- Advertisement -Newspaper WordPress Theme
HEALTHആർത്തവ വിരാമം നേരത്തേ വന്നാൽ ഡോ.സതി എം.എസ്

ആർത്തവ വിരാമം നേരത്തേ വന്നാൽ ഡോ.സതി എം.എസ്

എനിക്ക് 37 വയസ്സാണ്. ആർത്തവം തുടർച്ചയായി വരാതിരുന്ന സാഹചര്യത്തിൽ പരിശോധിച്ചപ്പോഴാണ് പ്രിമെച്വർ ഓവേറിയൻ ഇൻസഫിഷ്യൻസി ആണെന്നു കണ്ടെത്തിയത്. എന്താണ് ഈ അവസ്ഥയ്ക്കു കാരണം ഡോക്ടർ? ഒന്ന് വിശദീകരിക്കാമോ? ചോദിച്ച ചോദ്യങ്ങൾക്ക് വൈക്കം സ്വദേശിനി മിനിയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

സാധാരണ സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നത് 45നും 55 വയസ്സിനുമിടയിലാണ്. ഇത് 40 വയസ്സിനു മുൻപേ തന്നെ സംഭവിക്കുന്നതിനെയാണ് ‘പ്രീമെച്വർ ഓവേറിയൻ ഇൻസഫിഷ്യൻസി’ എന്നു പറയുന്നത്. ഇവിടെ അണ്ഡാശയത്തിന്റെ പ്രവർത്തനം പല കാരണങ്ങളാൽ കുറയുകയോ നിൽക്കുകയോ ചെയ്യുന്നു. അങ്ങനെ അണ്ഡോൽപാദനം പൂർണമായും നിലയ്ക്കുന്നു. ഇതോടൊപ്പം ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും അളവും ശരീരത്തിൽ ഗണ്യമായി കുറയുന്നു. നൂറു സ്ത്രീകളിൽ നാലു പേർക്ക് എന്നുള്ള തോതിലാണ് ഇതു കണ്ടുവരുന്നത്. എന്നാൽ, അപൂർവം ചിലരിൽ കുറച്ചു കഴിയുമ്പോൾ അണ്ഡാശയത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യാറുണ്ട്.

അണ്ഡാശയം നീക്കം ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റെ പ്രവർത്തനം നിലയ്ക്കുന്നതാണ് ഈ അവസ്ഥയുടെ പ്രധാന കാരണം. അല്ലെങ്കിൽ അണ്ഡാശയമുഴകൾ ഉണ്ടാവുകയും അതു നീക്കം ചെയ്യുകയും ചെയ്യുമ്പോഴും പ്രവർത്തനം കുറയാം. ഗർഭാശയം നീക്കം ചെയ്യുമ്പോൾ അണ്ഡാശയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനാലും പ്രീമെച്വർ ഓവേറിയൻ ഇൻസഫിഷ്യൻസി സംഭവിക്കുന്നു. അർബുദരോഗികളിൽ കീമോതെറപ്പി, റേഡിയേഷൻ തെറപ്പി എടുക്കുമ്പോഴും അണ്ഡാശയത്തിന്റെ പ്രവർത്തനം പതിവിലും മുൻപേ തന്നെ നിൽക്കും.

ശരീരത്തിൽ സ്വാഭാവികമായിട്ടുള്ള ഇമ്യൂണിറ്റി നമുക്ക് എതിരെ തന്നെ പ്രവർത്തിക്കുന്നതാണ് ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ എന്നു പറയുന്നത്. ഇത്തരം സാഹചര്യങ്ങളിലും അണ്ഡാശയത്തിന്റെ പ്രവർത്തനം നിലയ്ക്കാം. മുണ്ടിനീര്, ക്ഷയരോഗം, മലേറിയ തുടങ്ങിയ അവസ്ഥകളും ഇതിനു കാരണമാകാറുണ്ട്. അപൂർവമായി ചിലരിൽ ജനിതകമായ കാരണങ്ങൾ കൊണ്ടും ഇതു സംഭവിക്കുന്നു.

ആർത്തവം വൈകുന്നതും രക്തസ്രാവം കുറയുന്നതുമാണ് പ്രധാന ലക്ഷണം. ഇതോടൊപ്പം തന്നെ മുൻ ലക്കങ്ങളിൽ സൂചിപ്പിച്ച ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. ലക്ഷണങ്ങൾ മനസ്സിലാക്കിയും രക്തപരിശോധന, സ്കാനിങ് എന്നിവയിലൂടെയുമാണ് അവസ്ഥ സ്ഥിരീകരിക്കുന്നത്. രക്തപരിശോധനയിൽ എഫ്എസ്എച്ച് എന്നുള്ള ഹോർമോൺ ലെവൽ കൂടുതലായി കാണുന്നെങ്കിൽ അത് പ്രീമെച്വർ ഓവേറിയൻ ഇൻസഫിഷ്യൻസി ആയിരിക്കാം.

പല കാരണങ്ങൾ കൊണ്ട് സ്ത്രീകൾ വിവാഹവും ഗർഭധാരണവും വൈകിപ്പിക്കാൻ തീരുമാനം എടുക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ പ്രീമെച്വർ ഓവേറിയൻ ഇൻസഫിഷ്യൻസി വന്നാൽ അത് ഗർഭധാരണത്തെ ബാധിക്കും. ഇത് ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ മാത്രമല്ല ദൂരവ്യാപകമായ പ്രശ്നങ്ങളും ഉണ്ടാക്കാം. ഈസ്ട്രജന്റെ അളവ് വളരെ കുറയുന്നതുകൊണ്ട് എല്ലിന് ബലക്കുറവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാം.
ഇത്തരത്തിൽ പ്രിമെച്വർ ഓവേറിയൻ ഇൻസഫിഷ്യൻസി സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഹോർമോൺ ചികിത്സ ആവശ്യമായി വരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ എടുക്കുന്നതോടൊപ്പം തന്നെ വ്യായാമം ചെയ്യുകയും ശരിയായ ജീവിതശൈലി സ്വീകരിക്കുകയും വേണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme