in , ,

ഇന്ത്യന്‍ കുട്ടികളില്‍ അമിതവണ്ണം കൂടുന്നു

Share this story

ഇന്ത്യയില്‍ കുട്ടികളിലെ ഭാരം അമിതമായി കൂടുന്നതായി ആരോഗ്യവിദഗ്ധരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏകദേശം നാല്‍പ്പതു ദശലക്ഷം കുട്ടികളിലാണ് അമിതഭാരമുണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇതിനകം പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളിലെ അമിതവണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ പ്രമേഹരോഗത്തിലേക്ക് അവരെ തള്ളിവിട്ടേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

അമിതവണ്ണമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൗമാരത്തിലേക്ക് കടക്കുമ്പോള്‍ അവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനയുണ്ടാകും. ഒരു രാജ്യത്തെ യുവത മുഴുവന്‍ രോഗികളാകുന്ന അവസ്ഥ ചിന്തിക്കുക തന്നെ പ്രയാസമാണ്. അതിനാല്‍, ഇക്കാര്യത്തില്‍ ഉചിതമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് സമൂഹത്തിന് ആവശ്യമാണ്.

ആരോഗ്യത്തിന്റെ ലക്ഷണം വണ്ണമല്ലെന്ന തിരിച്ചറിവാണ് രക്ഷിതാക്കള്‍ക്ക് ഉണ്ടാകേണ്ടത്. മക്കള്‍ മെലിഞ്ഞുണങ്ങിയിരിക്കുന്നൂവെന്നത് കുറച്ചിലായി കാണാതെ അവര്‍ക്ക് ആരോഗ്യമുണ്ടോ എന്നതുമാത്രം പരിഗണിച്ചാല്‍ മതി. വ്യായാമത്തിന്റെയും കളികളുടെയും അഭാവംനിമിത്തം ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അധിക കലോറികള്‍ കൊഴുപ്പുകളായി വയറിനടുത്ത് അടിഞ്ഞു കൂടുന്നു. ക്രമേണ അത് ശരീരത്തിലുടനീളം വ്യാപിക്കുകയും വലുതായിത്തീരുകയും ചെയ്യുന്നു. ഇതാണ് കുട്ടികളിലെ അമിതവണ്ണത്തിന് ഇടയാക്കുന്നത്.

കുട്ടിക്കാലത്ത് അമിതഭാരമുള്ളവര്‍ക്ക്് പ്രായമാകുമ്പോള്‍ ശരീരഭാരം കുറയാനുള്ള സാധ്യത കുറവാണ്. അമിതവണ്ണം, കൗമാരത്തിനുശേഷവും ഹൃദ്രോഗം, പ്രമേഹം, ഹൃദയാഘാതം, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്ക് കാരണമാകും. അമിതവണ്ണം മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകളില്‍ വന്ധ്യത സംഭവിക്കുന്നു. സ്തനാര്‍ബുദവും സെര്‍വിക്കല്‍ പ്രശ്‌നങ്ങളും ഉണ്ടാകാം. തൈറോയ്ഡ് ഗ്രന്ഥി, സെര്‍വിക്കല്‍ ക്യാന്‍സര്‍, ചെറുകുടലില്‍ അര്‍ബുദം, അണ്ഡാശയ പ്രശ്‌നങ്ങള്‍ എന്നിവയിലെ മാറ്റങ്ങള്‍ക്കും അമിതവണ്ണം കാരണമായേക്കും.

അമിതവണ്ണം ഒരു പാരമ്പര്യ സ്വഭാവം കൂടിയാണ്. എന്നാല്‍ ഭക്ഷണ ശീലങ്ങളില്‍ പ്രത്യേക ശ്രദ്ധയും കൃത്യമായ വ്യായാമവും നല്‍കിയാല്‍ ആരോഗ്യമുള്ള ശരീരമാക്കി മാറ്റാം. അതിനാല്‍ കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാനും വ്യായമവും കളികളും ശീലിപ്പിക്കാനും രക്ഷിതാക്കള്‍ ശ്രമിക്കണം. ആരോഗ്യമുള്ള യുവതയെ രാജ്യത്തിന് നല്‍കുന്നതില്‍ രക്ഷിതാക്കള്‍ക്കു വ്യക്തമായ കടമയുണ്ടെന്നും നമ്മള്‍ ഓര്‍ക്കേണ്ടതാണ്.

കുഞ്ഞുങ്ങളെ തനിച്ചാക്കരുത്; അവരെ ഒപ്പം കിടത്തൂ…

ഇരുപത് കൊല്ലത്തിനിടെ മനുഷ്യരെ കൊല്ലിച്ചതില്‍ ഒന്നാമത് ഹൃദ്രോഗം