ശ്വാസകോശാര്‍ബുദം പുരുഷന്മാര്‍ക്ക് മാത്രം വരുന്ന അസുഖമല്ല, ഓരോ ഏഴുമിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീകളിൽ ശ്വാസകോശാർബുദം മൂലം മരിക്കുന്നു. കേട്ടാല്‍ ഞെട്ടുന്ന ഈ വിവരം പങ്കുവച്ചത് അപ്പോളോ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ സംഗീത റെഡ്ഡിയാണ്.
‘സാധാരണഗതിയില്‍ സ്ത്രീകള്‍ക്ക് ശ്വാസകോശാര്‍ബുദം വരില്ലെന്നാണ് നാം കരുതുന്നത്. എന്നാല്‍ എല്ലാ ഏഴുമിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീ വീതം ശ്വാസകോശാര്‍ബുദം മൂലം മരണപ്പെടുന്നുണ്ട്. അത് വളരെ ഉയര്‍ന്ന നിരക്കാണ്, ഗൗരവത്തോടെ കാണേണ്ടതും. അര്‍ബുദ ബാധിതരായ സ്ത്രീകളില്‍ പുകവലിക്കുന്നവരോ, പുകയില ഉപയോഗിക്കുന്നവരോ 8-9 ശതമാനം മാത്രമാണ്. കുടുംബത്തില്‍ പുകവലിക്കുന്ന പുരുഷന്മാരുള്ളതാണ് സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദം വരുന്നതിനുള്ള കാരണങ്ങളിലൊന്ന്.’ സംഗീത റെഡ്ഡി പറയുന്നു.
അന്താരാഷ്ട്ര വനിതാദിനവുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതരില്‍ ക്രമാനുഗതമായ കുറവുണ്ടായതായും അവര്‍ അഭിപ്രായപ്പെട്ടു. ‘അര്‍ബുദബാധിതരായി മരിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ വലിയ കുറവുണ്ട്. കൃത്യമായ പരിശോധന നടക്കുന്നതും അര്‍ബുദ ബാധ നേരത്തേ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുമാണ് ഇതിന് കാരണം അവര്‍ പറഞ്ഞു.’
സ്ത്രീകള്‍ മുന്‍കാലത്തെ അപേക്ഷിച്ച് സ്വന്തം ആരോഗ്യത്തിന് പ്രധാന്യം നല്‍കിത്തുടങ്ങിയെന്നും അവര്‍ പറഞ്ഞു. ‘സാധാരണയായി സ്വന്തം ആരോഗ്യത്തേക്കാള്‍ സ്ത്രീകള്‍ കുടുംബത്തിനും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ക്കുമാണ് പ്രധാന്യം നല്‍കിയിരുന്നത്. അതുകൊണ്ട് സ്വന്തം കാര്യത്തില്‍ ശ്രദ്ധിക്കാനോ, ഡോക്ടറെ കാണാനോ അവര്‍ താമസിച്ചിരുന്നു. എന്നാല്‍ പുതുതലമുറയിലെ സ്ത്രീകള്‍ കൂടുതല്‍ അറിവുള്ളവരാണ്. അവര്‍ക്ക് ആരോഗ്യത്തെ കുറിച്ചും ഫിറ്റ്‌നെസ്സിനെ കുറിച്ചും ബോധ്യമുണ്ട്.’ സംഗീത ചൂണ്ടിക്കാണിക്കുന്നു.
ഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ കഴിച്ചാല്‍ കുട്ടികളില്‍ എഡിഎച്ച്ഡി ഉണ്ടാകുമെന്ന് പഠനം
ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. സ്ത്രീകളില്‍ 24 ശതമാനം പേരും ഭാരക്കൂടുതല്‍ മൂലം ബുദ്ധിമുട്ടുന്നതായും 18 ശതമാനം പേര്‍ക്ക് ഭാരക്കുറവുണ്ട്.ഓരോ മൂന്നുമിനിട്ടിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നുണ്ടെന്നുള്ളത് ആശങ്കപ്പെടേണ്ട ഒന്നാണ്. സ്തനാര്‍ബുദ ബാധിതരെ എത്രയും വേഗം കണ്ടെത്തി നേരത്തേ ചികിത്സ ആരംഭിക്കണം. വളരെ ചെറുപ്രായത്തില്‍ തന്നെ സ്ത്രീകള്‍ക്ക് അര്‍ബുദമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും 40 വയസ്സുമുതലെങ്കിലും മാമോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണമെന്നും അവര്‍ പറയുന്നു. സ്ത്രീകളുടെ മാനസികാരോഗ്യത്തിന് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ സംസാരിച്ചു