ഡോ.വിനോദ് പി.
എനിക്ക് 52 വയസ്സായി. രണ്ടു വർഷമായി പ്രമേഹമുണ്ട്. എന്റെ കഴുത്തിൽ രണ്ടു മൂന്നു പാലുണ്ണികൾ വർഷങ്ങളായി ഉണ്ട്. ഇടയ്ക്കു ചിലതു മാറും. അപ്പോൾ പുതിയതു വരും. ഇപ്പോൾ കുറച്ച് കൂടുതൽ എണ്ണം ഉണ്ടായിട്ടുണ്ട്. എന്റെ ഭാര്യയുടെ മുഖത്തു രണ്ടെണ്ണം കാണുന്നുണ്ട്. ഇത് പകരുന്ന രോഗമാണോ? കാൻസർ ആയി മാറാൻ സാധ്യത ഉണ്ടോ ? തന്റെ മുന്നിൽ വന്ന ഒരു രോഗിയുടെ സംശയമാണ്
പാലുണ്ണി (Molluscum Contagiosum) ഒരു തരം വൈറസ് മൂലമാണ് ഉണ്ടാകുന്നത്. മുഖത്തും കഴുത്തിലും ജനനേന്ദ്രിയങ്ങൾക്കും ചുറ്റിലുമാണ് കൂടുതലായി കാണുന്നത്. അടുത്തിടപഴകുന്നതുമൂലം വേഗത്തിൽ പകരുന്ന രോഗമാണ്. 12-16 വയസ്സ് പ്രായമുള്ള കുട്ടികളിലാണ് കൂടുതലായി കാണുന്നത്. കാൻസർ ആയി മാറുന്നതിനുള്ള സാധ്യതയൊട്ടും തന്നെയില്ല.
40 ന് ശേഷമുള്ള മുടികൊഴിച്ചിൽ ശ്രദ്ധിക്കേണ്ടതാണ്!
എന്നാൽ, ഇവയിൽ ബാക്ടീരിയ മൂലമുള്ള അണുബാധയും പഴുപ്പും ഉണ്ടാകുന്നതിനുള്ള സാധ്യത ഉണ്ട്. എയ്ഡ്സ് പോലെ രോഗപ്രതിരോധ ശേഷി കുറയുന്ന അവസരങ്ങളിൽ എണ്ണത്തിലും വലുപ്പത്തിലും കൂടുതലായ തോതിൽ ഇതുണ്ടാകാം. അതുപോലെ ജനനേന്ദ്രിയങ്ങളെ ബാധിക്കുന്നതു മൂലം ലൈംഗികബന്ധത്തിലൂടെ ഇത് പകരാം.
മറ്റു സ്ഥലങ്ങളിലേക്കു പടരാതെ ശ്രദ്ധിച്ചാൽ ചികിത്സയൊന്നും ഇല്ലാതെ തന്നെ ഇതു ഭേദമാകും. കാഴ്ചയ്ക്ക് അഭംഗിയായി തോന്നുന്ന അവസരത്തിൽ ഇവ മാറ്റുന്നതിനുള്ള ഒട്ടേറെ ചികിത്സാമാർഗങ്ങൾ നിലവിലുണ്ട്. വിവിധതരം രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ്. ക്രയോതെറപ്പി രീതിയും വളരെ ഫലപ്രദമാണ്. 3-4 ആഴ്ചകൾക്കുശേഷം ആവർത്തിക്കേണ്ടി വന്നേക്കാം.ആധുനികലേസർ രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയും ഇന്നു ലഭ്യമാണ്.
ആവശ്യമായ മുൻകരുതലുകൾ എടുത്താൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കു പടരുന്നത് തടയാൻ സാധിക്കും. ഇതിനായി നിലവിലുള്ള പാലുണ്ണികൾ പൊതിഞ്ഞു വയ്ക്കാൻ ശ്രദ്ധിക്കണം. അവയുടെ മേൽ ചൊറിയുന്നത് ഒഴിവാക്കണം. ശാരീരികമായി അടുത്തിടപഴകുന്ന തരത്തിലുള്ള സ്പോർട്സ് ഒഴിവാക്കണം. ടവ്വൽ പ്രത്യേകമായി ഉപയോഗിക്കണം. അതുപോലെ പാലുണ്ണി ഉള്ളവർ നീന്തൽകുളങ്ങളിൽ നീന്തുന്നതും ഒഴിവാക്കണം. താങ്കൾ ഒരു ത്വഗ്രോഗ ഡോക്ടറെ കണ്ട് ചികിത്സാമാർഗങ്ങളെക്കുറിച്ച് സംസാരിക്കുക.