in , , , , , , ,

പുകവലിക്കാത്തവരിലും ശ്വാസകോശ രോഗങ്ങള്‍ക്ക് സാധ്യതയേറെ

Share this story

ശ്വാസകോശത്തില്‍ നിന്നുള്ള വായുവിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം ശ്വാസകോശ അണുബാധകളെ പൊതുവായി വിളിക്കുന്ന പേരാണ് ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ് അഥവാ സിഒപിഡി. സിഒപിഡികളില്‍ സര്‍വസാധാരണമായി വരുന്ന രണ്ട് രോഗാവസ്ഥകളാണ് എംഫിസീമയും ക്രോണിക് ബ്രോങ്കൈറ്റിസും. ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, പിരിമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, അമിതമായ കഫം, വലിവ് എന്നിവയെല്ലാം സിഒപിഡിയുടെ ലക്ഷണങ്ങളാണ്.

പലപ്പോഴും പുകവലിയുമായി ബന്ധപ്പെട്ടാണ് സിഒപിഡി ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. എന്നാല്‍ പുകവലി മൂലമുള്ള സിഒപിഡി കേസുകള്‍ ആഗോള തലത്തില്‍ 35 ശതമാനം മാത്രമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പുകവലി ഇതര കാരണങ്ങളാണ് ഇപ്പോള്‍ പകുതി ശതമാനം സിഒപിഡി കേസുകള്‍ക്കും പിന്നില്‍. വായു മലിനീകരണം, ചിലതരം വിഷവാതകങ്ങളുമായുള്ള സമ്പര്‍ക്കം, പുകവലിക്കുന്നവരുടെ സാമീപ്യം കൊണ്ട് ഉണ്ടാകുന്ന പാസീവ് സ്‌മോക്കിങ് എന്നിവയെല്ലാം സിഒപിഡിക്ക് കാരണമാകുന്നു. പുകയടുപ്പുകള്‍ മൂലം വീടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന മലിനീകരണവും സിഒപിഡിയിലേക്ക് നയിക്കാം. അടച്ചിട്ട മുറിക്കുള്ളില്‍ ചന്ദനത്തിരി, കൊതുക് തിരി എന്നിവ കത്തിച്ച് വയ്ക്കുന്നത് 100 സിഗരറ്റ് പുകയ്ക്കുന്നതിന് തുല്യമായ തോതിലുള്ള മലിനീകരണത്തിന് കാരണമാകുന്നു.

ഇവയ്ക്കെല്ലാം പുറമേ ചില ജനിതക കാരണങ്ങളും സിഒപിഡിക്ക് പിന്നിലുണ്ട്. നേരത്തെയുള്ള രോഗനിര്‍ണയം ശ്വാസകോശത്തിന് സിഒപിഡി ഉണ്ടാക്കുന്ന ക്ഷതം കുറയ്ക്കാന്‍ സഹായിക്കും. കൃത്യമായ രോഗനിര്‍ണയത്തിന് സ്‌പൈറോമെട്രി പരിശോധന സഹായിക്കും. ഒരു വ്യക്തിക്ക് ഉള്ളിലേക്ക് എടുക്കാവുന്നതും പുറത്തേക്ക് വിടാവുന്നതുമായ വായുവിന്റെ അളവിനെയും ദീര്‍ഘമായ ഒരു ശ്വാസത്തിന് ശേഷം അത് പൂര്‍ണമായും പുറത്തേക് വിടാന്‍ എടുക്കുന്ന സമയത്തെയും സ്‌പൈറോമെട്രി പരിശോധനയിലൂടെ കണ്ടെത്തും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത ഇതിലൂടെ വിലയിരുത്താന്‍ സാധിക്കും.

പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുന്നതും വായുമലിനീകരണവും പൊടിയും പുകയും അമിതമായ ഇടങ്ങളിലേക്ക് പോകാതിരിക്കുന്നതും അഥവാ പോകേണ്ടി വന്നാല്‍ മാസ്‌ക് ധരിക്കുന്നതുമെല്ലാം സിഒപിഡി സാധ്യതകള്‍ ലഘൂകരിക്കുന്നതാണ്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണാനും വൈകരുത്.

പഴവര്‍ഗങ്ങള്‍ എങ്ങനെ സുരക്ഷിതമാക്കാം

ദിവസവും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് നല്ലതല്ല.