ഓങ്കോളജി, മൈക്രോബയോളജി, പോസ്റ്റുമോര്‍ട്ടം റൂമും, ഏഴ് ഓപ്പറേഷന് തീയറ്ററുകളടക്കം അത്യാധുനിക സൗകര്യങ്ങള്‍
പുനലൂര്‍ താലൂക്കാശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവര്‍ക്ക് അത്താണിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആശുപത്രിയില്‍ രാജ്യാന്തര നിലവാരമുള്ള ആധുനിക സജ്ജീകരണങ്ങളോടെ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആരോഗ്യരംഗത്ത് കരുത്തേകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ആശുപത്രിയില്‍ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ മുന്നോട്ട് പോകുന്ന മുറയ്ക്ക് അടുത്തഘട്ടമായി ചികിത്സാ സൗകര്യങ്ങള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. സര്‍ക്കാര്‍ നേതൃത്വവും ഡോ ഷാഹിര്‍ഷായും തുടരുകയാണെങ്കില്‍ താലൂക്ക് ആശുപത്രിയില്‍ ഇനിയും വികസനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയും താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും ഉണ്ടാകണമെന്നും ചടങ്ങില്‍ ആമുഖ സന്ദേശം ഓണ്‍ലൈനായി നല്കി മന്ത്രി കെ രാജു പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ 68.19 കോടി രൂപ ചെലവില്‍ 220000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ കെട്ടിടത്തിനുള്ളിലെ പശ്ചാത്തല വികസനത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി കിഫ്ബിയില്‍ നിന്ന് അധികമായി 2.07 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
335 കിടക്കകളുള്ള കെട്ടിടത്തില്‍ ഫിസിയോളജി, ഓങ്കോളജി, മൈക്രോബയോളജി തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷന് തീയറ്ററുകളുമുണ്ട്. കൂടാതെ പോസ്റ്റുമോര്‍ട്ടം റൂമും, എക്സ് റേ, എം ആര് ഐ, സി റ്റി സ്കാന്‍, ദന്തല്‍ എക്സ്-റേ, ബ്ലഡ് ബാങ്ക്, ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 97 ഐ സി യു ബെഡുകളും 12 ലേബര്‍ കിടക്കകളും ആറ് ലിഫ്റ്റുകളുമുണ്ട്. ഇങ്കെല്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല.
ശുചീകരണ സംവിധാനം, മാലിന്യ സംസ്കരണ പ്ലാന്റ്, അഗ്നി രക്ഷാ സംവിധാനം, ക്ലീനിങ്ങിനായി റോബോട്ടിക് സംവിധാനം, മൂന്ന് ജനറേറ്ററുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.