in ,

അഞ്ഞൂറ് പേര്‍ക്ക് കൃത്രിമ കാലുകള്‍ സമ്മാനിച്ച് കിംസ്ഹെല്‍ത്ത്

Share this story

തിരുവനന്തപുരം: കിംസ്ഹെല്‍ത്തിന്‍റെ സന്നദ്ധ സ്ഥാപനമായ കിംസ്ഹെല്‍ത്ത് ജയ് പൂര്‍ ഫൂട് സെന്‍ററില്‍ നിന്നും അഞ്ഞൂറ് കൃത്രിമ കാലുകള്‍ വിതരണം ചെയ്തു. കിംസ്ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ പതിനഞ്ച് പേര്‍ക്ക് കൃത്രിമ കാലുകള്‍ വിതരണം ചെയ്തതോടെ 2019 ജനുവരിയില്‍ ആരംഭിച്ച സാമൂഹിക പ്രതിബദ്ധതാ ദൗത്യത്തിന്‍റെ (സിഎസ്ആര്‍) രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ അഞ്ഞൂറ് കുടുംബങ്ങളുടെ അറ്റുപോയ പ്രതീക്ഷകള്‍ക്ക് പുതുജീവനേകാനായി.
സമൂഹത്തില്‍ അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുകയെന്ന ലക്ഷ്യമാണ് കൃത്രിമ കാലുകളുടേയും കൈകളുടേയും (ആര്‍ട്ടിഫിഷ്യല്‍ ലിംബ്) സൗജന്യ വിതരണത്തിന് പിന്നിലെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം ഐ സഹദുള്ള പറഞ്ഞു. കൃത്രിമ കാലുകള്‍ സ്വീകരിച്ച് അഞ്ഞൂറ് പേര്‍ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നതില്‍ സന്തോഷമുണ്ട്. ഈ വര്‍ഷം ആയിരം ആര്‍ട്ടിഫിഷ്യല്‍ ലിംബുകള്‍ വിതരണം ചെയ്യുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക നന്‍മയിലൂന്നിയ കിംസ്ഹെല്‍ത്തിന്‍റെ അഭിമാനകരമായ ദൗത്യത്തെ ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം നടത്തിയ സായുധ പൊലീസ് ബറ്റാലിയന്‍ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍  പി പ്രകാശ് ഐപിഎസ് അഭിനന്ദിച്ചു.
സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യമായി ആര്‍ട്ടിഫിഷ്യല്‍ ലിംബുകള്‍ വിതരണം ചെയ്യുന്ന കേരളത്തിലെ ഏക സ്ഥാപനമാണിതെന്ന് കിംസ്ഹെല്‍ത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രശ്മി ഐഷ പറഞ്ഞു. വിപണിയില്‍ അന്‍പതിനായിരത്തിനു മുകളില്‍ വരെ വിലപിടിപ്പുള്ള ആര്‍ട്ടിഫിഷ്യല്‍ ലിംബുകള്‍ സൗജന്യമായാണ് കിംസ്ഹെല്‍ത്ത് വിതരണം ചെയ്യുന്നത്. ക്യാമ്പുകള്‍ സംഘടിപ്പിച്ചും നേരിട്ടുള്ള രജിസ്ട്രേഷനിലൂടെയുമാണ് അര്‍ഹരെ കണ്ടെത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക സാഹചര്യങ്ങളൊന്നും നോക്കാതെ അര്‍ഹരായ എല്ലാവര്‍ക്കും അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍  ആര്‍ട്ടിഫിഷ്യല്‍ ലിംബ് ലഭ്യമാക്കും. വാങ്ങുന്ന ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യ സര്‍വീസും നല്‍കുന്നുണ്ട്. ഉപയോഗിക്കുന്നതിനുള്ള പരിശീലനവും പരിപാലനവും വിദഗ്ധ ഡോകടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷനും കിംസ്ഹെല്‍ത്ത് ഉറപ്പുവരുത്തുന്നുണ്ട്.
ആറുവര്‍ഷം വരെ കേടുകൂടാതെ ഉപയോഗിക്കാനാകുന്ന കൃത്രിമകാലുകളുടെ പാദങ്ങള്‍ റബ്ബറും മുകള്‍ഭാഗം പിവിസി പൈപ്പും ചേര്‍ത്ത് ഏതു കാലാവസ്ഥക്കും അനുയോജ്യമായാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കിംസ്ഹെല്‍ത്ത് ഓര്‍ത്തോപീഡിക്സ് വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. മദന്‍ മോഹന്‍ പറഞ്ഞു. കൃത്രിമ കാലുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രാവീണ്യം നേടിയ എഞ്ചീനീയര്‍മാരടങ്ങുന്ന സംഘമാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.  ആവശ്യക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്ലാസ്റ്റര്‍ ചുറ്റി അളവ് എടുത്ത് പ്ലാസ്റ്റര്‍ ഓഫ് പാരീസ് പൊടി നിറച്ച് സെറ്റ് ചെയ്തതിനു ശേഷം പിവിസി പൈപ്പും റബ്ബറും ചേര്‍ത്ത് ഓവനില്‍വച്ച് മോള്‍ഡ് ചെയ്താണ് നിര്‍മ്മിച്ചെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാലിയേറ്റീവ് കെയര്‍ സെന്‍ററില്‍ നിന്നെത്തിയ വീട്ടമ്മ കൃത്രിമകാലുകള്‍ സ്വീകരിച്ചതിനുശേഷം തന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തിയതായി കിംസ്ഹെല്‍ത്തിലെ റീഹാബിലിറ്റേഷന്‍ ഫിസിഷന്‍ ഡോ. ലക്ഷ്മി നായര്‍ പറഞ്ഞു. അപകടങ്ങളാലും പ്രമേഹത്താലും കാല് നഷ്ടപ്പെട്ടവരാണ് ആവശ്യക്കാരായെത്തുന്ന ഭൂരിഭാഗവുമെന്നും അവര്‍ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക്  7593001461 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കോവിഡ്, സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം

സംസ്ഥാനത്ത് മദ്യവില്‍പന ശാലകളും തുറക്കില്ല; ശനി, ഞായര്‍ ദിവസങ്ങളില്‍ അടച്ചിടണമെന്ന് ഉത്തരവ്