തൃശൂർ: വാട്ടർ ഓഫ് ലൈഫ് ഫൗണ്ടേഷൻ സംഘടിപ്പിച്ച യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിൽ സംഘടനയുടെ ബ്രാൻഡ് അംബാസിഡറായാണ് നൂറിലേറെ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച കൊല്ലം തുളസി തൃശൂരിൽ എത്തിയത്.
12 വർഷങ്ങൾക്കു മുൻപ് അർബുദ രോഗം ബാധിച്ചപ്പോൾ കീമോതെറാപ്പി ഉൾപ്പെടെ ചികിത്സയുടെ ഭാഗമായി നടത്തേണ്ടി വന്നു. രോഗമുക്തി നേടിയെങ്കിലും അർബുദ ചികിത്സയുടെ പാർശ്വഫലമായി ഞരമ്പുകളെ ബാധിക്കുന്ന ന്യൂറോപ്പതി രോഗം വന്നുവെന്ന് കൊല്ലം തുളസി പറയുന്നു. ആറേഴു വർഷമായി യൂറിൻ തെറാപ്പി സ്വീകരിച്ചിട്ട്. അർബുദം മാറിയത് യൂറിൻ തെറാപ്പി സ്വീകരിച്ചത് മൂലമാണെന്ന് പറയുന്നില്ലെങ്കിലും വീണ്ടും അർബുദം വരാതിരുന്നത് ഈ ചികിത്സാ പദ്ധതി മൂലമാണ് എന്ന് താൻ വിശ്വസിക്കുന്നതായി തുളസി പറഞ്ഞു. തെറാപ്പി തുടങ്ങി മൂന്നു മാസങ്ങൾക്കുള്ളിൽ പ്രകടമായ മാറ്റങ്ങൾ തന്റെ ആരോഗ്യത്തിൽ വന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ന്യൂറോപതി ഭേദപ്പെട്ട് വരുന്നു, ഒപ്പം തന്നെ വലതു കണ്ണിലെ കാഴ്ച സംബന്ധിച്ച് ബുദ്ധിമുട്ടിലും നല്ല മാറ്റമുണ്ട്. ഈ ചികിത്സാ പദ്ധതി സ്വീകരിച്ച് രോഗം ഭേദമായപ്പോൾ വാട്സ്ആപ്പ് മുഖാന്തരം അത് മറ്റുള്ളവരെ അറിയിച്ചിരുന്നു. തന്റെ സന്ദേശങ്ങൾ കേട്ട് ആളുകൾ യൂറിൻ തെറാപ്പിയിലേക്ക് എത്തിയതായും തുളസി പറഞ്ഞു.
മലയാള സിനിമയിൽ അഭിനയിക്കാൻ തയ്യാറാണ് പക്ഷേ ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നില്ല. സിനിമയിലേക്ക് വിളി വന്നാൽ ചെന്ന് അഭിനയിക്കുമെന്നും ‘രണ്ട് പ്രമുഖ തമിഴ് സിനിമയിലും താൻ അഭിനയിച്ചിട്ടുണ്ട്, തമിഴ് സിനിമയിലെ നായകന്മാരുടെ ഇടി കൊള്ളത്തക്ക രീതിയിൽ ആരോഗ്യം വീണ്ടെടുത്താൽ തമിഴ് സിനിമയിലും അഭിനയിക്കുമെന്നും തൃശൂരിലെ പരിപാടിക്കിടയിൽ ചുറ്റുംകൂടി ആരാധകരോട് നടൻ കളി പറഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങി അഭിപ്രായ പ്രകടനങ്ങൾ നടത്താൻ തുടങ്ങിയതിനെ തുടർന്ന് വലിയ സൈബർ ആക്രമണമാണ് താനിപ്പോൾ നേരിടുന്നത് എന്നും നടൻ പറഞ്ഞു.