- Advertisement -Newspaper WordPress Theme
Uncategorizedശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ജീവിതശൈലിയില്‍ വരുത്താം ഈ മാറ്റങ്ങള്‍

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ജീവിതശൈലിയില്‍ വരുത്താം ഈ മാറ്റങ്ങള്‍

കോവിഡ്- 19 ഉയര്‍ത്തിയ ഭീഷണി ഏതാണ്ട് അവസാനിച്ചെന്ന് പറയാമെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആ രോഗം ഉയര്‍ത്തിവിട്ട ആശങ്കകള്‍ക്ക് വിരാമമില്ല. ലക്ഷക്കണക്കിന് പേര്‍ ആസ്മ രോഗം മൂലം ബുദ്ധിമുട്ടുന്നുണ്ട്. കുട്ടികള്‍ക്കിടയിലെ പകരാത്ത രോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് ആസ്മ. 65 വയസ്സിന് മുകളിലുള്ളവരില്‍ മരണകാരണമായേക്കാവുന്ന രോഗങ്ങളില്‍ മുന്‍പന്തിയിലാണ് ന്യൂമോണിയ. ഇതിനെല്ലാം പുറമേ ദശലക്ഷക്കണക്കിന് പേര്‍ ക്ഷയരോഗത്തിന്റെയും പിടിയിലാണ്.
ഇത്തരത്തില്‍ ശ്വാസകോശത്തെ ബാധിക്കുന്ന നിരവധി രോഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇവയ്ക്കിടയില്‍ ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് ഹെല്‍ത്ത്‌സൈറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ കണ്‍സല്‍റ്റന്റ് ഡയറ്റീഷനും ഡയബറ്റീസ് എജ്യൂക്കേറ്ററുമായ കനിക്ക മല്‍ഹോത്ര.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുന്നത് ശരീരത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറയ്ക്കുകയും കാര്‍ബണ്‍ മോണോക്‌സൈഡ് തോത് പുകവലിക്കാത്തവരുടേതിന് തുല്യമാക്കുകയും ചെയ്യും. ഇതിനു പുറമേ രക്തചംക്രമണവും ശ്വാസകോശ ആരോഗ്യവും ഇത് വര്‍ധിപ്പിക്കും. ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും നേര്‍പകുതിയായി കുറയ്ക്കും.

പുകവലിക്കാരുടെ ഒപ്പവും നില്‍ക്കരുത്

പുകവലി പോലെതന്നെ അപകടകരമാണ് പുകവലിക്കുന്നവരുടെ സമീപം നില്‍ക്കുന്നതു മൂലമുണ്ടാകുന്ന പാസീവ് സ്‌മോക്കിങ്. പുകവലിക്കുന്നവര്‍ വലിച്ചു കയറ്റുന്ന അതേ വിഷാംശം നിറഞ്ഞ പദാര്‍ഥങ്ങള്‍ കൂടെ നില്‍ക്കുന്നവരുെട ഉള്ളിലുമെത്തും. ഇതിനാല്‍ പുകവലിക്കാരില്‍ നിന്ന് അകലം പാലിക്കേണ്ടതാണ്.

വായു മലിനീകരണമുണ്ടാക്കുന്ന മറ്റ് വസ്തുക്കളോടും അകലം

സിഗരറ്റ് പുകയ്ക്ക് പുറമേ വായുവിനെ മലിനപ്പെടുത്തുന്ന മറ്റു പല വസ്തുക്കളുമുണ്ട്. അലക്കുന്ന ഡിറ്റര്‍ജന്റില്‍ ഉപയോഗിക്കുന്ന സിന്തറ്റിക് പെര്‍ഫ്യൂമുകളും ചില എയര്‍ ഫ്രഷ്‌നറുകളും ഇത്തരത്തില്‍ ഹാനീകരമാകാം. ഇവയോടുള്ള സഹവാസവും പരിമിതപ്പെടുത്തണം.

വാക്‌സീന്‍ എടുക്കുക

വാക്‌സീനുകള്‍ ലക്ഷക്കണക്കിന് ജീവനുകളാണ് ഓരോ വര്‍ഷവും രക്ഷിച്ചെടുക്കുന്നത്. ന്യൂമോകോക്കല്‍ ന്യൂമോണിയ, കോവിഡ് 19, ഇന്‍ഫ്‌ലുവന്‍സ, വില്ലന്‍ ചുമ തുടങ്ങി പല ശ്വാസകോശരോഗങ്ങളെയും നിയന്ത്രിക്കാന്‍ വാക്‌സിനേഷന്‍ സഹായിക്കും. ഇവ ഉപയോഗപ്പെടുത്തേണ്ടതാണ്.

ശ്വസന വ്യായാമങ്ങള്‍

ശ്വസന വ്യായാമങ്ങള്‍ നിത്യവും ചെയ്യുന്നത് ശരീരത്തിലെ ഓരോ കോശത്തിലും ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വായു കടന്നു പോകുന്ന വഴികള്‍ തടസ്സങ്ങളില്ലാതിരിക്കാനും ഇത് സഹായകമാണ്.

സജീവമാകട്ടെ ജീവിതശൈലി

നിത്യവുമുള്ള വ്യായാമം ഫിറ്റ്‌നസ് മെച്ചപ്പെടുത്തുകയും ജീവിതത്തിന്റെ നിലവാരം വര്‍ധിപ്പിച്ച് മാറാരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യവും വ്യായാമം മെച്ചപ്പെടുത്തും. എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നതിന് മുന്‍പ് ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ ഉപദേശ നിര്‍ദേശങ്ങള്‍ തേടുന്നത് നന്നായിരിക്കും.

കഴിക്കുന്ന ഭക്ഷണവും പ്രധാനം

വൈറ്റമിന്‍ എ, ഡി, ഇ, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം ആസ്മ വരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണ പഠനങ്ങള്‍ പറയുന്നു. അതേസമയം കരോട്ടിനോയ്ഡുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമുള്ള ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴം, പച്ചക്കറി വര്‍ഗങ്ങള്‍ സിഒപിഡിയെയും ചെറുക്കും. പഴങ്ങളും, പച്ചക്കറികളും, മീനും ധാരാളം അടങ്ങിയതും ഉപ്പും ട്രാന്‍സ്ഫാറ്റും കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ശ്വാസകോശരോഗ സാധ്യത കുറയ്ക്കും. മഞ്ഞള്‍, ബീറ്റ്‌റൂട്ട്, ഇഞ്ചി, വെളുത്തുള്ളി, ഇരട്ടിമധുരം എന്നിവയെല്ലാം ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണവിഭവങ്ങളാണ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme