വേനല്‍ക്കാലത്ത് ചര്‍മത്തില്‍ എണ്ണമയം വര്‍ധിക്കുന്നതിനാല്‍ പലരും ചര്‍മത്തില്‍ മോസ്ചറൈസര്‍ പുരട്ടുന്നത് മനപൂര്‍വം ഒഴിവാക്കാറുണ്ട്. മുഖം ഒന്നാമതെ ഓയിലി ആണ് അതിനൊപ്പം മോസ്ചറൈസര്‍ കൂടി പുരട്ടിയാല്‍ ഈര്‍പ്പം ഇരട്ടിയാകുമെന്ന തോന്നലിലാണ് ഇത്. എന്നാല്‍ വേനല്‍ക്കാലത്ത് മോസ്ചറൈസര്‍ ഒഴിവാക്കുന്നത് ചര്‍മം പെട്ടെന്ന് ഡള്ളാകാന്‍ കാരണമാകും. പ്രത്യേകിച്ച് നിങ്ങള്‍ നിങ്ങളുടെ 30-കളിലോ 40-കളിലോ ആണെങ്കില്‍.
30 വയസു കഴിഞ്ഞാല്‍ ചര്‍മത്തിന് ഈര്‍പ്പം നിലനിര്‍ത്താനുള്ള സ്വാഭാവിക കഴിവ് നഷ്ടപ്പെട്ടു തുടങ്ങും. വേനല്‍ ചൂടും ഈര്‍പ്പവും സൂര്യപ്രകാശവും ചേരുമ്പോള്‍ ചര്‍മത്തെ അത് വളരെ പെട്ടെന്ന് ബാധിക്കും. ചര്‍മത്തിന്റെ പുറം പാളി (സ്ട്രാറ്റം കോര്‍ണിയം) പുനഃസ്ഥാപിക്കുന്നതില്‍ മോയ്സ്ചറൈസര്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് പൊടി, അഴുക്ക്, നിര്‍ജ്ജലീകരണം എന്നിവയില്‍ നിന്ന് ചര്‍മത്തിന് സംരക്ഷണം നല്‍കുന്നു. ഇവയെല്ലാം പ്രായമാകല്‍ പ്രക്രിയയെ വേഗത്തിലാക്കുന്ന ഘടകങ്ങളാണ്.
മോസ്ചറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍
വേനല്‍ക്കാലത്ത് ചര്‍മത്തിന്റെ സുഷിരങ്ങള്‍ അടയാതെ ജലാംശം നല്‍കുന്ന, ഭാരം കുറഞ്ഞതും, വാട്ടര്‍ ബേസ്ഡ് ആയതും കോമഡോജെനിക് അല്ലാത്തതുമായ മോയ്സ്ചറൈസറുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. 40 കഴിഞ്ഞവരില്‍ വാര്‍ദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അല്ലെങ്കില്‍ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.
കുറഞ്ഞത് SPF 30 ഉള്ള ഒരു ഡേ ക്രീം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ചര്‍മത്തെ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ചുളിവുകളും പിഗ്മെന്റേഷനും തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
രാവിലെയും രാത്രിയും
പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല, രാവിലെയും രാത്രിയും മോസ്ചറൈസര്‍ പുരട്ടാം. രാവിലെ, SPF അടങ്ങിയ ഒരു ഡേ ക്രീം ഉപയോഗിക്കുക. രാത്രിയില്‍, ലൈറ്റ് ആയ ഹൈഡ്രേറ്റിങ് മോയ്സ്ചറൈസര്‍ ഉറങ്ങുന്നതിന് മുന്‍പ് പുരട്ടാം. ഇത് ചര്‍മത്തിന്റെ നന്നാക്കലിനും പുനരുജ്ജീവനത്തിനും സഹായിക്കും.
വേനല്‍ക്കാലത്ത് ചര്‍മത്തില്‍ മോയ്സ്ചറൈസിങ് ചെയ്യുന്നത് വെറുമൊരു ശീലമല്ല, ചര്‍മത്തിന്റെ തിളക്കം, പ്രതിരോധശേഷി, യുവത്വം എന്നിവ സംരക്ഷിക്കുന്ന ഒരു മികച്ച മാര്‍ഗം കൂടിയാണ്.