കൊവിഡ് മഹാമാരി ഒരു പേമാരിക്ക് ശേഷമുള്ള ചാറ്റല്‍ മഴപോലെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയും സ്കൂളുകള്‍ തുറക്കുകയും ചെയ്തിരിക്കുന്നു. ഈ മഹാമാരി പ്രത്യക്ഷത്തില്‍ ഒരുപാട് പേരെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മഹാമാരിയുടെ നിശബ്ദ ഇരകള്‍ ആണ് നമ്മുടെ കുട്ടികള്‍. കോവിഡ്, കുട്ടികള്‍ക്ക് മാരകമായ അസുഖങ്ങളോ മരണമോ വളരെ വിരളമായേ ഉണ്ടാക്കുന്നുള്ളൂ. പക്ഷേ ഇതിന്റെ അളക്കാനാവാത്ത വില കുട്ടികള്‍ക്കിടയില്‍ വളരെ വലുതാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി കുട്ടികളെല്ലാം വീടുകളില്‍ അടച്ചിരിക്കുകയാണ്. ഇതു അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴി ഈ പ്രതിസന്ധിയെ മറികടക്കാന്‍ നമ്മള് ശ്രമിക്കുന്നു. ഇത് ഒരു പരിധി വരെ പഠന പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിച്ചെങ്കിലും ഇതുമൂലം പുതിയ പ്രശ്നങ്ങള്‍ പലതും ഉണ്ടായിരിക്കുന്നു. കുട്ടികളുടെ ചിട്ടയായ ശീലങ്ങള്‍ പലതും ഇല്ലാതെ ആയിരിക്കുന്നു. രാവിലെ കൃത്യ സമയത്ത് ഉറക്കം എഴുന്നേല്ക്കുകയും ദിനചര്യകള്‍ ക്യത്യമായി പാലിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. ക്ലാസ്സ്് തുടങ്ങുന്ന സമയത്ത് എഴുന്നേറ്റ് നേരിട്ട് സ്ക്രീനിനു മുന്നില്‍ ഇരിക്കുകയാണ് കുട്ടികളുടെ പതിവ്. അതുപോലെ ക്ലാസ്സ് കഴിഞ്ഞാലും സ്ക്രീനില്‍ മറ്റു കാര്യങ്ങള്‍ ചെയ്തു കൊണ്ട് ഇരിക്കുന്നു. ഇതു മൂലം ദിനചര്യകള്‍ ക്യത്യമായി നടക്കുന്നില്ല. മാത്രമല്ല അമിതമായ സ്ക്രീന്‍ ഉപയോഗവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളും വളരെ രൂക്ഷമായി മാറുന്നു. കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിലേയും പ്രശ്നങ്ങള്‍ക്ക് വിധേയരായി തീരുന്നു. ദിവസം മുഴുവനും സ്ക്രീനില്‍ ചിലവിടുന്നത് കുട്ടികളില്‍ വ്യായാമത്തിന്റെ അഭാവം, പൊണ്ണത്തടി, വിഷാദം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരുപാട് കുട്ടികള്‍ സ്കൂളില്‍ തിരിച്ചു പോകാന്‍ വിമുഖത കാണിക്കുന്നു. വീടുകള്‍ക്ക് ഉള്ളില്‍ തന്നെ മുഴുവന്‍ സമയവും ചിലവഴിക്കുന്നത് കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു. ഇത് വിഷാദം, ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
നമുക്ക് ഇനി ഇതിന്റെ പരിഹാരമാര്‍ഗ്ഗങ്ങള്‍ പരിശോധിക്കാം.
· കുട്ടികളെ പതിവായി സ്കൂളില്‍ വിടുകയാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് മിക്ക സ്കൂളുകളിലും ക്ലാസ്സ്് നടക്കുന്നത്. ദിവസവും രണ്ടു മണിക്കൂര്‍ ക്ലാസ്സ് ഉണ്ടാകും. ഇത് കുട്ടികള്‍ക്ക് അവരുടെ ദിനചര്യകളിലേക്ക് സാവകാശം മടങ്ങിയെത്താനുള്ള അവസരം നല്കുന്നു. അതിനാല്‍ നമ്മുടെ കുട്ടികളെ സ്ഥിരമായി സ്കൂളില്‍ വിടുന്നത് വളരെ അധികം പ്രധാനമാണ്.
· കുട്ടികളെ സ്കൂളില്‍ വിടാന്‍ ചില മാതാപിതാക്കള്‍ക്കെങ്കിലും ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ ആശങ്ക തികച്ചും അസ്ഥാനത്താണ്. കുട്ടികളുടെ ഇടയില്‍ കൊറോണ ഒരു വലിയ പ്രശ്നമുളള അസുഖമല്ല. സാധാരണയായി ഒരു വൈറല്‍ പനി വരുന്ന ലക്ഷണങ്ങള്‍ മാത്രം ഉണ്ടാക്കുകയും നാലഞ്ചു ദിവസത്തിനുള്ളില്‍ തനിയെ മാറുകയും ചെയ്യുന്ന ഒരു അസുഖമാണ് കുട്ടികള്‍ക്ക് കൊറോണ. ഇതിനാല്‍ കുട്ടികളെ സ്കൂളില്‍ വിടുന്നതുകൊണ്ട് അവര്‍ക്ക് അസുഖം ബാധിച്ചാലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. കോവിഡിന്റെ തുടക്കത്തില്‍ നമ്മള് സ്കൂളുകള്‍ അടച്ചത് കുട്ടികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നില്ല. കുട്ടികള്‍ സ്കൂളില്‍ പോയി അസുഖം ബാധിച്ച് അതിനുശേഷം വീടുകളില്‍ വന്ന് മുതിര്‍ന്ന ആളുകള്‍ക്ക് അസുഖം പകര്‍ന്നുകൊടുക്കും എന്നുള്ള പേടികൊണ്ടാണ് സ്കൂളുകള്‍ നമ്മള് അടച്ചത്. ഈ പേടി ഇപ്പോള്‍ നിലനില്ക്കുന്നില്ല, കാരണം വീട്ടിലുള്ള മുതിര്‍ന്നവര്‍ (18 വയസ്സിന് മുകളിലുള്ള എല്ലാ ആളുകളും) രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് അസുഖം പകര്‍ന്നു കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.
· ക്യത്യമായി ദിനചര്യകള്‍ പാലിക്കാന്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുക. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളിലും ക്യത്യസമയത്ത് ഉറക്കം എണീക്കുകയും ദിനചര്യകള്‍ ക്യത്യമായി പാലിക്കുകയും ചെയ്യുക.
· ക്യത്യ സമയത്ത് ഉറങ്ങുന്ന ശീലം പ്രോത്സാഹിപ്പിക്കുക. രാത്രി ഒരുപാട് നേരം ഉറക്കമിളച്ച് ഇരിക്കുന്നത് നിരുത്സാഹപ്പെടുത്തുക. ഉറക്ക സമയത്തിന് രണ്ടു മണിക്കൂര്‍ മുമ്പുള്ള സമയം സ്ക്രീന്‍ ഉപയോഗം നിരുത്സാഹപ്പെടുത്തുക.
· ദിവസം രണ്ടു മണിക്കൂര്‍ നേരത്തേക്ക് സ്ക്രീന്‍ ഉപയോഗം ചുരുക്കുക. ഈ രണ്ടു മണിക്കൂര്‍ എപ്പോള്‍ വേണമെന്ന് കുട്ടിക്ക് തീരുമാനിക്കാന്‍ അവസരം കൊടുക്കുക. ചെറിയ വ്യത്യാസങ്ങള്‍ അനുവദിക്കുകയും അത് പിറ്റേന്നത്തെ സമയത്തില്‍ ക്രമീകരീക്കുകയും ചെയ്യുക. പഠന ആവശ്യങ്ങള്‍ക്കുള്ള സ്ക്രീന്‍ ഉപയോഗം ഈ രണ്ടു മണിക്കൂറില്‍ കൂട്ടുന്നില്ല.
· സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഓരോ പതിനഞ്ച് മിനിറ്റിലും അര മിനിട്ട് സ്ക്രീന്‍ ബ്രേക്ക് എടുക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഈ ബ്രേക്ക് സമയത്ത് ജന്നലിലൂടെയൊ വാതിലിലൂടെയോ വിദൂരതയില്‍ നോക്കുന്നതാണ് ഉത്തമം.
· കുട്ടികളുടെ സ്ക്രീന്‍ ഉപയോഗം മാതാപിതാക്കള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കുട്ടി ക്ളാസില്‍ പങ്കെടുക്കുന്നതും സ്ക്രീനില്‍ ചെയ്യുന്ന മറ്റു കാര്യങ്ങളും മാതാപിതാക്കള്‍ ഇടക്കിടെ പരിശോധിക്കുന്നത് കുട്ടികളില്‍ ഉത്തരവാദിത്ത ബോധം വളര്‍ത്തുകയും സ്ക്രീനിന്റെ തെറ്റായ ഉപയോഗങ്ങള്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.
· മതിയായ വ്യായാമം ചെയ്യുക. ദിവസവും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമം ആവശ്യമാണ്. ഇത് കുട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. കായിക വിനോദങ്ങളോ നൃത്തമോ നടക്കുകയോ ആകാം. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വ്യായാമം ആകുമ്പോള്‍ തുടര്‍ന്നു കൊണ്ടേയിരിക്കാനുളള സാധ്യത കൂടുതലാണ്. അതുപോലെ കൂട്ടുകാര്‍ക്ക് ഒപ്പമുളള വ്യായാമവും തുടര്‍ന്ന് പോകുന്നതാണ്.
· സമീകൃതാഹാരം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. ഇത് കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
· പ്രാതല്‍ കൃത്യമായി കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. അത്താഴം കഴിഞ്ഞ് രാവിലെ വരെ ഉള്ള പന്ത്രണ്ട് മണിക്കൂറോളം സമയം ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാതല്‍ കഴിച്ചില്ലെങ്കില്‍ അവതാളത്തില്‍ ആകുകയും ഇത് അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യും.
മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താനും മികച്ച പൗരന്മാരുടെ ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കാനും കഴിയും. ഇന്നത്തെ സാഹചര്യത്തില്‍ ഒരു കുട്ടിക്ക് ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് നമ്മുടെ സംസ്ഥാനം. വളരെ കുറഞ്ഞ ശിശുമരണ നിരക്കും ഉയര്‍ന്ന വിദ്യാഭ്യാസ-ആരോഗ്യ നിലവാരവും വളരെ കുറഞ്ഞ ദാരിദ്ര്യ നിരക്കും ഈ നേട്ടത്തിന് കാരണമാണ്. ഇതിന്റെ ഭാഗമായി നമ്മള് വികസിത രാജ്യങ്ങളോട് സമാനമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഇതുമൂലം വികസിത രാജ്യങ്ങളില്‍ കാണുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമായി കാണാം. അതിനാല്‍ ആരോഗ്യ പരിചരണത്തിന്റെ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗങ്ങളാണ് നമുക്ക് ആവശ്യം. ഭാവിയില്‍ നമ്മുടെ നാട്ടില്‍ ആരോഗ്യമുള്ള ജനത ഉണ്ടാകണമെങ്കില്‍ നമ്മുടെ കുട്ടികള്‍ ആരോഗ്യമുള്ളവരും നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കുന്നവരും ആയിരിക്കണം. ഇതിന് പൊതുസമൂഹത്തിന്റേയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടെയും, ശിശുരോഗ വിദഗ്ധരുടേയും സര്‍ക്കാരിന്റേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരും ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സും കൈകോര്‍ത്ത് പിടിച്ച് ഇതിലേയ്ക്കായി ഒരുപാട് പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ട്. ഇതിന് ശക്തമായ പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ കുട്ടികളുടെ ഭാവി നമ്മുക്ക് ശോഭനമാക്കാം.
ഡോ. ആര് അഭിരാം ചന്ദ്രന്
പീഡിയാട്രിക് കണ്‍സള്‍ട്ടന്റ്
എസ് യു ടി ഹോസ്പ്പിറ്റല്‍, പട്ടം