തിരുവനന്തപുരം: വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ് നോറോ വൈറസ് പടരുന്നത്. ആമാശയത്തിന്റെയും കുടലിന്റേയും ആവരണത്തിന്റെ വീക്കത്തിനും, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഇത് കാരണമാകും. കുട്ടികളെ പെട്ടെന്ന് ബാധിക്കും. രോഗമുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.
കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധ ഉണ്ടായ തിരുവനന്തപുരം ഉച്ചക്കട എല്‍.എം .എസ്. എല്‍ .പി സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു.
രോഗലക്ഷണങ്ങള്‍
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന. ഛര്‍ദ്ദി, വയറിളക്കം, എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയും ചെയ്യും.
ശ്രദ്ധിക്കേണ്ടവ
- പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക.
- കിണര്‍, വാട്ടര്‍ടാങ്ക് എന്നിവ ക്ലോറിനേറ്റ് ചെയ്തു വൃത്തിയാക്കി വയ്ക്കുക.
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
- പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
- കടല്‍ മത്സ്യങ്ങളും ഞണ്ട്്, കക്ക തുടങ്ങിയവയും നന്നായി പാകം ചെയ്തതിനുശേഷം മാത്രം കഴിക്കുക.
ആശങ്ക വേണ്ട – മന്ത്രി
വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തു നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചു നോറോ വൈറസ് സ്ഥിരീകരിച്ച രണ്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ശ്രദ്ധിക്കണം. കൃത്യമായ ചികിത്സയിലൂടെ രോഗം വേഗത്തില്‍ ഭേദമാക്കാം എന്നും മന്ത്രി പറഞ്ഞു.