in , , , , , , ,

കേരളത്തില്‍ വീണ്ടും നോറോവൈറസ്

Share this story

എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളിലാണ് രോഗബാധ കണ്ടെത്തിയത്. ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗബാധയുള്ള മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ അടുത്ത മൂന്നുദിവസത്തേക്ക് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. കൂടുതല്‍ വിദ്യാര്‍ഥികളില്‍ രോഗ ബാധ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളും നടന്നു വരികയാണ്.സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കളില്‍ ചിലര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്പിളുകളും പോസിറ്റീവായി. ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ല ആരോഗ്യവകുപ്പില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ശുചിമുറികളും ക്ലാസുകളും അണു വിമുക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ തുടരുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. സാധാരണയായി ശൈത്യകാലങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്.നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടെന്ന് രോഗം പകരുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്വാസകോശ അര്‍ബുദം: ഈ ലക്ഷണം കാണപ്പെടുന്ന രോഗികള്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക

ഉയര്‍ന്ന കൊളസ്‌ട്രോളിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങള്‍