ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ 84 വയസുള്ള വൃദ്ധയ്ക്ക് രാജ്യത്ത് ആദ്യമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.
തിരുവനന്തപുരം: ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ 84 വയസുള്ള വൃദ്ധയ്ക്ക് രാജ്യത്ത് ആദ്യമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ത്യയില്‍ തന്നെ ഇതിനു മുമ്പ് ഈ രോഗത്തിനുള്ള ശസ്ത്രക്രിയ നടന്നത് 82 വയസുള്ള രോഗിക്കായിരുന്നു ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന ഡയഫ്രത്തിലെ ഹെര്‍ണിയ മൂലമുള്ള അസ്വസ്ഥതയാല്‍ രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ വൃദ്ധയെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
കടുത്ത ശ്വാസതടസവും ഛര്‍ദിയുമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. സിടി സ്‌കാന്‍ പരിശോധനയില്‍ വന്‍കുടല്‍, ഒമെറ്റം എന്നിവ നെഞ്ചിലേയ്ക്ക് കയറിയിരിക്കുന്ന നിലയിലാണെന്ന് കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് രോഗിയുടെ പ്രായം ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇടപെട്ട് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ഉപകരണങ്ങള്‍ താക്കോല്‍ ദ്വാര ശസ്ത്രകിയയ്ക്ക് ഏറെ സഹായകരമായി.
മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് അതിനു മുകളില്‍ ഒരു മെഷ് തുന്നിച്ചേര്‍ക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സര്‍ജറി വിഭാഗത്തിലെ ഡോ സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഡോ ജി ഉണ്ണികൃഷ്ണന്‍ , ഡോ സജിന്‍ , ഡോ കെവിന്‍, ഡോ അര്‍ച്ചന, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ മായ, ഡോ സുമ, ഡോ തുഷാര, ഡോ രഞ്ജന, നേഴ്‌സുമാരായ പ്രിന്‍സിത, ശില്പ എന്നിവര്‍ പങ്കാളികളായി. ഡോ ആര്‍ സി ശ്രീകുമാറിന്റെ യൂണിറ്റിലായിരുന്നു ശസ്ത്രക്രിയ. താക്കോല്‍ ദ്വാര ശസ്ത്രക്രിയയില്‍ നിരവധി റെക്കോര്‍ഡുകള്‍ മികവിന്റെ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പേരിലുണ്ട്.