മഴക്കാലമാകുമ്പോൾ അമ്മമാർക്ക് പൊതുവെ വലിയ ടെൻഷനാണ് കുട്ടികൾക്ക് അസുഖം വരുന്ന കാര്യമോർത്തിട്ട്. പ്രത്യേകിച്ച് ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ശരിയായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ പലപ്പോഴും അവർക്ക് അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗപ്രതിരോധ ശേഷി കൊച്ചു കുഞ്ഞുങ്ങൾക്ക് കുറവായത് കൊണ്ട് തന്നെ പെട്ടെന്ന് രോഗം പിടിപ്പെടാം. വൈറസുകൾ, കൊതുകുകൾ എന്നിവയിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുഞ്ഞ് സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കാൻ അമ്മമാർ സ്വീകരിക്കേണ്ട നുറുങ്ങുകൾ നോക്കാം.
മുലയൂട്ടുക
കുഞ്ഞിനെ മുലയൂട്ടേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ആദ്യത്തെ ആറ് മാസം. എല്ലാ പോഷകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. 6 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് വെള്ളം കൊടുക്കാൻ പാടില്ലാത്തതിനാൽ ഇടയ്ക്കിടെ മുലയൂട്ടാൻ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക. അമ്മയുടെ ശരീരത്തിൽ നിന്ന് കുഞ്ഞിന് ആൻ്റിബോഡികൾ നൽകിക്കൊണ്ട് മുലപ്പാൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇത് വളരെ പ്രധാനമാണ്.
ഡയപ്പർ ഉപയോഗം
പൊതുവെ എല്ലാ അമ്മമാരും ഡയപ്പർ ഉപയോഗിക്കാറുണ്ട്. എന്നാൽ മഴക്കാലത്ത് രോഗണാക്കുൾ വളരെ വേഗത്തിലാണ് പടരുന്നത്. മഴക്കാലത്ത് കുഞ്ഞിനെ ഇറകിയ ഡയപ്പറുകൾ ധരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അമ്മമാർക്ക് എളുപ്പമുള്ള കാര്യമാണ് ഡയപ്പർ ഉപയോഗിക്കുന്നത്. എന്നാൽ വീട്ടിലായിരിക്കുന്ന സമയത്ത് പരമാവധി ഡയപ്പറുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. അമിതമായ ഈർപ്പം സ്വകാര്യ ഭാഗത്ത് നിലകൊള്ളുന്നത് പല പ്രശ്നങ്ങൾമുണ്ടാക്കാൻ കാരണമാകാറുണ്ട്. ഡയപ്പർ ധരിപ്പിച്ചാലും കൃത്യസമയത്ത് അത് മാറ്റാൻ ശ്രദ്ധിക്കുക. മാത്രമല്ല ഡയപ്പർ ഫ്രീ ടൈം കൊടുക്കാനും മറക്കരുത്.
കുളപ്പിക്കുമ്പോൾ ശ്രദ്ധിക്കുക
മഴക്കാലം കാലാവസ്ഥയെ ഈർപ്പമുള്ളതാക്കുന്നു. ഇത് ബാക്ടീരിയയുടെ വളർച്ച വർദ്ധിപ്പിക്കാൻ സാധ്യത കൂടുതലാണ്. ഇത് കുഞ്ഞുങ്ങളിൽ അണുബാധയുണ്ടാക്കാം. കുഞ്ഞിനെ ശരിയായി കുളിപ്പിക്കുകയും ചർമ്മം ഉടൻ ഉണക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കുന്ന ഇറുകിയ വസ്ത്രങ്ങൾ ധരിപ്പിക്കരുത്. അയഞ്ഞ വസ്ത്രം മതി. അതേ സമയം, കുഞ്ഞിൻ്റെ കഴുത്ത്, കൈകൾ, ഡയപ്പർ പ്രദേശം എന്നിവ ഫംഗസ് അണുബാധയുണ്ടോ എന്ന് കൃത്യമായ പരിശോധിക്കുക. കുളി കഴിഞ്ഞ ശേഷം ഈ ഭാഗങ്ങളിൽ വെള്ളം തങ്ങി നിൽക്കുന്നില്ലെന്നും ഉറപ്പ് വരുത്തണം.
വസ്ത്രം
കുഞ്ഞുങ്ങൾക്ക് സുഖപ്രദമായ വസ്ത്രങ്ങൾ എന്നാൽ ഇറുകിയതും കട്ടിയുള്ളതുമായ വസ്ത്രങ്ങൾ എന്നാണ് പല അമ്മമാരും കരുതുന്നത്. എന്നാൽ മഴക്കാലമായാലും കുഞ്ഞിന് സുഖപ്രദമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. ചർമ്മത്തിന് ശ്വസിക്കാൻ അനുവദിക്കുന്ന വസ്ത്രം വേണം ധരിപ്പിക്കാൻ. പരുത്തി വസ്ത്രങ്ങൾ ശ്വസിക്കാൻ കഴിയുന്നതാണ്. ഇത്തരം വസ്ത്രങ്ങൾ കുട്ടിയിൽ ശ്വസനത്തിനും ശ്വാസംമുട്ടലിനും കാരണമാകില്ല. നല്ല തണുപ്പുള്ളപ്പോൾ ഇളം കമ്പിളി വസ്ത്രങ്ങൾ ധരിപ്പിക്കുന്നതും നല്ലതാണ്.
കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കുക
കുഞ്ഞുങ്ങളെ കൊതുക് കടിക്കുന്നതിൽ നിന്ന് സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്ത് നെറ്റിനുള്ളിൽ കുഞ്ഞുങ്ങളെ ഉറക്കാൻ ശ്രമിക്കുക. കൊതുകിനെ അകറ്റാൻ വീട്ടിലും വാതിലിലും ജനലിലും കൊതുകുവല സ്ഥാപിക്കാം. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞിനെ കൊതുകുവലയിൽ കിടത്താം. കുഞ്ഞിന് അലർജി ഉണ്ടാക്കാത്ത രീതിയിൽ സുരക്ഷിതമായ രീതിയിൽ കൊതുകുനിവാരണം ഉപയോഗിക്കാം. കുട്ടികളിൽ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കരുത്.