- Advertisement -Newspaper WordPress Theme
FEATURESപട്ടം എസ്.യു.ടി. ആശുപത്രിയില്‍ അതിനൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി

പട്ടം എസ്.യു.ടി. ആശുപത്രിയില്‍ അതിനൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി

കേരളത്തില്‍ ആദ്യമായി അതിനൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ അയോര്‍ട്ടിക് സ്റ്റീനോസിസിനെ തുരത്തി പട്ടം എസ്.യു.ടി. ആശുപത്രി. ഹൃദയത്തില്‍ നിന്നു പുറത്തേക്കു രക്തമൊഴുകുന്ന ഭാഗത്തെ അയോര്‍ട്ടിക് വാല്‍വ് അടയുന്ന ഗുരുതര രോഗമായ അയോര്‍ട്ടിക് സ്റ്റിനോസിസ് ബാധിച്ചു കൊല്ലം കടയ്ക്കല്‍ സ്വദേശിയായ അറുപത്തിമൂന്നുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എഴുന്നേറ്റു രണ്ടു ചുവടു നടക്കാന്‍ പോലും കഴിയുമായിരുന്നില്ല. രോഗിക്ക് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിട്ടുള്ളതിനാല്‍ അനസ്തീഷ്യയും വാല്‍വ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും അസാധ്യമായിരുന്നു. കരള്‍ രോഗത്തിന് തുടര്‍ന്ന് വേണ്ടി വന്നേക്കാവുന്ന ശസ്ത്രക്രിയകള്‍ക്കാകട്ടെ ഗുരുതരമായ ഹൃദ്രോഗം മറ്റൊരു പ്രതിബന്ധവും.

ഈ സാഹചര്യത്തിലാണ് കേരളത്തില്‍ അപൂര്‍വമായി മാത്രം ചെയ്തിട്ടുള്ള അതിനൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയയായ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കലിലൂടെ വാല്‍വിലെ തടസം നീക്കം ചെയ്യാന്‍ തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജി.കെ.പ്രവീണിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം തീരുമാനിച്ചത്. തുടയിലെ രക്തക്കുഴലില്‍ ഒരു സെന്റീമീറ്റര്‍ മാത്രം വരുന്ന ഒരു മുറിവുണ്ടാക്കി അതിലൂടെയാണ് ഈ രീതിയില്‍ വാല്‍വ് മാറ്റിവയ്ക്കുന്നത്. ജനറല്‍ അനസ്തേഷ്യ നല്‍കാതെ ചെറിയ മയക്കം മാത്രം നല്‍കിയാണ് ഇത് ചെയ്യുന്നത്. വിജയകരമായ ശാസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം രോഗി ആശുപത്രി വിട്ടു. സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജി.കെ. പ്രവീണിനൊപ്പം കാര്‍ഡിയോളജിസ്റ്റുകളായ ഡോ. അനൂപ് കുമാര്‍, ഡോ. രാജലക്ഷ്മി, അനസ്തീഷ്യോളജിസ്റ്റുമാരായ ഡോ. ആഷ, ഡോ. പൂജ, ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ജാനറ്റ് ഇന്ദു റസാലം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme