പുറംചെവിയിലെ കുഴല്‍ ഭാഗത്തു കാണുന്ന മെഴുകു പോലെയുളള പദാര്‍ഥമാണ് ചെവിക്കായം അഥവാ ഇയര്‍ വാക്‌സ് ധാരാളം അന്നജഘടകങ്ങളും പ്രോട്ടീന്‍ ഘടകങ്ങളും രോഗപ്രതിരോധത്തിനുതകുന്ന പല വസ്തുക്കളും ചെവിക്കായത്തില്‍ ഉണ്ട്. അതി നോടൊപ്പം ആ ഭാഗത്തെ തൊലിയില്‍ നിന്ന് അടര്‍ന്നു വീഴുന്ന കോശങ്ങളും. നമ്മുടെ താടിയുടെ ചലനത്തോടൊപ്പം ചെവിക്കായം പുറത്തേക്കു നീക്കപ്പെടുന്നു. കുഞ്ഞുങ്ങളില്‍ ചെവിക്കായം വലിയവരേക്കാള്‍ മ്യദുവായിരിക്കും.
നമ്മുടെ ചെവിക്കള്‍ക്കു സംരക്ഷണം നല്‍കുന്ന ഈ മൃദുവായ വസ്തു നീക്കി കളയേണ്ട ആവശ്യം ഇല്ല. അപൂര്‍വമായി ചെവിക്കായം കട്ടി പിടിച്ച് ചെവിയില്‍ തടസ്സം ഉണ്ടാക്കാം അങ്ങനെ വന്നാല്‍ ചെറിയ കുട്ടികളില്‍ ചിലപ്പോള്‍ ചെവിക്കു ചൊറിച്ചില്‍, അസ്വസ്ഥതയോടെ ചെവിയില്‍ തട്ടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. കുറിച്ചു വലിയ കുട്ടികള്‍ കേള്‍വിക്കുറവ് കാണിക്കാറുണ്ട്.
ചെവിയില്‍ എന്തെങ്കിലും അസ്വാസ്ഥ്യം തോന്നുന്നുവെങ്കിലോ ചൊറിച്ചിലോ വേദനയോ അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കിലോ കുഞ്ഞിനെ ഡോക്ടറെ കാണിക്കുക. ചെവിക്കായം കട്ടിപ്പിടിച്ചിരിക്കുന്നു എങ്കില്‍ അവ അലിയിച്ചു കളയാനുളള മരുന്നുകള്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശാനുസരണം അവ ചെവിയില്‍ ഒഴിക്കാം.
സ്വന്തമായി ചെവിക്കായം നീക്കാന്‍ ശ്രമിച്ചാല്‍ ചെവിക്കായം കൂടുതല്‍ അകത്തേയ്ക്കു നീങ്ങിപോകാം ചിലപ്പോള്‍ ഇയര്‍ ഡ്രം മുറിയാനും തുടര്‍ന്ന് രോഗാണുബാധ ഉണ്ടാകുവാനും സാധ്യതയുണ്ട്. ചെവിയില്‍ എന്തെങ്കിലും അസ്വാസഥൃമോ ചൊറിച്ചിലോ തോന്നിയാല്‍ സേഫ്ടി പിന്‍, താക്കോല്‍, ചെവി തോണ്ടി തുടങ്ങിയ വസ്തുക്കള്‍ ചെവിയില്‍ ഇടുന്നത് ഒഴിവാക്കുക. ബഡ്‌സ് ആണെങ്കില്‍ പോലും കുഞ്ഞുങ്ങളുടെ ചെവിയില്‍ ഇടാതിരിക്കുന്നതാണ് സുരക്ഷിതം