
- വൃക്ക തകരാറിലായ അവസ്ഥ ഉണ്ടെങ്കില്‍, പ്രത്യേകിച്ച് നിങ്ങള്‍ ഡയാലിസിസിന് വിധേയനാകുകയാണെങ്കില്‍
- രക്തനഷ്ടത്തിന് കാരണമാകുന്ന എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുന്നുണ്ടെങ്കില്‍
- നിങ്ങളുടെ ശരീരത്തെ ഇരുമ്പ് ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുന്ന ഒരു ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ഡിസോര്‍ഡര്‍ ഉണ്ടെങ്കില്‍ (ഉദാഹരണത്തിന്, സീലിയാക് രോഗം, ക്രോണ്‍സ് രോഗം അല്ലെങ്കില്‍ വന്‍കുടല്‍ പുണ്ണ് പോലുള്ളവ)
- ധാരാളം ആന്റാസിഡുകള്‍ കഴിക്കുന്ന സ്വഭാവം, ഇത് നിങ്ങളുടെ ശരീരത്തെ ഇരുമ്പ് ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയും.