കളമശേരിയില്‍ ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തില്‍ ഒരാള്‍ തൂങ്ങിമരിച്ചു. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പില്‍ നിഖില്‍ പോള്‍ ആണ് മരിച്ചത്. രാവിലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മര്‍ദനമേറ്റ് ആലുവ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് ശിശുക്ഷേമ സമിതി ഇന്ന് മൊഴിയെടുക്കാന്‍ ഇരിക്കെയാണ് പ്രതികളില്‍ ഒരാളുടെ ആത്മഹത്യ. മര്‍ദനത്തിന്റെ
വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് മരിച്ച നിഖില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. കേസില്‍ ആകെയുള്ള ഏഴ് പ്രതികളില്‍ ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു. സംഘത്തിലെ മുതിര്‍ന്ന അംഗമായ അഖില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.