in , , , , , ,

വേനല്‍ക്കാലത്തെ ചര്‍മ്മ രോഗങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാം

Share this story

വേനല്‍ക്കാലം അസഹ്യമായ ചൂടിനോടൊപ്പം തന്നെ പലതരം അസുഖങ്ങളുടേയും കാലമാണ്. അതൊകൊണ്ട് തന്നെ വേനല്‍ക്കാല രോഗങ്ങളെ കരുതലോടെ നേരിടണം. ഡോകടറുടെ സഹായം തേടണം. വേനല്‍ക്കാലത്ത് നമ്മെ അലട്ടുന്ന പ്രധാന രോഗങ്ങളില്‍ ഒന്നാണ് ചൂടുകുരു.
ചര്‍മ്മത്തിലെ വിയര്‍പ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസ്സം കാരണമാണ് ചൂടുകുരു ഉണ്ടാകുന്നത്. ഈ തടസ്സം മൂലം വിയര്‍പ്പുഗ്രന്ധിക്കുഴലുകള്‍ പൊട്ടി വിയര്‍പ്പ് ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങി കുരുക്കളുണ്ടാക്കുന്നു. ഇങ്ങനെ തടസ്സം ഉണ്ടാകാന്‍ കാരണം താഴെ പറയുന്ന വിയര്‍പ്പ് തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളാണ്.
അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും കൂടുതലുള്ള കാലാവസ്ഥ, ഇറുകിയ വസ്ത്രങ്ങള്‍, പ്രത്യേകിച്ച് പോളിയേസ്റ്റര്‍ വസ്ത്രങ്ങള്‍, കിടപ്പു രോഗികള്‍, കുഞ്ഞുങ്ങള്‍ – ഇവരില്‍ വിയര്‍പ്പു ഗ്രന്ധികുഴലുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ചൂടുകുരു വരാന്‍ സാധ്യത കൂടുതലാണ്. വിയര്‍പ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസ്സം ചര്‍മ്മത്തിലെ പല തലങ്ങളില്‍ സംഭവിക്കാം

ഏറ്റവും ഉപരിതലത്തില്‍ തടസ്സം നേരിട്ടാല്‍ മുത്തു (crystal) പോലെ ചെറിയ കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു (Miliaria crystallina). സാധാരണ കിടപ്പുരോഗികളില്‍ മുതുകിലും മറ്റും ആയാണ് ഇത് കാണപ്പെടുന്നത്. ചൊറിച്ചില്‍ ഉണ്ടാകാറില്ല.കുറച്ചു കൂടി ആഴത്തില്‍ തടസ്സം നേരിടുമ്പോഴാണ് സാധാരണയായി കണ്ടു വരുന്ന ചുവന്ന കുരുക്കള്‍ ഉണ്ടാകുന്നത് (Miliaria rubra). മടക്കുകളിലും വസ്ത്രങ്ങള്‍ ഉരസുന്ന ഇടങ്ങളിലും സാധാരണയായി കണ്ടു വരുന്ന ഇത്തരം ചൂടുകുരുവില്‍ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. മുള്ള്/സൂചി കൊണ്ട് കുത്തുന്നത് പോലെയുള്ള തോന്നലില്‍ നിന്നാണ് പ്രിക്ക്‌ലി ഹീറ്റ് (Prickly heat) എന്ന പേര് വന്നത്.

ഇനിയും ആഴത്തില്‍ തടസ്സം സംഭവിച്ചാല്‍ കൂടുതല്‍ തടിപ്പുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു (Miliaria profunda).ചുരുക്കം ചില സാഹചര്യങ്ങളില്‍ ചൂടുകുരുവില്‍ അണുബാധയുണ്ടായി പഴുപ്പും വേദനയും അനുഭവപ്പെടാമെങ്കിലും, സാധാരണ ചെറിയ മൊരിച്ചിലോടു കൂടി കുരുക്കള്‍ ചികിത്സ കൂടാതെ തന്നെ ഭേദമാകുകയാണ് പതിവ്.

മറ്റു വേനല്‍ക്കാല ചര്‍മ്മരോഗങ്ങള്‍

സൂര്യതാപം (sun burn)

വെയിലേറ്റ ഭാഗങ്ങളില്‍ നീറ്റലും പുകച്ചിലും, ഒപ്പം പൊള്ളിയ പോലെയുള്ള പാടുകളും കാണാം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ പാടുകള്‍ പൊളിഞ്ഞിളകി പോയി ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും.

സൂര്യപ്രകാശത്തോടുള്ള അലര്‍ജി


ചൂടുകാലത്തു ഉണ്ടാകുന്ന മറ്റൊരു ചര്‍മ്മ പ്രശ്‌നമാണ് സൂര്യപ്രകാശത്തോടുള്ള അലര്‍ജി അഥവാ ഫോട്ടോഡെര്‍മടൈറ്റിസ് (Photodermatitis). സൂര്യപ്രകാശം ഏല്‍കുന്ന ശരീരഭാഗങ്ങളില്‍ (മുഖം, കഴുത്ത്, കൈകളുടെ പുറം ഭാഗം) ചുവപ്പ്, മൊരിച്ചിലോടു (scaling) കൂടിയ പാടുകള്‍, ചൊറിച്ചില്‍ , എന്നീ ലക്ഷണങ്ങള്‍ കാണുന്നു.
കാണപ്പെടുന്നു.വെയില്‍ കൂടുതല്‍ ഉള്ള രാവിലെ 11മണി മുതല്‍ വൈകുന്നേരം 3 മണി വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും, വസ്ത്രങ്ങള്‍, കുട, തൊപ്പി മുതലായവ ഉപയോഗിച്ച് ചര്‍മ്മത്തില്‍ പരമാവധി വെയിലേല്‍ക്കാതെ സൂക്ഷിക്കുകയും, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയും ചെയ്യുന്നത് വഴി മേല്‍പ്പറഞ്ഞ രണ്ടു അവസ്ഥകളെയും ഒരു പരിധി വരെ തടയാം.

ചൂടുകുരുവിനെ എങ്ങനെ നേരിടാം?

അമിത വിയര്‍പ്പും വിയര്‍പ്പ് തങ്ങി നില്‍ക്കാന്‍ സാധ്യതയും ഒഴിവാക്കുക എന്നതാണ് പ്രധാനം. അയ്യഞ്ഞ നേര്‍ത്ത പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ഏസി, ഫാന്‍ തുടങ്ങിയവ ഉപയോഗിച്ച് അന്തരീക്ഷോഷ്മാവ് ക്രമീകരിക്കുക, ഇടയ്ക്കിടെ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക,ലേപനങ്ങള്‍, എണ്ണകള്‍, പൗഡറുകള്‍ എന്നിവ വിയര്‍പ്പ് ഗ്രന്ധികുഴലുകളില്‍ കൂടുതല്‍ തടസ്സം സൃഷ്ടിക്കും എന്നതിനാല്‍ കഴിവതും ഇവ ഒഴിവാക്കുക. അലര്‍ജി ഉണ്ടാക്കാനിടയുള്ള പദാര്‍ത്ഥങ്ങള്‍ പുരട്ടുകയോ, സോപ്പ് അമിതമായി ഉപയോഗിക്കുകയോ അരുത്.
വിറ്റാമിന്‍ സി ചൂടുകുരുവിനെ പ്രതിരോധിക്കും എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. മേല്പറഞ്ഞ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ച ശേഷവും ചൂടുകുരു മാറുന്നില്ലെങ്കിലോ; വേദന, പഴുപ്പ് തുടങ്ങി അണുബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കിലോ ഒരു ത്വക് രോഗ വിദഗ്ധനെ സമീപിക്കുക.

എഴുതിയത്. ഡോ. അശ്വിനി. ആര്‍
ഇന്‍ഫോ ക്ലിനിക്

പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം കുടിക്കു വണ്ണനും വയറും കുറയ്ക്കാം

125-ാം വയസിലും ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ രഹസ്യം യോഗയും പ്രാണായാമവും പത്മശ്രീ ജേതാവ് സ്വാമി ശിവാനന്ദയെ അറിയാം