in ,

ഹാൻഡ് സാനിറ്റൈസറുകളുടെ അമിത ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനം

Share this story

ഹാൻഡ് സാനിറ്റൈസറുകളുടെ അമിത ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് പഠനം. ഓഹിയോയിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മോളിക്യുലാർ ബയോളജിസ്റ്റായ എറിൻ കോണിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നടത്തിയ പരീക്ഷണങ്ങളിൽ വിഷാംശമുള്ള 1823 പദാർത്ഥങ്ങൾ കണ്ടെത്തി. കോവിഡ് -19 ന്റെ കാലത്താണ് ഹാൻഡ് സാനിറ്റൈസറുകളുടെയും സോപ്പുകളുടെയും ഉപയോഗം കുതിച്ചുയർന്നത്.

ലോക്ക്ഡൗൺ കാലഘട്ടത്തിൽ ആളുകൾ കൈകൾ അണുവിമുക്തമാക്കുന്നതിനായി ഒന്നിലധികം തവണ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ചിരുന്നു. സാനിറ്റൈസറുകളുടെ വിൽപ്പന കൂടിയതോടെ പുതിയ ബ്രാൻഡുകൾ കൂടി സാനിറ്റൈസറുകളുടെ ഉൽപ്പാദനം ആരംഭിച്ചിരുന്നു. ഈ ഘട്ടത്തിലൊന്നും അമിത ഉപയോഗത്തിന്റെ ദോഷ വശങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല.

എന്നാൽ എറിൻ കോൺ ഉൾപ്പെടുന്ന ഗവേഷക സംഘം സാനിറ്റൈസറുകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അണുനാശിനികളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുമെന്ന് അടുത്തിടെ ഒരു പഠനം തെളിയിച്ചിരുന്നു. മനുഷ്യനിലെ അവയവങ്ങൾ വളരുന്ന നിർണ്ണായക ഘട്ടങ്ങളിലാണ് ഇത് കൂടുതലും സംഭവിക്കുന്നതെന്നായിരുന്നു കണ്ടെത്തൽ.

എറിൻ കോണും സംഘവും സാമ്പിളുകൾ സൂക്ഷ്മമായി പരിശോധിക്കുകയും ഒളിഗോഡെൻഡ്രോസൈറ്റ് (Oligodendrocyte) കോശങ്ങളുടെ പ്രവർത്തനത്തെ തടയുന്ന രണ്ട് തരം രാസ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. നാഡികളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഈ കോശങ്ങളാണ് നാഡികളുടെ ആവരണ വലയമായ മയലിൻ ഷീത്ത് എന്ന സ്തരം നിർമ്മിക്കുന്നത്. തലച്ചോറിൽ നിന്നും സിഗ്നലുകളെ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കും തിരിച്ചും കൈമാറുക എന്നതാണ് ഇവയുടെ ധർമ്മം.

എന്നാൽ രാസ പദാർത്ഥങ്ങളുടെ സാന്നിധ്യം ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഗവേഷണ റിപ്പോർട്ട് അനുസരിച്ച് കണ്ടെത്തിയ രണ്ട് രാസ സംയുക്തങ്ങളിൽ ആദ്യത്തേത് സാനിറ്റൈസറുകളിലും, അണുനാശിനികളിലും, ടൂത്ത് പേസ്റ്റുകളിലും, മൗത്ത് വാഷിലും ബാക്റ്റീരിയകളെ നശിപ്പിക്കുവാനായാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ സംയുക്തം ഓർഗാനോഫോസ്ഫേറ്റ് (Organophosphate) വിഭാഗത്തിൽ നിന്നുള്ളതാണ്. ഇലക്ട്രോണിക് വസ്തുക്കളിലും, വസ്ത്രങ്ങളിലും, പശയിലും, ഫർണിച്ചറുകളിലും ഒക്കെ പൊതുവെ ഉപയോഗിക്കുന്ന ഈ സംയുക്തം വസ്തുക്കളിൽ തീ പടരുന്നതിന്റെ തോത് കുറയ്ക്കുന്നു. കൊഴുപ്പിൽ ലയിക്കുന്ന ഓർഗാനോഫോസ്ഫേറ്റ് ചർമ്മത്തിലൂടെ തലച്ചോറിലേക്കെത്താനുള്ള സാധ്യതയുണ്ട്.

തലവേദന പല തരം: ലക്ഷണങ്ങളും ചികിത്സയുമറിയാം

ശരീര ഭാരം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി വിദഗ്ധർ