തിരുവനന്തപുരം: വീടെന്ന സ്വപ്നം പൂവണിയാതെയാണ് മീന യാത്രയായത്. അരുംകൊലയുടെ ഞെട്ടല്‍ വിട്ടുമാറാതെ പാറശാല കുഴിഞ്ഞാംവിള ഗ്രാമം. ചൂരക്കുഴി മേക്കെകര പുത്തന്‍വീട്ടില്‍ മീന(37)യ്ക്ക് അടച്ചുറപ്പുള്ള വീട് എന്നത് വലിയ സ്വപ്നമായിരുന്നുവെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു.
വീടിനായി ഏറെ നാളത്തേ കാത്തിരിപ്പിനെടുവിലാണ് പഞ്ചായത്തിന്റെ വകയായി വീടിനുള്ള ആദ്യ ഗഡു തുക ലഭിച്ചത്. തുടര്‍ന്ന് വീട് പണിയും ആരംഭിച്ചു. ഓരോ തവണയും പണം കിട്ടുമ്പോഴും മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് ഷാജി എത്തും. പണം നല്കാതിരിക്കുമ്പോള് ക്രൂരമായി മര്‍ദ്ദിക്കും. പഠനത്തില്‍ മുഴുകിയിരിക്കുന്ന മക്കളായ ഷാരോണും ശ്യാമിനും പഠിക്കാനും സാധിക്കില്ല. മക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ മീന പലതും സഹിച്ചു.
ഒടുവില്‍ പഞ്ചായത്തില്‍ നിന്നും നല്കിയ തുകനല്ലൊരുഭാഗവും ഷാജി മദ്യപിക്കാന്‍ എടുത്ത് കൊണ്ടുപോയി. സിമന്റ് ഇറക്കാനും മറ്റ് പണികള്‍ക്കും പണവും തികഞ്ഞില്ല. വീടെന്ന സ്വപ്നം പ്രതിസന്ധിയിലായതോടെ ഒരു സ്വകാര്യ ബാങ്കില്‍ നിന്നും നാല്പതിനായരം രൂപയോളം വായ്പയെടുത്തു. വീട് പണിക്കായി സാധനങ്ങള്‍ ഇറക്കുകയും ചെയ്തു. മീനയ്ക്ക് വായ്പ ലഭിച്ച വിവരമറിഞ്ഞ് ചീട്ടുകളി കേന്ദ്രത്തില്‍ നിന്നുമാണ് ഷാജി വീട്ടിലെത്തിയത്. കൂടെ മദ്യപാനി സുഹൃത്തുക്കളുടെ ഉപദേശവുമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
പണം ആവശ്യപ്പെട്ട ഷാജിയോട് വായ്പ കിട്ടിയ പണം സിമന്റ് ഇറക്കിയെന്നും തൊഴുകൈയോടെ പറഞ്ഞിട്ടും മീനയെ മര്‍ദ്ദിക്കുകയായിരുന്നു. മക്കള്‍ രണ്ടു പേരും ഉറക്കത്തിലായിരുന്നു. ഒടുവില്‍ സഹികെട്ട് വീടിന് പുറത്തേക്ക് ഓടിപോയ മീനയെ പിന്തുടര്ന്നെത്തിയ ഷാജി വെട്ടിവീഴ്ത്തുകയായിരുന്നു. മീനയുടെ നിലവിളികേട്ട് മക്കളായ ഷാരോണും ശ്യാമും ഉണര്‍ന്നെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയാണ് കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെും നാട്ടുകാരുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വീടെന്ന സ്വപ്നം ബാക്കിയാക്കി മീന യാത്രയായി.