വീട്ടില്‍ തയ്യാറാക്കിയ അച്ചാറിന്റെ രുചി വേറെ തന്നെയാണല്ലേ. പലര്‍ക്കും പുറത്ത് നിന്നും വാങ്ങി ഉപയോഗിക്കുന്നതിനേക്കാളും സ്വന്തമായി, ഇഷ്ടമുള്ള ചേരുവകള്‍ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാനാണ് ഇഷ്ടം. എന്നാല്‍ വീടുകളില്‍ അച്ചാറിട്ടത്തിന് ശേഷം സ്ഥിരമായി കാണുന്ന കാഴ്ചയാണ് അതില്‍ പൂപ്പല്‍ വരുന്നത്. രണ്ടു ദിവസം ഉപയോഗിച്ച് കഴിഞ്ഞാല്‍ അടുത്ത ദിവസം എടുക്കുമ്പോഴേക്കും അച്ചാറില്‍ പൂപ്പല്‍ വന്നിട്ടുണ്ടാകും. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?
- അച്ചാറിടുന്നത് മാങ്ങയോ, നെല്ലിക്കയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ ആവാം. എന്ത് എടുത്താലും അവ കഴുകിയതിന് ശേഷം അതില്‍ നിന്നും പൂര്‍ണമായും ഈര്‍പ്പം പോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പൂപ്പല്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
- കഴുകിയതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയോ അല്ലെങ്കില്‍ വെയിലത്ത് ഉണങ്ങാന്‍ വയ്ക്കുകയോ ചെയ്യാം. വെയിലത്ത് വെച്ചാല്‍ പൂപ്പല്‍ ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും.
- പ്ലാസ്റ്റിക് പത്രങ്ങളില്‍ സൂക്ഷിക്കുന്നതിനേക്കാളും ഗ്ലാസ് പാത്രങ്ങളാണ് അച്ചാറുകള്‍ സൂക്ഷിക്കാന്‍ കൂടുതല്‍ ഉചിതം. അച്ചാറ് സൂക്ഷിക്കുന്ന പാത്രങ്ങള്‍ ഇടയ്ക്ക് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ വയ്ക്കാവുന്നതാണ്.
- ഇടക്ക് ഇടക്ക് അച്ചാറിട്ടുവെച്ചിരിക്കുന്ന പാത്രങ്ങള്‍ തുറക്കാന്‍ പാടില്ല. അകത്തേക്ക് വായു കടന്നാലും പൂപ്പല്‍ വരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ കുറച്ച് ദിവസത്തേക്കുള്ളത് എടുത്ത് മാറ്റി സൂക്ഷിക്കാം.
- പുറത്ത് വയ്ക്കുന്നതിനേക്കാളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ആവശ്യമായ രീതിയില്‍ തണുപ്പടിച്ചാല്‍ പൂപ്പല്‍ ഉണ്ടാകുന്നത് തടയാന്‍ സാധിക്കും.
- അച്ചാര്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ എണ്ണ ഉപയോഗിച്ചാല്‍ പൂപ്പല്‍ വരുന്നത് തടയാനാകും. പാത്രത്തിന് മുകളില്‍ എണ്ണ കിടക്കുന്നതിന് ആവശ്യമായ രീതിയില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.
- അച്ചാറിട്ട ശേഷം അത് പാത്രത്തില്‍ നിന്നും എടുക്കുമ്പോള്‍ നനവുള്ള സ്പൂണ്‍ ഉപയോഗിക്കരുത്. ഇത് സ്ഥിരമായി പലരും ചെയ്യുന്ന അബദ്ധമാണ്. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ അച്ചാറില്‍ പൂപ്പല്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ കഴിയും.