- Advertisement -Newspaper WordPress Theme
HEALTHഹൃദ്രോഗികൾ മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഹൃദ്രോഗികൾ മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഡോ.ടി.കെ.ജയകുമാർ

എനിക്കു മൂന്നു വർഷം മുൻപ് ഹൃദയാഘാതം വന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. അന്നു മുതൽ ആസ്പിരിനും കൊളസ്ട്രോൾ, ബിപി തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകളും കഴിക്കുന്നുണ്ട്. ഇപ്പോൾ ബിപിയും കൊളസ്ട്രോളും എല്ലാം നോർമലാണ്. ഇനി ഞാൻ മരുന്നു തുടരേണ്ട കാര്യമുണ്ടോ? ഇങ്ങനെ തുടർച്ചയായി മരുന്നു കഴിച്ചാൽ അത് കിഡ്നിയെ ബാധിക്കുമോ?
വിജയകുമാർ, കൊല്ലം

ഹൃദയാഘാതം വന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നു പറയുന്ന സാഹചര്യം ഹൃദയത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ബ്ലോക്ക് ഉണ്ടാവുകയും അത് സ്റ്റെൻഡ് ഉപയോഗിച്ച് തുറന്നതുമാണ്. ഇവിടെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഹൃദയാഘാതമുണ്ടാകുന്നതിന് കാരണമാകുന്ന കൊറോണറി ഹാർട്ട് ഡിസീസ് ഒരു ജീവിതശൈലീ രോഗമാണ്. അതൊരിക്കലും ചികിത്സിച്ച് പൂർണമായും ഭേദമാക്കാൻ സാധിക്കില്ല.

എഴുപതു ശതമാനത്തിലധികം വരുന്ന മേജർ ബ്ലോക്കുകളാണ് ആൻജിയോപ്ലാസ്റ്റി വഴി മാറ്റുന്നത്. അതുകൂടാതെ ചിലപ്പോൾ ചില ചെറിയ ബ്ലോക്കുകളും ഉണ്ടാകാം. ഇനി അങ്ങനെ ഇല്ലെങ്കിൽ തന്നെയും വീണ്ടും ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്ത സ്റ്റെൻഡിന് ഉണ്ടാകുന്ന ബ്ലോക്കുകളും പ്രശ്നമാണ്. അതുകൊണ്ട് ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ഒരു ബൈപാസ് സർജറി ചെയ്യുന്നതോടുകൂടി എല്ലാം സാധാരണ നിലയിലായി എന്നു പറയാനോ ഇനിയൊരിക്കലും മരുന്നു വേണ്ട എന്ന തീരുമാനത്തിലെത്താനോ സാധിക്കില്ല

വാംപയർ ഫേഷ്യൽ ട്രീറ്റ്‌മെന്റ് എച്ച്‌ഐവിക്ക് കാരണമാകുന്നു?

ഹൃദയത്തിന്റെ പമ്പിങ് നോർമലാകുമ്പോൾ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്താൻ സാധിക്കും. എന്നാൽ, അതോടൊപ്പം തന്നെ കൃത്യമായി മരുന്നു കഴിക്കുക, വ്യായാമം ചെയ്യുക, ഭക്ഷണം ക്രമീകരിക്കുക, പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുകയും ചെയ്യുക. ഇത് അധികനാൾ നീണ്ടുനിൽക്കുന്ന ഫലമുണ്ടാക്കും.

ആൻജിയോപ്ലാസ്റ്റിക്കു ശേഷം സാധാരണ കൊടുക്കുന്ന മരുന്നുകൾ സ്റ്റെൻഡിന് ബ്ലോക്ക് വരാതെ ഇരിക്കാനും രക്‌തം കട്ടപിടിക്കാതെ ഇരിക്കുവാനുമുള്ളവയായിരിക്കും. ഈ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടതാണ്. മിക്കവാറും എല്ലാ കേസിലും തന്നെ രണ്ട് ആന്റി പ്ലേറ്റ്ലറ്റ്സ് ആണ് കൊടുക്കുന്നത്. എന്നാൽ, ബൈപാസ് കഴിഞ്ഞ രോഗികളിൽ ഒരു വർഷം കഴിയുമ്പോൾ ഒരു ആന്റി പ്ലേറ്റ്ലറ്റാക്കി കുറയ്ക്കുവാൻ സാധിക്കും.

അതുപോലെതന്നെ ഹൃദയമിടിപ്പും ബ്ലഡ് പ്രഷറും ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവർക്ക് കൃത്യമായ നിലയിൽ നിർത്തേണ്ടതുണ്ട്. അതായത്, മുതിർന്നവരിൽ ഹൃദയമിടിപ്പിന്റെ തോത് 70ഉം ബിപി 120 – 70ൽ താഴെയും നിലനിർത്തേണ്ടതാണ്. അത് രണ്ടും ഉയർന്നു നിൽക്കുന്നത് ഹൃദയത്തിനു കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഇവ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളും തുടരേണ്ടതുണ്ട്. ആ മരുന്നു നിർത്തിയാൽ പൂർവസ്ഥിതിയിലേക്കോ റീബോണ്ട് ഹൈപ്പർ ടെൻഷൻ, അഥവാ ആക്സിലറേറ്റ് ഹൈപ്പർടെൻഷൻ എന്നു പറയുന്ന ഗുരുതരമായ അവസ്ഥകളിലേക്കോ പോകാവുന്നതാണ്.

കൊളസ്ട്രോളിന്റെ അളവിലെയും മെറ്റബോളിസത്തിലെയും വ്യതിയാനം കൊണ്ടാണ് രക്‌തക്കുഴലിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. അതിൽ ഈ മരുന്നുകൾ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. കൊളസ്ട്രോൾ അടിയുന്നത് കുറയ്ക്കുന്നതിനെക്കാൾ കൂടുതൽ ആ പ്ലാക്ക്സ് സ്ഥിരപ്പെടുത്തുന്നത് പെട്ടെന്ന് ഒരു അറ്റാക്ക് വരാതെ ഇരിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനമാണ്. കൊഴുപ്പടിയുന്നത് ഹൃദയത്തിൽ മാത്രമായിരിക്കില്ല. തലച്ചോറിലും കാലിലെയും കിഡ്നിയിലെയും രക്തക്കുഴലിലുമാകാം. മരുന്നിലൂടെ വേണം ഇതും നിയന്ത്രിക്കാൻ. ഡോസ് കുറച്ച് ആണെങ്കിലും അത് തുടരേണ്ടിവരും. പ്രമേഹവും സമാനരീതിയിൽ തന്നെ നിയന്ത്രിക്കേണ്ടതാണ്. ഷുഗർ കുറഞ്ഞു എന്നു പറഞ്ഞ് നമുക്ക് ഒരിക്കലും മരുന്നു നിർത്താൻ ആവില്ല.

ഇങ്ങനെ കഴിക്കുന്ന മരുന്നുകൾ വൃക്കയ്ക്കു പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നവയല്ല. ചില മരുന്നുകൾ എന്തെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിൽ പരിശോധനയ്ക്കുശേഷം ഡോക്ടറുടെ നിർദേശമനുസരിച്ച് അത് മാറ്റാവുന്നതാണ്. അതുകൊണ്ട്, സാധാരണ ഗതിയിൽ ദീർഘകാലം കഴിക്കുന്ന ഈ മരുന്നുകൾകൊണ്ട് വൃക്കയ്ക്ക് പ്രശ്നമുണ്ടാകുമെന്ന ഭയം വേണ്ട.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme