in

‘സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു’; ഐസിയുവിലെ അനുഭവം പങ്കുവെച്ച ഡയറിക്കുറിപ്പ്

Share this story

കൊച്ചി: ‘ആ തീവ്ര ദുഖത്തിന്റെ ഓര്‍മക്കായി ആണ് പിറ്റേ ഞായറാഴ്ച ഓഷ്വിറ്റസിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ ശ്വാസം കിട്ടാതെ പിടഞ്ഞ ലക്ഷക്കണക്കിന് പേരുടെ കഥ ചേര്‍ത്തത്’. രോഗക്കിടക്കയില്‍ കിടന്നു കൊണ്ട് പരിപാടിയുടെ എഡിറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്ന സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ചിത്രങ്ങളാണ് ഫേസ്ബുക്ക് വാള്‍ നിറയെ.

ഒരു മാസം മുന്‍പ് താന്‍ കടന്നുപോയ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെപ്പറ്റിയും ആശുപത്രി വാസത്തെക്കുറിച്ചും സന്തോഷ് യൂട്യൂബ് ചാനലില്‍ തുറന്നു പറഞ്ഞതിനു പിന്നാലെയാണ് ഈ ചിത്രങ്ങളും വൈറലായത്. പിത്താശയത്തിലെ കല്ല് നീക്കാനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ താന്‍ ദിവസങ്ങളോളം അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നുവെന്നും ഇതിനിടയിലും ജോലി പൂര്‍ത്തിയാക്കേണ്ടി വന്നുവെന്നുമാണ് അദ്ദേഹം ചാനല്‍ പരിപാടിയ്ക്കിടെ പ്രേക്ഷകരോട് പറഞ്ഞത്.

ഏതാനും മാസം മുന്‍പ് ഒരു പരിശോധനയില്‍ പിത്താശയത്തില്‍ കല്ല് കണ്ടെത്തിയിരുന്നുവെങ്കിലും നീക്കം ചെയ്യേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജനുവരി മാസത്തില്‍ വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ കല്ല് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ കല്ല് നീക്കം ചെയ്യേണ്ടതില്ലെങ്കിലും യാത്രയ്ക്കിടയില്‍ ചികിത്സാസൗകര്യങ്ങള്‍ കുറഞ്ഞ ഏതെങ്കിലും രാജ്യത്ത് വെച്ച് വേദന അനുഭവപ്പെട്ടാല്‍ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുുകയായിരുന്നു.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മൊത്തത്തില്‍ നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ശ്വാസംമുട്ടല്‍ അനുഭപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസം മുട്ടല്‍ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയായി ശ്വസനം. ഓക്‌സിജന്‍ കിട്ടിയതോടെ നില ഭേദപ്പെട്ടെങ്കിലും സിടി സ്‌കാനില്‍ ന്യൂമോണിയ ഉണ്ടെന്ന് വ്യക്തമാകുകയായിരുന്നുവന്ന് സന്തോഷ് ജോര്‍ജ് കുറിച്ചു. ഇതിനിടെയാണ് വെള്ളിയാഴ്ച അടിയന്തരായി തീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കേണ്ടി വന്നത്. എപിസോഡ് മുടങ്ങാതിരിക്കാനായി ഷൂട്ട് ചെയ്ത വീഡിയോകളും ലാപ്‌ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തുടര്‍ന്ന് രാത്രി വൈകിയിരുന്ന് ജോലികള്‍ തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും വേദന രൂക്ഷമായി.

ഉറങ്ങിയെഴുന്നേറ്റിട്ടും വേദന മാറാതെ വന്നതോടെ കൂടുതല്‍ പരിശോധനകള്‍ നടത്തി. അപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസ്സിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ഇതിനിടെ ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായി. പള്‍സ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവില്‍ രക്തസ്രാവം തടയാനായി രാത്രി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ‘ഞായറാഴ്ച പകല്‍ ഞാന്‍ കണ്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്. ആശ്വാസത്തോടെ ഡോക്ടര്‍മാര്‍ ചുറ്റും കൂടി. ഒരു മുതിര്‍ന്ന ഡോക്ടര്‍ എന്റെ അടുത്തു വന്നു പറഞ്ഞു. സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍’

എന്നാല്‍ രണ്ട് ദിവസത്തിനു ശേഷം വീണ്ടും ശ്വാസംമുട്ടലുണ്ടായെന്നും കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പാടുപെട്ടെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പരിപാടിയില്‍ പറഞ്ഞു. ശ്വാസംമുട്ടല്‍ വര്‍ധിച്ചതോടെ വീണ്ടും വെന്റിലേറ്റര്‍ സഹായം വേണ്ടി വന്നു. എന്നാല്‍ പുലര്‍ച്ചെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണുണ്ടായിരുന്നത്. അവര്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാന്‍ ബുദ്ധിമുട്ടി.

‘ഓര്‍മകള്‍ മറഞ്ഞു തുടങ്ങുന്നു. ഞാന്‍ പെട്ടെന്ന് പോളണ്ടിലെ ഓഷ്വിറ്റ്‌സിലാണ്. ഓഷ്വിറ്റ്‌സിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍. അവിടെ പോളിഷ് പൗരന്മാരുണ്ട്. ജൂതന്മാരുണ്ട്. കമ്മ്യൂണിസ്റ്റുകാരുണ്ട്. അവരാരും വസ്ത്രം ധരിച്ചിട്ടില്ല, ഞാനും വസ്ത്രം ധരിച്ചിട്ടില്ല. പല നാടുകളില്‍ നിന്നു പിടിച്ച ജിപ്‌സികളുണ്ട്. അവിടുത്തെ ഗ്യാസ് ചേംബറില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് എല്ലാവരും.’ സന്തോഷ് ജോര്‍ജ് തന്റെ അനുഭവം വിശദീകരിച്ചു. എല്ലാവരും മരിച്ചു വീഴുന്നുവെന്നാണ് ഓര്‍മ. പെട്ടെന്ന് ഒരു ഡോക്ടര്‍ തന്നെ വിളിച്ചുണര്‍ത്തിയെന്നും താന്‍ ശ്വസിക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തുകയായിരുന്നുവെന്നും അദ്ദഹം പറഞ്ഞു.

പിന്നീട് ഒരാഴ്ച കൂടി ഐസിയുവില്‍ കിടക്കേണ്ടി വന്നെന്ന് സന്തോഷ് ജോര്‍ജ് പറഞ്ഞു. പത്ത് കിലോയോളം ശരീരഭാരം കുറഞ്ഞെന്നും നടക്കാനും ഭക്ഷണം കഴിക്കാനും വരെ പഠിപ്പിച്ചത് ഫിസിയോതെറാപ്പസ്റ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള ചില ദൃശ്യങ്ങളും അദ്ദേഹം പരിപാടിയില്‍ സംപ്രേഷണം ചെയ്തു. ഓഷ്വിറ്റ്‌സിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപിന്റെ സഞ്ചാര അനുഭവം എപ്പിസോഡില്‍ മനഃപൂര്‍വം ഉള്‍ക്കൊള്ളിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സാധ്യമായി: മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലില്‍ വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു