in ,

ആര്‍ത്തവ വിരാമം: കാരണങ്ങളും പരിഹാരങ്ങളും

Share this story

സ്ത്രീകളുടെ ആര്‍ത്തവചക്രം സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം അഥവാ മെനോപ്പോസ്. അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. സാധാരണയായി പ്രായം 40-50തുകളില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം കണ്ടുതുടങ്ങും. അതേസമയം, 30കളിലും മറ്റും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയകൊണ്ട് ഗര്‍ഭാശയവും അണ്ഡാശയവും നീക്കംചെയ്യുന്ന ശസ്ത്രക്രിയയായ  ഹിസ്റ്ററെക്ടമി ചെയ്യുന്നത് മൂലമാണിത്. ഗര്‍ഭകാലത്തോ കുഞ്ഞിനെ മുലയൂട്ടുമ്പോഴോ അല്ലാതെ ഒരു വര്‍ഷം ആര്‍ത്തവമില്ലാതിരിക്കുന്ന അവസ്ഥ വരുകയാണെങ്കില്‍ സ്ത്രീക്ക് ആര്‍ത്തവ വിരാമം സംഭവിച്ചതായി വിലയിരുത്താം.

നേരത്തേ ആര്‍ത്തവ ചക്രം നിലക്കുന്നതിന് പല കാരണങ്ങളുമുണ്ട്. തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവ പ്രധാന കാരണങ്ങളില്‍പെടുന്നു. പുകവലി പലപ്പോഴും ഇത്തരം അവസ്ഥ സൃഷ്ടിക്കാറുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇത് സര്‍വസാധാരണമാണെങ്കിലും നമ്മുടെ നാട്ടില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ചില പ്രത്യേക ഗണത്തില്‍പെടുന്നവര്‍ ഇത്തരം ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. പുതിയ തലമുറയില്‍പെട്ടവരും ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നതായി കാണാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന പ്രത്യേക മാനസികാവസ്ഥ സ്ത്രീകളില്‍ ആര്‍ത്തവം നേരത്തേ നിലക്കാന്‍ കാരണമാകുന്നുണ്ട്. അര്‍ബുദത്തിന് ചികിത്സ തേടുന്നവരാണ് മറ്റൊരു വിഭാഗം. കീമോതെറപ്പി, റേഡിയേഷന്‍ എന്നിവകൊണ്ടും മെനോപ്പോസ് സംഭവിക്കാറുണ്ട്. അധിക വണ്ണം അല്ളെങ്കില്‍ ദുര്‍മേദസ്സ് വേറൊരു കാരണമായി കണ്ടത്തെിയിട്ടുണ്ട്.

മെനോപ്പോസിന് മുമ്പും പിമ്പുമുള്ള വര്‍ഷങ്ങളെ പെരിമെനോപ്പോസ് എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിറഞ്ഞ കാലങ്ങളിലൊന്നാണ് ആര്‍ത്തവ വിരാമം. പ്രധാനമായി ഇതിന്‍െറ ലക്ഷണങ്ങള്‍ താഴെപറയുന്നവയാണ്. ദേഹമാസകലം കടുത്ത ചൂട് അനുഭവപ്പെടുന്നതും രാത്രികാലത്ത് വിയര്‍ക്കുന്നതും പ്രധാന ലക്ഷണങ്ങളാണ്. മൈഗ്രേയിന്‍ (ചെന്നിക്കുത്ത്), ഹൃദയമിടിപ്പ് കൂടുതലായി അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലും ശ്രദ്ധിക്കുന്നത് നല്ലതാണ്.

യോനി വരണ്ടിരിക്കുക, ചൊറിച്ചില്‍ അനുഭവപ്പെടുക, രക്തം കൂടുതലായി പോകുക, മൂത്രം പെട്ടെന്ന് പോകണമെന്ന തോന്നലുണ്ടാവുക, മൂത്രം അറിയാതെ പോകുക എന്നീ ലക്ഷണങ്ങള്‍ക്ക് പുറമെ വെളുത്ത നിറത്തിലുള്ള ഡിസ്ചാര്‍ജ് ഉണ്ടായാലും ഡോക്ടറുടെ അടുത്ത് പോകാന്‍ മടിക്കരുത്. പുറംവേദന, മാംസപേശി വേദന, സന്ധി വേദന എന്നിവ അനുഭവപ്പെട്ടാല്‍ മധ്യവയസ്കരായ സ്ത്രീകള്‍ കൂടുതല്‍ വൈദ്യ പരിശോധനക്ക് വിധേയമാകുന്നത് നന്നായിരിക്കും. മെനോപ്പോസ് ബാധിക്കുന്ന വേളയില്‍ എല്ലുകള്‍ക്ക് വേഗത്തില്‍ തേയ്മാനം സംഭവിക്കാറുണ്ട്. സ്തനങ്ങള്‍ക്ക് വേദനയും വലുപ്പക്കുറവും ഉണ്ടാകുകയും ചെയ്യും. ത്വക്ക് ചുക്കിചുളിയുകയോ വരണ്ടിരിക്കുകയോ ചെയ്യുന്നതും രോഗലക്ഷണങ്ങളായി കണക്കാക്കുന്നു. വിഷാദം, ഉത്കണ്ഠ, പരിഭ്രമം എന്നിവ മറ്റ് ലക്ഷണങ്ങളായി കണക്കാക്കാം. സദാസമയം ഓരോന്ന് ആലോചിച്ച് വിഷമിക്കുന്നത് ഇതിന്‍െറ ഭാഗമാണ്.

ക്ഷീണവും ഓര്‍മക്കുറവും പെട്ടെന്ന് ദേഷ്യം വരലും മെനോപ്പോസിന്‍െറ ഭാഗമായി സംഭവിക്കാവുന്നതാണ്. ഉറക്കമില്ലായ്മ മറ്റൊരു പ്രധാന ലക്ഷണമായി കണക്കാക്കുന്നുണ്ട്. സെക്സില്‍ താല്‍പര്യക്കുറവ് ഉണ്ടാകുന്നതും ഇക്കാലത്താണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നതും ആര്‍ത്തവ വിരാമ കാലത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്.

ആര്‍ത്തവ വിരാമം എന്ന അവസ്ഥയെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നല്ല. അതേസമയം, സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ഹോര്‍മോണുകള്‍ ചെറിയതോതില്‍ കൊടുക്കുന്ന എച്ച്.ആര്‍.ടി (ഹോര്‍മോണ്‍ റിപ്ളെയ്സ്മെന്‍റ് തെറപ്പി)  നല്‍കുന്നത് ഫലപ്രദമാണ്. ആര്‍ത്തവ വിരാമകാലത്ത് അനുഭവിക്കുന്ന വിഷാദാവസ്ഥ കുറക്കാന്‍ ആന്‍റി ഡിപ്രസന്‍റ്സ് ഗുളികകളും മറ്റും നല്‍കാറുണ്ട്. ഈ സമയത്ത് അനുഭവപ്പെടുന്ന രക്തസമ്മര്‍ദം കുറക്കാനുള്ള ചികിത്സയും ആശ്വാസം നല്‍കുന്നു. സ്ത്രീകള്‍ ആര്‍ത്തവ വിരാമ കാലത്ത് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രമുഖ നഗരങ്ങളില്‍ മെനോപ്പോസ് ക്ളിനിക്കുകള്‍ ആശുപത്രികളോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഗൈനക്കോളജിസ്റ്റിന്‍െറയും സൈക്കോളജിസ്റ്റിന്‍െറയും സഹായം ഈ അവസരത്തില്‍ സ്ത്രീകള്‍ക്ക് സഹായകമാണ്.

ഗർഭധാരണം സ്ത്രീകൾക്ക് വേഗത്തിൽ പ്രായമാകുവാൻ കാരണമാകുമോ? പുതിയ പഠനത്തിൽ പറയുന്നത്

തലവേദന പല തരം: ലക്ഷണങ്ങളും ചികിത്സയുമറിയാം