ചികിത്സക്കൊപ്പം വിശ്രമവുമുണ്ടെങ്കില്‍ പനി എളുപ്പം ഭേദമാവും.
മഴയെത്തുമ്പോള്‍ കൂടെയെത്തുകയാണ് പനിയും. ജലദോഷപ്പനിയായിരുന്നു മുന്‍പൊക്കെ കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോള്‍ പന്നിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങി പുതിയതരം പനികളുടെ കാലമാണ്.
ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാവാം. ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകള്‍, ശക്തമായ പനി, അസഹനീയമായ പേശിവേദന എന്നിവയൊക്കെയാണ് ഡെങ്കിപ്പനിയുടെ ലക്ഷണം. മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തസ്രാവം, രക്തസമ്മര്‍ദം താഴുക എന്നിവ ഡെങ്കിപ്പനി ഗുരുതരമാവുന്നതിന്റെ സൂചനകളാണ്. പൊതുവെ മാരകമല്ലാത്ത കൊതുകുജന്യ വൈറസ് രോഗമാണ് ചിക്കുന്‍ഗുനിയ. പനി, സന്ധിവേദന, ചര്‍മത്തിലെ ചുവന്നുതടിച്ച പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണം. പനി. ചുമ, തൊണ്ടവേദന, തലവേദന, ക്ഷീണം, വയറിളക്കം, ചര്‍മത്തില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍.
ഏതു പനിയും നമുക്ക് പ്രതിരോധിക്കാനാവും. ചില കാര്യങ്ങളില്‍ അല്‍പം കരുതലുണ്ടാവണമെന്നു മാത്രം. അതിന് മൂന്നു മാര്‍ഗങ്ങളുണ്ട്. കൊതുക് നിര്‍മാര്‍ജനം, പരിസര ശുചിത്വം, ജലശുചിത്വം എന്നിവയാണിത്.
വീടിന്റെ പരിസരപ്രദേശങ്ങളിലും പറമ്പിലും കെട്ടിക്കിടക്കുന്ന മലിനജലം ആഴ്ചയിലൊരിക്കലെങ്കിലും നീക്കണം. കെട്ടിക്കിടക്കുന്ന ഓടകള്‍, ചാലുകള്‍ ഇവ വൃത്തിയാക്കണം. ഉപയോഗശൂന്യമായ ടയര്‍, കുപ്പിയുടെ അടപ്പുകള്‍, തകരപ്പാത്രങ്ങള്‍, പ്ലാസ്റ്റിക് കപ്പ്, ചിരട്ട, പൊട്ടിയ കുപ്പികള്‍ എന്നിവ വീടിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കരുത്.
ജലജന്യ പകര്‍ച്ചവ്യാധികള്‍ തടയാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളം തിളപ്പിക്കുമ്പോള്‍ അഞ്ചു മിനുട്ടെങ്കിലും വെട്ടിത്തിളയ്ക്കണം. എങ്കിലേ ഹെപ്പറ്റൈറ്റിസ് എ ഉള്‍പ്പെടെയുള്ള വൈറസുകള്‍ നശിക്കൂ.
പനിയുള്ളവരുമായി അടുത്തിടപഴകരുത്. പനിബാധിതര്‍ ഉപയോഗിച്ച കര്‍ച്ചീഫ്, തോര്‍ത്ത്, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്.
എലിപ്പനി, എച്ച് 1 എന്‍ 1 പനി തുടങ്ങിയവക്കെതിരെ പ്രതിരോധമരുന്നുകള്‍ നിലവിലുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവ ഉപയോഗിക്കാവുന്നതാണ്. വാക്സിനേഷന്‍കൊണ്ടും എച്ച്1 എന്‍1 പോലെയുള്ള പനിയെ പ്രതിരോധിക്കാവുന്നതാണ്.
പനിയുടെ ശുശ്രൂഷ
ഇപ്പോള്‍ വ്യാപകമായിരിക്കുന്ന പനികളില്‍ ഭൂരിപക്ഷവും വൈറല്‍പനിയാണ്. ഇതാകട്ടെ രണ്ടോ മൂന്നോ ദിവസം വിശ്രമിച്ച് പാരസെറ്റമോള്‍പോലെയുള്ള മരുന്നുകളും കഴിച്ചാല്‍ താനേ മാറിക്കൊള്ളും. എന്നാല്‍ പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ല. വൈദ്യസഹായം തേടണം. വീട്ടിലൊരാള്‍ക്ക് പനി ബാധിച്ചാല്‍ ചെയ്യാവുന്ന ചില ലളിത ശുശ്രൂഷകളുണ്ട്. ഇവ രോഗിക്ക് ആശ്വാസം പകരും.
ചൂടു കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് ശരീരം തുടച്ചുകൊടുക്കണം.
ജലദോഷവും മൂക്കടപ്പും ഉള്ളപ്പോള്‍ ആവി കൊള്ളുന്നതു നല്ലതാണ്. കഫത്തിന്റെ കട്ടി കുറയ്ക്കാനും ശ്വാസോച്ഛ്വാസം സുഗമമാക്കാനും ഇതു സഹായിക്കും.
യാത്രകള്‍ ഒഴിവാക്കുക. പനി മറ്റുള്ളവരിലേക്ക് പകരാനുള്ള സാഹചര്യം ഒഴിവാക്കുക.
ലളിതമായ ഭക്ഷണരീതിയാണ് പനിയുള്ളപ്പോള്‍ നല്ലത്. പഴങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
ധാരാളം ശുദ്ധജലം കുടിക്കണം. കുറഞ്ഞത് രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നത് പനിയെത്തുടര്‍ന്നുള്ള നിര്‍ജലനീകരണം ഒഴിവാക്കാന്‍ സഹായിക്കും. തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കിയ പാനീയം എന്നിവ നല്ലതാണ്. കൃത്രിമ ശീതളപാനീയങ്ങള്‍, കോള, ബിയര്‍ തുടങ്ങിയവ ഒഴിവാക്കണം.
പനിയുള്ളപ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ മേല്‍ കഴുകുന്നതു നല്ലതാണ്. ശരിയായ ചര്‍മശുചിത്വം പാലിക്കുന്നത് ചര്‍മത്തിലെ രോഗാണുബാധ ഒഴിവാക്കാന്‍ സഹായിക്കും.
മദ്യപാനം, പുകവലി, പുകയിലയുടെ ഉപയോഗം തുടങ്ങിയവ ഒഴിവാക്കണം.
കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവരുമായി പനി ബാധിതര്‍ അടുത്തിടപഴകരുത്