കേരളത്തില്‍ വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോള്‍ 12 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ഒന്നരമാസത്തിനു ശേഷമാണ് ടിപിആര്‍ 12 നു മുകളിലെത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 10.5 ആണ്. ദേശീയ ശരാശരി രണ്ടില്‍ താഴെ മാത്രം. മറ്റു ദക്ഷിണേന്തേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ പത്തിരട്ടിയാണ് കേരളത്തിലെ കണക്കുകള്‍.
മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിടിച്ചു നിര്‍ത്താനായി എന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ മറ്റ് രോഗങ്ങളുണ്ടായിരുന്ന കോവിഡ് ബാധിതരുടെ മരണം കണക്കില്‍ പെടുത്താത്തതാണ് മരണനിരക്ക് കുറഞ്ഞിരിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. രോഗവ്യാപനം രൂക്ഷമാകുമ്പോഴും സര്‍വ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞ അവസ്ഥ .
72,891 പേര്‍ ചികിത്സയിലുണ്ട്. ഒന്നര മാസത്തിലേറെയായി ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും, കോവിഡ് ബാധിതരായി ചികില്‍സയിലുള്ളവരുടെ എണ്ണവും രാജ്യത്ത് കേരളത്തിലാണ് കൂടുതല്‍. എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം പല ദിവസങ്ങളിലും ആയിരം കടന്നു. കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളിലും നിരക്കുയരുന്നു. മരണം 3607 ആയി.
എത്ര പേര്‍ക്ക് രോഗം വന്നു പോയി എന്നു കണ്ടെത്താനുള്ള സിറോ സര്‍വേയും പ്രഖ്യാപനത്തിലൊതുങ്ങി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം കൃത്യമായി മനസിലാക്കിയാല്‍ പ്രതിരോധം ഫലപ്രദമാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.