രക്തപ്രവാഹം തടസ്സപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്കാഘാതം അഥവാ സ്‌ട്രോക്ക്. സെറിബ്രൽ രക്തക്കുഴലിൽ ഉണ്ടാകുന്ന ത്രോമ്പോസിസ്, എംബോളിസം, രക്തക്കുഴലുകളുടെ തകർച്ച, സബ്‌അരക്കനോയിഡ് ഹെമിറേജ്, സെറിബെല്ലത്തിലെ രക്തക്കുഴലുകളുടെ തകർച്ച, സെറിബെല്ലത്തിലേക്കുള്ള രക്തകുറവ് എന്നിവയാണ് കാരണങ്ങൾ. പ്രധാനകാരണം രക്തം കട്ടപിടിക്കുന്നതാണ്. ഉടൻ ചികിത്സ തേടുകയെന്നത് പ്രധാനം.
പ്രതിരോധം ;ലക്ഷണങ്ങൾ അറിയുന്നത് സ്ട്രോക്ക് പ്രതിരോധത്തിന്റെ ആദ്യപടിയാണ്. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, അനിയന്ത്രിതമായ പ്രമേഹം, അമിത മദ്യപാനം, ശാരീരിക നിഷ്ക്രിയത്വം, പുകവലി, കൊറോണറി രക്തകുഴൽ രോഗം, ഒബ്സ്ട്രറ്റീവ് സ്ലീപ് അപ്നീയ, അട്രിയൽ ഫിബ്രിലേഷൻ എന്നിവ ഇതിലേക്ക് നയിക്കാം. ഇന്ത്യയിലെ 79% പേരിലും ഏതെങ്കിലും ഒരു തരത്തിൽപ്പെട്ട കൊളസ്ട്രോൾ രോഗമുണ്ട്.
കുറയുന്ന എച്ച്‌ഡിഎൽ, കൂടുന്ന എൽഡിഎൽ മാത്രമല്ല, കൂടുന്ന ട്രൈഗ്ലിസറൈഡ് ഒരു പ്രധാന കാരണമാണ്. പ്രതിരോധത്തിന് പഴങ്ങളും പച്ചക്കറികളും കൂടുതലായുള്ള ഭക്ഷണക്രമം, നിത്യേനയുള്ള വ്യായാമം എന്നിവ പ്രധാനം. ഇന്ത്യയിൽ 12% പേരിൽ സ്ട്രോക്ക് ഉണ്ടാകുന്നത് 40 വയസ്സിന് മുമ്പാണ്. 65 വയസ്സിനുശേഷമാണ് മൂന്നിൽ രണ്ടുപേർക്കും സ്ട്രോക്ക് ഉണ്ടാകുന്നുവെന്നാണ് കണക്ക്. പ്രായം കൂടുന്നതിനനുസരിച്ചും പുരുഷന്മാർക്കിടയിൽ സ്ട്രോക്ക് സാധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ ;കൈയിലോ, കാലിലോ ബലം നഷ്ടപ്പെടുക, ഒരു കണ്ണിന്റെ കാഴ്‌ച മങ്ങുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, മുഖം കോടിപോകൽ, നിൽക്കുമ്പോൾ ബാലൻസ് തെറ്റുന്ന അവസ്ഥ, തലകറക്കം, ബലക്ഷയം, ശബ്ദമിടറൽ, നടക്കാനുള്ള പ്രയാസം തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. ബോധം പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാം.
മസ്തിഷ്കാഘാതം സംഭവിക്കുമ്പോൾ മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരികയും തുടർന്ന് നശിച്ചുപോകാൻ സാധ്യതയുള്ളതിനാൽ പെട്ടെന്നുള്ള ചികിത്സ അനിവാര്യമാണ്. ചികിത്സക്കുവേണ്ട എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയിലേക്ക് രോഗിയെ എത്രയും വേഗം എത്തിക്കണം. ലക്ഷണം തുടങ്ങി നാലര മണിക്കൂറിനകം രക്തക്കട്ട അലിയിക്കുന്നതിനുള്ള മരുന്നുകൾ നൽകുക വഴി രോഗം ഭേദമാക്കാൻ ഒരു പരിധിവരെ കഴിയുമെങ്കിലും ഫിസിയോ തെറാപ്പിയും തുടർ ചികിത്സയും വേണ്ടിവരും.