in , , ,

ഗര്‍ഭകാലത്തെ പ്രമേഹം, ചികിത്സയും പരിചരണവും

Share this story

പ്രമേഹ രോഗികളുടെ എണ്ണം കൂടിക്കൂടി വരുന്നതായാണ് കാണുന്നത്. ജീവിത ശൈലിയിലും ജീവിത ദൈര്‍ഘ്യത്തിലും ഉണ്ടായ മാറ്റങ്ങളാണ് കാരണം. ഗര്‍ഭകാലത്ത് സ്ത്രീകളിലുണ്ടാകാറുള്ള പ്രമേഹവും വര്‍ദ്ധിച്ചു വരികയാണ്. ഗര്‍ഭിണിക്കും അവള്‍ക്കുണ്ടാകുന്ന കുഞ്ഞിനും അനേകം സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു പ്രശ്‌നമാണിത്. അതേസമയം, ശ്രദ്ധിക്കുകയാണെങ്കില്‍ വളരെയേറെ നിയന്ത്രണ വിധേയമാക്കാവുന്നതും.

ഗര്‍ഭകാലത്തെ പ്രമേഹം രണ്ട് തരത്തിലാകാം :

ഗര്‍ഭാവസ്ഥയിലാണ് പ്രമേഹം ആദ്യമായി ഉണ്ടാകുന്നത്, അതിന് മുമ്പ് ഇല്ലായിരുന്നു എങ്കില്‍ ഇതിനെ Gestational diabetes എന്നു പറയാം.
ഗര്‍ഭധാരണത്തിന് മുമ്പു മുതലേ പ്രമേഹം ഉണ്ടായിരുന്നു എങ്കില്‍ അതിനെ overt അഥവാ pre gestational diabetes എന്നു പറയാം. ഇത്തരക്കാര്‍ക്കും അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
ഇതില്‍ ആദ്യത്തെ തരത്തിലുളള പ്രമേഹം പ്രസവശേഷം അപ്രത്യക്ഷമാകാറാണ് പതിവ്. എങ്കിലും ഇവര്‍ക്ക് ഭാവിയില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലാണ്.

ലക്ഷണങ്ങള്‍ :

ഭൂരിഭാഗം ഗര്‍ഭിണികളിലും പ്രത്യേക ലക്ഷണങ്ങളൊന്നും കാണപ്പെടാറില്ല. ചിലര്‍ക്ക് കൂടുതല്‍ വിശപ്പ്, ദാഹം, കൂടെക്കൂടെ മൂത്രം ഒഴിക്കേണ്ടി വരിക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. പ്രമേഹമില്ലാത്ത ഗര്‍ഭിണികളിലും ഈ ലക്ഷണങ്ങള്‍ സാധാരണമാണു താനും.
??എന്ത് കൊണ്ടാണ് ഗര്‍ഭകാലത്ത് പ്രമേഹം ഉണ്ടാകുന്നത് ?
സാധാരണയായി വിവിധ തരം ഹോര്‍മോണുകളുടെ സന്തുലിതമായ പ്രവര്‍ത്തനത്താലാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടാതെയും അതേ സമയം കുറഞ്ഞു പോകാതെയും നിയന്ത്രിച്ചു നിര്‍ത്തുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഈ ഹോര്‍മോണുകളുടെ അളവില്‍ വ്യതിയാനം ഉണ്ടാകുന്നു. ഇത് കാരണം ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു.

ആര്‍ക്കൊക്കെയാണ് സാധ്യത കൂടുതല്‍ ?

  • അമിത വണ്ണം ഉള്ളവര്‍ക്ക്,
  • വ്യായാമം ചെയ്യുന്നതില്‍ അലംഭാവം കാണിക്കുന്നവര്‍ക്ക് മുന്‍പത്തെ ഗര്‍ഭ സമയത്തും പ്രമേഹം ഉണ്ടായിരുന്നവര്‍, ഗര്‍ഭിണിയാകുന്നതിന് മുമ്പ് തന്നെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയിലും കൂടുതല്‍ ഉണ്ടായിരുന്നവര്‍ ( Prediabetes)
  • പി സി ഓ ഡി എന്ന പ്രശ്‌നം ഉളളവര്‍
  • അടുത്ത ബന്ധുക്കള്‍ക്ക് പ്രമേഹം ഉണ്ടെങ്കില്‍ (രക്ത ബന്ധമുളളവര്‍ക്ക്)
  • മുന്‍പ് പ്രസവിച്ച കുഞ്ഞിന് 4 കിലോയിലധികം ഭാരം ജനന സമയത്ത് ഉണ്ടായിരുന്നു എങ്കില്‍


എന്തൊക്കെയാണ് ഇത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ?

  1. ??സിസേറിയന്‍ വേണ്ടിവരാനുള്ള സാധ്യത കൂടുന്നു.
  2. ??ഗര്‍ഭസ്ഥ ശിശുവിന് സാധാരണയിലും അധികം തൂക്കം ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ സാധാരണ രീതിയില്‍ പ്രസവം നടക്കുമ്പോള്‍ കുഞ്ഞ് പുറത്ത് വരുന്നത് തടസ്സപ്പെടാനും, കുഞ്ഞിന് ശ്വാസം മുട്ടാനും(Asphyxia), തലച്ചോര്‍ അടക്കമുള്ള വിവിധ അവയവങ്ങള്‍ക്ക് തകരാറുണ്ടാകാനും കാരണമായേക്കാം.
  3. പ്രസവ സമയത്ത് കുഞ്ഞിന് പരിക്ക് പറ്റുവാനുള്ള സാധ്യതയും കൂടുതലാണ്. തോളെല്ല്, കയ്യിലെ എല്ല് എന്നിവ ഒടിയുക, തലയ്ക്കകത്ത് രക്തസ്രാവമുണ്ടാകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അപൂര്‍വ്വമായി കണ്ടുവരാറുണ്ട്.
  4. ??മാസം തികയാതെ പ്രസവിക്കാനുളള സാധ്യത കൂടുതലാണ്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പല പ്രശ്‌നങ്ങളും ഉണ്ടാകാനും, അതു മൂലം മരണപ്പെടാനും, തുടര്‍ജീവിതത്തെ മോശമായി ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
  5. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രസവശേഷം കാണാറുള്ള ശ്വാസംമുട്ടല്‍ (Respiratory Distress Syndrome) പ്രമേഹ രോഗിയായ അമ്മയുടെ കുഞ്ഞിന് വരാന്‍ സാധ്യത കൂടുതലാണ്, മാസം തികയാറായിട്ടുണ്ട് എങ്കിലും.
  6. ജനിച്ച് ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വല്ലാതെ കുറഞ്ഞ് പോകാന്‍ സാധ്യതയുണ്ട്. Hypoglycemia എന്നു വിളിക്കുന്ന ഈ പ്രതിഭാസം ലക്ഷണങ്ങളോടെയും ലക്ഷണങ്ങളില്ലാതെയും വരാം. കൂടുലായി മയക്കം, മുലപ്പാല്‍ വലിച്ച് കുടിക്കാന്‍ പ്രയാസം, കൂടുതല്‍ വിയര്‍പ്പ്, കൃത്യസമയത്ത് മനസ്സിലാക്കി ചികില്‍സിച്ചില്ല എങ്കില്‍ അത് മൂലം അപസ്മാരം ഒക്കെ ഉണ്ടാകാം. ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ല എങ്കില്‍ പോലും ഭാവിയില്‍ ബുദ്ധിമാന്ദ്യം, അപസ്മാരരോഗം, കാഴ്ച തകരാറുകള്‍ എന്നിവ ഹൈപ്പോഗ്ലൈസീമിയ മൂലം ഉണ്ടായേക്കാം.
  7. ഗര്‍ഭസ്ഥ ശിശു അപ്രതീക്ഷിതമായി മരണപ്പെടുന്ന അവസരങ്ങളും ഗര്‍ഭാവസ്ഥയിലെ പ്രമേഹം നന്നായി നിയന്ത്രിച്ചില്ലെങ്കില്‍ ഉണ്ടായേക്കാം.
  8. ഹൃദയപേശികള്‍ക്ക് കട്ടികൂടുന്നത് മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം (Asymmetric septal hypertrophy)


ഗര്‍ഭിണിക്ക് ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍


രക്തസമ്മര്‍ദ്ദം ഉയരാനും, അതിന്റെ ഭാഗമായി അപസ്മാരം പോലെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന പ്രശ്‌നങ്ങള്‍ (eclampsia) ഉണ്ടാകാനും സാധ്യതയുണ്ട്.
സിസേറിയന്‍ വേണ്ടി വരാനുള്ള സാധ്യത കൂടുതലാണ്.
ഭാവിയില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്.


എങ്ങനെ തടയാം ?


നൂറു ശതമാനവും തടയാന്‍ പറ്റില്ലെങ്കിലും, ആരോഗ്യകരമായ ജീവിത ശൈലി പിന്‍തുടരുന്നതിലൂടെ വലിയൊരളവു വരെ നമുക്ക് ഈ പ്രശ്‌നം ഒഴിവാക്കാന്‍ പറ്റും.


ആരോഗ്യകരമായ ഭക്ഷണശീലം


കൂടുതല്‍ നാരുകള്‍ ഉള്ള , കൊഴുപ്പും അന്നജവും കുറഞ്ഞ ഭക്ഷണമാണ് നല്ലത്. പഴങ്ങള്‍, പച്ചക്കറികള്‍, തൊലി കളയാത്ത ധാന്യങ്ങള്‍ (whole grains) എന്നിവ പ്രധാനമാണ്. ചോറ്, കപ്പ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മധുര പലഹാരങ്ങള്‍, എണ്ണ, നെയ്യ് എന്നിവ കഴിയുന്നതും കുറക്കണം. മൂക്കു മുട്ടെ കഴിക്കുന്ന ശീലം ഒഴിവാക്കണം. വെറുതെ ഇരിക്കുമ്പോള്‍ എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കുന്ന ശീലവും നന്നല്ല.


ശാരീരിക അധ്വാനം


വ്യായാമങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണം . ഗര്‍ഭം ധരിക്കുന്നതിന് മുമ്പാകട്ടെ, അതിന് ശേഷമാകട്ടെ, ദിവസേന 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. അതി കഠിനമായ വ്യായാമ മുറകള്‍ ഒഴിവാക്കാം. വേഗത്തില്‍, കൈകള്‍ ഇളക്കി നടക്കുക, സൈക്കിള്‍ ചവിട്ടുക, നീന്തുക ഇവയൊക്കെ നല്ല വ്യായാമ മുറകളാണ്. കടയില്‍ സാധനം വാങ്ങാന്‍ പോകുമ്പോള്‍ വാഹനം അതിന്റെ പടിക്കല്‍ നിര്‍ത്താതെ അല്‍പം ദൂരെ നിര്‍ത്തുന്നതും നടക്കുന്ന സമയം കൂട്ടാന്‍ സഹായിക്കും.


അഭിലഷണീയമായ ശരീരഭാരം ആയതിന് ശേഷം മാത്രം ഗര്‍ഭിണിയാവുക.


ഗര്‍ഭം ധരിക്കുന്നത് പ്ലാന്‍ ചെയ്തിട്ടാകണം, പ്രത്യേകിച്ചും പ്രമേഹം ഉള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുമ്പോള്‍ അതിന് മുമ്പ് തന്നെ ഡോക്ടറെ കാണുകയും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. അഭിലഷണീയമായ ശരീര ഭാരം, ബി എം ഐ എന്നിവ എത്രയാണ് എന്ന് മനസ്സിലാക്കുക. അത് നേടിയെടുക്കാനായി പ്രവര്‍ത്തിക്കുക. പ്രമേഹം ഉള്ളവര്‍ അത് നിയന്തണ വിധേയമാക്കുക.
ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം സ്വാഭാവികമായും കൂടും. ഏകദേശം 10-12 കിലോ ആണ് ആകെ കൂടേണ്ടത്. അതും പടിപടിയായി മാത്രം. വളരെ പെട്ടെന്ന്, വേണ്ടതിലും കൂടുതല്‍ തൂക്കം കൂടുന്നില്ല എന്ന് ഉറപ്പു വരുത്തുക.
ആവശ്യമാണെങ്കില്‍ മരുന്നുകള്‍, ഇന്‍സുലിന്‍ എന്നിവ ഉപയോഗിക്കാന്‍ മടികാണിക്കരുത്.
??അനേക വര്‍ഷങ്ങളായി പ്രമേഹരോഗമുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന കുഞ്ഞിന് ഭാരം കുറഞ്ഞിരിക്കാനാണ് സാധ്യത. അതുപോലെ ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാണെങ്കില്‍ കുഞ്ഞിന് അംഗവൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
??സാധാരണയായി ഗര്‍ഭധാരണത്തിനു ശേഷമുള്ള ആദ്യത്തെ ചെക്കപ്പില്‍ തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാറുണ്ട്. Overt diabetes ആണെങ്കില്‍ അപ്പോള്‍ തന്നെ അറിയാം. രാവിലെ ഭക്ഷണത്തിന് മുമ്പ് ഗ്ലൂക്കോസിന്റെ അളവ് 126 mg% ന് മുകളിലാണെങ്കില്‍ Overt diabetes ആണ്. അത് നോര്‍മല്‍ ആണെങ്കില്‍
24 – 28 ആഴ്ചകള്‍ക്കിടയില്‍ ‘ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് ‘ ചെയ്യണം. Fasting blood sugar നോക്കിയതിന് ശേഷം 75 gram ഗ്ലൂക്കോസ് കലക്കിക്കുടിക്കണം. പിന്നീട് 2 മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ഷുഗര്‍ ടെസ്റ്റ് ചെയ്യും. അത് 140 mg% ന് മുകളിലാണെങ്കില്‍ Gestational diabetes ആണെന്ന് തീരുമാനിക്കാം. ഹോര്‍മോണ്‍ വ്യത്യാസം ഏറ്റവും കൂടുതല്‍ ഈ സമയത്ത് ആണ് എന്നതിനാല്‍ ഈ സമയത്ത് നോര്‍മല്‍ ആണെങ്കില്‍ പിന്നീട് പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത കുറവാണ് എങ്കിലും ഉണ്ടായിക്കൂടെന്നുമില്ല.


ചികില്‍സ


പ്രമേഹത്തിന് സാധാരണ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളും ഗര്‍ഭാവസ്ഥയില്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഇന്‍സുലിനാണ് ഏറ്റവും സുരക്ഷിതം. Metformin പോലുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്. എങ്കിലും ഏത് മരുന്നാണ്, ഡോസ് എത്രയാണ് എന്നൊക്കെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം തീരുമാനിക്കേണ്ടതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണാധീനമാക്കേണ്ടത് വളരെ പ്രധാനമാണ്. സാധാരണ പ്രസവം സാധ്യമാകുമോ, സിസേറിയന്‍ വേണ്ടി വരുമോ, എങ്കില്‍ എപ്പോള്‍ വേണം എന്നതൊക്കെ തുടര്‍ പരിശോധനകള്‍ വഴി തീരുമാനിക്കേണ്ട കാര്യങ്ങളാണ്.
നവജാത ശിശുവിന് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞു പോകുന്നുണ്ടോ എന്ന് പല തവണ പരിശോധിക്കാറുണ്ട്. ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ കാത്തു നില്‍ക്കാറില്ല. ജനിച്ച ഉടനെ എത്രയും പെട്ടെന്ന് മുലയൂട്ടി തുടങ്ങേണ്ടതും അത്യാവശ്യമാണ്.

എഴുതിയത് : ഡോ. മോഹന്‍ ദാസ്,

ആസ്ത്രസെനക വാക്‌സിന്‍ നിര്‍ത്തി ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും

വിമാനത്തില്‍ വച്ച് യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കി