മരുന്നു കഴിക്കുന്നതിലും സൂക്ഷിച്ചുവെക്കുന്നതിലും ചിലത് ശ്രദ്ധിക്കാനുണ്ട്.
മരുന്നിന്റെ ഗുണനിലവാരം അറിയാനായി ഘടകങ്ങളുടെ രാസപരിശോധനയാണ് നടത്തുന്നത്. ഘടകങ്ങള്‍ നിലവാരമുള്ളതാണോ ആവശ്യമായ അളവില്‍ അടങ്ങിയിട്ടുണ്ടോ പാക്കിങ്ങും മറ്റും കുറ്റമറ്റതാണോ തുടങ്ങിയ പരിശോധനകള്‍ നടത്തേണ്ടിവരും. ഇതിനായി ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ സാമ്പിളുകള്‍ സമര്‍പ്പിക്കാം. പല സ്വകാര്യ ലബോറട്ടറികളിലും മരുന്നിന്റെ ഗുണനിലവാര പരിശോധന നടത്താന്‍ സംവിധാനമുണ്ട്.
മരുന്നുകുപ്പികളുടെ പുറത്ത് സൂര്യപ്രകാശം തട്ടരുത്, തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക എന്നൊക്കെ കാണാറുണ്ട്. ഇതെന്തിനാണ്
മരുന്നുകള്‍ സൂക്ഷിക്കാന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. മരുന്നിലടങ്ങിയിരിക്കുന്ന രാസഘടകങ്ങളും അനുബന്ധ ചേരുവകളും പ്രവര്‍ ത്തനക്ഷമമായിരിക്കാനാണ് ഈ നിര്‍ദേശങ്ങള്‍. ചില മരുന്നുകള്‍ താപനിലയിലെ വ്യതിയാനങ്ങള്‍മൂലം നിര്‍ജീവമാകാനിടയുണ്ട്. ഉദാഹരണത്തിന് ഇന്‍സുലിന്‍ ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തന രഹിതമാകും. അതിനാലാണ് ഫ്രിഡ്ജിലോ തണുത്ത വെള്ളത്തിലോ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത്. ചില മരുന്നുകളിലെ ഘടകങ്ങള്‍ ഈര്‍പ്പമുള്ള സാഹചര്യത്തില്‍ അലിഞ്ഞുപോകാനുമിടയുണ്ട്. പൊതുവെ അലോപ്പതി മരുന്നുകള്‍ സൂര്യപ്രകാശം തട്ടാതെ, സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ അലമാരയിലോ മറ്റോ അടച്ചുസൂക്ഷിക്കുന്നതാണ് ഉചിതം. എന്നാല്‍ ആന്റിബയോട്ടിക് ഇഞ്ചെക്ഷനുകള്‍, വാക്സിന്‍ തുടങ്ങിയവ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടിവരും.
ചില അസുഖങ്ങള്‍ക്ക് പ്രതിരോധ മരുന്നുകളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇവ വാങ്ങി കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ
രോഗപ്രതിരോധം പ്രധാനമായും വാക്സിനേഷനിലൂടെയാണ് നേടിയെടുക്കുന്നതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ മരുന്നുകള്‍ ഉപയോഗിച്ചും രോഗങ്ങളെ തടയാം. ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍, രോഗിയുമായി നിരന്തരം ബന്ധപ്പെടുന്നവര്‍ക്ക് റിഫാംപിസില്‍, ഐ.എന്‍.എച്ച്. തുടങ്ങിയ മരുന്നുകള്‍ നല്‍കാറുണ്ട്. മലേറിയ ബാധിച്ച പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ക്ലോറോക്വിന്‍ നല്‍കാറുമുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ദീര്‍ഘകാല ശ്വാസകോശരോഗങ്ങള്‍ ഉള്ളവരിലും ബാക്ടീരിയല്‍ രോഗാണുബാധ തടയാന്‍ ആന്റിബയോട്ടിക്കുകള്‍ പ്രയോജനപ്രദമാണ്. സാധാരണ പ്രസവശേഷവും വൈറല്‍ രോഗാണുബാധയെത്തുടര്‍ന്നും സങ്കീര്‍ണമല്ലാത്ത ശസ്ത്രക്രിയയ്ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് അനാവശ്യമാണ്. ഏതായാലും ഡോക്ടറുടെ നിര്‍ദേശപ്രകാരമേ പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കാവൂ.
പ്രമേഹത്തിനുള്ള ഗുളികകള്‍ ഭക്ഷണത്തിനു മുന്‍പോ ശേഷമോ കഴിക്കേണ്ടത്
ഗുളികകള്‍ കഴിക്കുമ്പോള്‍ കുടലില്‍നിന്നുള്ള ആഗിരണത്തെ ത്വരിതപ്പെടുത്താന്‍ ഭക്ഷണവുമായുള്ള ഇടവേളകള്‍ ക്രമീകരിക്കേണ്ടി വരാറുണ്ട്. ചില മരുന്നുകളുടെ ആഗിരണത്തെ ഭക്ഷണസാധനങ്ങള്‍ തടസ്സപ്പെടുത്തുന്നു. അങ്ങനെയുള്ള മരുന്നുകള്‍ ആഹാരത്തിന് 30 മിനുട്ട് മുന്‍പ് നല്‍കുന്നത് മരുന്നിന്റെ സുഗമമായ ആഗിരണം ഉറപ്പാക്കുന്നു. ഉദാഹരണത്തിന് സള്‍ഫൊണൈല്‍ യൂറിയ മരുന്നുകള്‍ ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പാണ് നല്‍കേണ്ടത്. എന്നാല്‍ മെറ്റ്ഫോര്‍മിന്‍ ഗുളികകള്‍ പ്രധാനമായും ചെറുകുടലില്‍നിന്നാണ് ആഗിരണംചെയ്യപ്പെടുന്നത്. അതുകൊണ്ട് ഭക്ഷണത്തോടൊപ്പമോ ശേഷമോ ഇവ നല്‍കാം.