in

ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച ലഹരിമാഫിയ സംഘം, മാരകമയക്കുമരുന്നുമായി ടെക്കി പിടിയില്‍

Share this story

ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച ലഹരിമാഫിയ സംഘം പിടിമുറുക്കുന്നതായുള്ള പോലീസിന്റെ അന്വേക്ഷണത്തില്‍ മാരകമയക്കുമരുന്നുമായി ടെക്കി പിടിയിലായി. മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി പേരൂര്‍ക്കട ഊളമ്പാറ അഭയ നഗറില്‍ കുരിശ് അബി എന്ന് വിളിക്കുന്ന അഭിമന്യു (31)നെയാണ് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) ടീമിന്റെ സഹായത്തോടെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണെന്ന് പോലീസ് പറഞ്ഞു.
ഇയാളില്‍ നിന്നും വില്‍പ്പനയ്ക്കായി പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും പിടിച്ചെടുത്തു. വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാലും കൂടുതല്‍ ലഹരി ലഭിക്കുന്ന വില കൂടിയ മയക്കുമരുന്നാണ് എം.ഡി.എം.എ. ഐ.ടി മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും വ്യാപകമായി നടക്കുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയലിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം നിരന്തരമായി നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യത്ത് നിന്നും ഇയാളെ പിടികൂടിയത്.
ഐ.റ്റി മേഖലയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് അഭിമന്യു. ഇയാളെ ചോദ്യം ചെയ്തതില്‍ നഗരത്തിലെ സിന്തറ്റിക് ഡ്രഗ് വില്‍പ്പന സംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചതായും അവരെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമായി തുടരുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ.ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു. ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്, എസ്.ഐ വിപിന്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ ഗോപകുമാര്‍, എസ്.സി.പി.ഒമാരായ വിനോദ്, ഷിബു, സി.പി.ഒമാരായ അരുണ്‍, രഞ്ജിത്, ഷിബു, നാജി ബഷീര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കാരറ്റ് നിസാരക്കാരനല്ല

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഇന്ന് 6293 പേര്‍ക്ക് കോവിഡ്